Thursday, March 28, 2024
HomeLiteratureകുഞ്ഞൂട്ടൻ (കഥ).

കുഞ്ഞൂട്ടൻ (കഥ).

കാര്‍ത്തിക മോഹനന്‍. (Street Light fb group)
വര : കടപ്പാട് – ജെഫിൻ ജേക്കബ്.
നീലിയ്ക്കു നാലു വയസ്സുള്ളപ്പോഴാണ്  ആനപ്പാപ്പാനായ അച്ഛൻ പ്രഭാകരൻ താൻ ജോലിചെയ്തിരുന്ന മനയിൽ നിന്നും ഒരു കുട്ടിക്കൊമ്പനെ വീട്ടിലേയ്ക്കു കൊണ്ടുവന്നത്. ആദ്യമൊക്കെ അവന്റെയടുത്തേയ്ക്ക് ചെല്ലുവാൻ നീലിയ്ക്കു പേടിയായിരുന്നു. അവളുടെ ഭയം മാറ്റുവാനായി അച്ഛൻ പറഞ്ഞു, “ഇവൻ മോളേക്കാളും ചെറുതാ, കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ, ഇവിടെ മോൾക്ക് കൂടെക്കളിക്കാനാരുമില്ലല്ലോ, അതോണ്ട് അച്ഛൻതമ്പുരാൻ തന്നയച്ചതാ ഇവനെ, നീലിയ്ക്കൊരു കൂട്ടിന്, മോളെയൊന്നും ചെയ്യില്ലാട്ടോ, ഭയപ്പെടേണ്ട കാര്യമൊന്നുമില്ല”.. നീലി അത്ഭുതം നിഴലിച്ച മിഴികളോടെ കൊമ്പനെ നോക്കി, ശെരിയാണ്.. തന്നെക്കാളും കുറച്ചു പൊക്കക്കൂടുതലേയുള്ളൂ അവന്, കുഞ്ഞിക്കണ്ണുകളും കൊച്ചുമുറം കണക്കെയുള്ള ചെവികളും താളത്തിൽ ആടിയാടിക്കളിക്കുന്ന വാലും.. എല്ലാം അവൾക്ക് അമ്പേ ബോധിച്ചു. “ഇവന്റെ പേരെന്താണച്ചാ?” അവൾ പ്രഭാകരനോട് ചോദിച്ചു. “നീലിമോൾക്കിഷ്ടമുള്ള ഒരു പേരിട്ടോളൂ ഇവന്, അച്ഛനിത്രനാളും കുട്ടനെന്നാ വിളിച്ചിരുന്നെ”, അയാൾ അവളെയെടുത്ത് ഒക്കത്തിരുത്തി. “കുട്ടനോ, അതു നല്ല പേരാണല്ലോ” നീലി കിലുകിലെ ചിരിച്ചുകൊണ്ട് അച്ഛന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.”പക്ഷേ ഞാനിവനെ കുഞ്ഞൂട്ടൻന്നു വിളിച്ചോട്ടെ അച്ഛാ?”, നീലിയുടെ മുഖമാകെയൊരു സംശയം നിഴലിച്ചു. പ്രഭാകരന്റെ ചുണ്ടിൽ പൊടുന്നനെയൊരു ചിരിപൊട്ടി. “അതു കൊള്ളാല്ലോ, കുഞ്ഞൂട്ടൻ – വളരെ നല്ല പേര്, നമുക്കിവനെയങ്ങനെത്തന്നെ വിളിയ്ക്കാം”, ചിരി തെല്ലും മായാതെതന്നെ അവളുടെ കവിളിലൊന്നു മൃദുവായിത്തട്ടി അയാൾ കൊമ്പനെ നോക്കി, “കുഞ്ഞൂട്ടാ, പുതിയ പേരിഷ്ടായോ നിനക്ക്? നീലിമോളിട്ട പേരിഷ്ടായോ നിനക്ക്?..” അയാൾ കൈനീട്ടി അവന്റെ കറുകറുത്ത നെറ്റിയിൽ അരുമയായിത്തലോടി. കൊമ്പൻ തന്റെ കുഞ്ഞാനച്ചെവികൾ രണ്ടും ആട്ടിയാട്ടി പ്രഭാകരന്റെ ഒക്കത്തിരിക്കുന്ന നീലിയെ നോക്കി, തുമ്പിക്കൈയുയർത്തി അവളെ മെല്ലെത്തൊട്ടു. അവൾക്ക് ഇക്കിളിയായി, അച്ഛന്റെ ഒക്കത്തിരുന്ന് കുഞ്ഞുനീലി ഇളകിയിളകിച്ചിരിച്ചു. അവൾ കൗതുകത്തോടെ അവനെ നോക്കി, അവന്റെ നെറ്റിയിലൊന്നു തൊട്ടുനോക്കി, പിന്നെ കൈകൊണ്ട് അവന്റെ തുമ്പിക്കൈയിൽ തലോടി, അവന്റെ കണ്ണിലും ചെവിയിലും തൊട്ടു. ആദ്യ കൂടിക്കാഴ്ച്ചയിൽത്തന്നെ നീലിയ്ക്ക് കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടനു നീലിയെയും നന്നേ ഇഷ്ടമായി.
നീലിയുടെ ഓരോ ദിവസവും തുടങ്ങുന്നത് കുഞ്ഞൂട്ടനോടൊപ്പമാണ്. അവനു പഴവും നാളികേരവും അവൾ സമയം തെറ്റാതെ കൊടുത്തുപോന്നു. കൂട്ടുകാരുമായി കളിക്കാൻ പോകുന്ന നേരം പനയോലയുള്ള പറമ്പുകൾ കണ്ടെത്തി അവയേതെന്ന് ഓർത്തുവെച്ച് അവൾ പ്രഭാകരനോടു പറഞ്ഞു. അയാൾ വെട്ടിയെടുത്തുകൊണ്ടുവരുന്ന പനയോലകൾ അവൾ കുഞ്ഞൂട്ടനു മുന്നിലേയ്ക്ക് ഒന്നൊന്നായി നീക്കിവെച്ചുകൊടുത്തു. കുഞ്ഞൂട്ടനാവട്ടെ, നീലിയുടെ കൂടെ പാത്തുകളിച്ചും, അവൾക്ക് മാമ്പഴം പറിച്ചിട്ടുകൊടുത്തും കടവിൽ കുളിപ്പിക്കാൻ കൊണ്ടുപോവുമ്പോൾ അവളുടെമേലെ പൂഴി വാരിയെറിഞ്ഞും പിന്നെ തുമ്പിക്കൈയിൽ വെള്ളമെടുത്ത് ചീറ്റിയെറിഞ്ഞ് അവളെയാകെ നനച്ചും കുറുമ്പുകാട്ടി.
നീലി ആദ്യമായി സ്കൂളിൽ പോയ ദിവസം കുഞ്ഞൂട്ടൻ ഒന്നും ഭക്ഷിച്ചില്ല, പിണക്കം ഭാവിച്ച് തുമ്പിക്കൈ താഴ്ത്തി വേലികെട്ടിത്തിരിച്ച നടവഴിയിലേയ്ക്ക് നോക്കി നിന്നു. നീലിയ്ക്കും സങ്കടമായിരുന്നു, പുതുതായിക്കണ്ട കൂട്ടുകാരോടൊന്നും അവൾ മിണ്ടിയില്ല. എത്രയുംവേഗം വീട്ടിലേക്കോടിപ്പോയി കുഞ്ഞൂട്ടന്റെ കൂടെക്കളിക്കാനായി  നീലിമനസ്സു വെമ്പി. സ്കൂൾ വിട്ടപ്പാടെ പുസ്തകസഞ്ചിയും തൂക്കി പടവരമ്പത്തൂടെ നീലി ഓടി. വഴിയിൽ അവളുടെ പാദസ്വരത്തിന്റെ കിലുക്കം കേട്ടതും കുഞ്ഞൂട്ടൻ ഒരു പ്രത്യേക ശബ്ദത്തിലമറീ. അവൾ തോൾസഞ്ചി കോലായിലേയ്ക്ക് വലിച്ചെറിഞ്ഞ് ഓടിച്ചെന്ന് കുഞ്ഞൂട്ടന്റെ തുമ്പിക്കൈയ്യിൽ ചുറ്റിപ്പിടിച്ചൂ, ആർത്തുച്ചിരിച്ചുകൊണ്ട്  കുഞ്ഞൂട്ടനെ നോക്കി, അവന്റെ ഗോലിപോലുള്ള കണ്ണുകൾ രണ്ടും നിറഞ്ഞിരുന്നു, കുഞ്ഞുനീലിയ്ക്കും സങ്കടമായി. അവൻ അവൾക്കരികിൽ കാലുകൾ മടക്കിയിരുന്നൂ. നീലി ഒന്നും മിണ്ടാതെ അവന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി, അവനെ ചാരിയിരുന്നു.
ദിവസങ്ങൾ പോയകന്നൂ, നീലിയും ഒപ്പം കുഞ്ഞൂട്ടനും വളർന്നൂ, കാലം ചെല്ലുംതോറും രണ്ടുപേരും തമ്മിലുള്ള ആത്മബന്ധവും അധികമായ് വളർന്നു. കുഞ്ഞുനീലി വളർന്ന് ഇന്നൊരു പെൺകുട്ടിയായി, കുഞ്ഞൂട്ടനാവട്ടെ.. ലക്ഷണമൊത്ത ഒരു ഗജരാജനും. പത്താം തരത്തിൽ നല്ല മാർക്കോടെ പാസ്സായ നീലിയെ പ്രഭാകരൻ പട്ടണത്തിലുള്ള കലാലയത്തിൽ ചേർത്തു. കുഞ്ഞൂട്ടനെ വിട്ട് എവിടേയ്ക്കും പോകില്ലെന്ന നീലിയുടെ വാശി അച്ഛന്റെ കണ്ണുനീരിനു മുൻപിൽ മുട്ടുകുത്തി. കുഞ്ഞൂട്ടനോടു യാത്ര പറയുമ്പോൾ അവൾ വിങ്ങിപ്പൊട്ടി. നീലി അച്ഛന്റെ കൂടെ പടിയിറങ്ങിപ്പോവുന്നതും നോക്കി കുഞ്ഞൂട്ടനന്ന് അനക്കമില്ലാതെ നിന്നു.
ഓരോ മാസത്തിന്റെയും അവസാനയാഴ്ച നീലിയുടെ വരവും കാത്ത് പടിയ്ക്കലേയ്ക്കു നോക്കിനിൽക്കുന്ന കുഞ്ഞൂട്ടൻ നാട്ടുകാർക്കൊരു കൗതുകമായി. ഓരോരോ തവണയും അവളെക്കാണുമ്പോൾ കുഞ്ഞൂട്ടൻ അളവില്ലാത്ത സ്നേഹം പ്രകടിപ്പിക്കുന്നതുകണ്ട് അവർ അതിശയപ്പെട്ടു. നീലിയാവട്ടെ, കാണുമ്പോളെല്ലാം അവന്റെ ചുറ്റിലുമോടിനടന്നു, നീളംചെന്ന അവന്റെ കൊമ്പുകളിൽ തലോടി, എത്തിവലിഞ്ഞ് അവന്റെ കണ്ണുകളിൽ ചുംബിച്ചു.
കാലം വീണ്ടും മുന്നോട്ടോടി, അതിന്റെ പ്രഭാവം എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തി, പടിക്കലെ കൊന്നപൂവിട്ട ഒരു നാളിൽ പ്രഭാകരന്റെ വീട്ടുമുറ്റത്ത് വലിയ പന്തലുയർന്നു, വീടിനകത്തും പുറത്തുമെല്ലാം വലിയ തിരക്കാണ്, ഇന്ന് നീലിയുടെ കല്യാണമാണ്. ഈ തിരക്കും ബഹളവുമൊന്നും കുഞ്ഞൂട്ടനു തീരെയും പിടിച്ചമട്ടില്ല, അതുംപോരാതെ നീലി തന്നെക്കാണാൻ പുറത്തേയ്ക്കുവരാത്തതെന്തേയെന്നവൻ അതിശയിച്ചൂ, പ്രഭാകരനെയും കണ്ടില്ല. അരികെയുള്ള ജനാലയ്ക്കകത്തേയ്ക്കു നോക്കിയും ചിലനേരങ്ങളിൽ ഉച്ചത്തിൽ ചിന്നം വിളിച്ചും അവൻ അമർഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ആരോ കൊണ്ടുവന്നിട്ടുകൊടുത്ത പനമ്പട്ടകളെല്ലാം അവന്റെ ഈർഷ്യയ്ക്ക് പാത്രങ്ങളായി അവിടവിടെ ചിന്നിച്ചിതറിക്കിടന്നു. സമയം കടന്നുപോയി, പട്ടുചേലയും ആഭരണങ്ങളും അണിഞ്ഞു നീലി പുറത്തേയ്ക്കിറങ്ങി വന്നു, അവളെ നോക്കി അവൻ ഉച്ചത്തിലമറീ, അവളാവട്ടെ.. കുഞ്ഞൂട്ടനെ നോക്കി മൃദുവായി പുഞ്ചിരിച്ചു, പിൻതിരിഞ്ഞ് അച്ഛനെയൊന്നു നോക്കിയശേഷം ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് അവനരികിലേക്കു വന്നു, പതിവുപോലെ അവനെ ചുറ്റിപ്പിടിച്ച് കുറച്ചുനേരം നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നൂ, അവന്റേത് തുളുമ്പിയും.
പ്രഭാകരൻ നീലിയ്ക്കടുത്തേയ്ക്കു വന്ന് അവളെ ചേർത്തുപിടിച്ചു, എന്നിട്ട് പതിയെ പന്തലിലേക്കു നടത്തി. ചെറുക്കനും കൂട്ടരും പന്തലിൽ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. മുഹൂർത്തസമയമായി, പന്തലിൽ കൊട്ടും കുരവയും ഉയർന്നപ്പോൾ തന്നെത്തളച്ചിട്ട മരത്തിന്റെ ചുവട്ടിൽ നിന്നും കുഞ്ഞൂട്ടൻ ഉറക്കെ ചിന്നം വിളിച്ചു. നിറുകയിൽ സിന്ദൂരമണിഞ്ഞ നിമിഷം അവൾ കണ്ണടച്ചു കാതോർത്തത് കുഞ്ഞൂട്ടന്റെ ശബ്ദത്തിനു വേണ്ടിയായിരുന്നു, ഒരു വിളിപ്പാടകലെ നിന്ന് അവൻ തന്നെ അനുഗ്രഹിക്കുന്നതായി തോന്നി നീലിയ്ക്ക്. ഇടയ്ക്കെപ്പോഴോ  കൈയിലുള്ള തൂവാല കൊണ്ട് തന്റെ നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത്തൂ അവൾ. ചടങ്ങുകളവസാനിച്ചു, നീലിയെ യാത്രയയയ്ക്കുന്ന സമയമായി. പ്രഭാകരന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി നീലി കുഞ്ഞൂട്ടനു നേർക്ക് നടന്നൂ. അവൻ തുമ്പിക്കൈ നീട്ടി നീലിയുടെ നിറുകയിലൊന്നു തൊട്ടു, എന്നിട്ട് കുഞ്ഞുനാളിൽ അവളെ ചേർത്തുപിടിച്ചതുപോലെ തന്നോട് ചേർത്തുനിർത്തി. കുഞ്ഞൂട്ടന്റെ അമർഷമെല്ലാം പൊയ്പ്പോയിരുന്നു, അവന്റെ കണ്ണ് നിറഞ്ഞിരുന്നില്ല. കൂടപ്പിറപ്പിനെ പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചയയ്ക്കുന്ന ജ്യേഷ്ഠന്റെ ഭാവമായിരുന്നൂ ആ കണ്ണുകളിലും മുഖത്തും. കരഞ്ഞുതളർന്ന് യാത്ര പറഞ്ഞ് കാറിൽകയറിയകലുന്ന നീലിയെ കണ്ടുനിൽക്കാനാവാതെ അവൻ പുറം തിരിഞ്ഞു നിന്നൂ. ഇപ്പോൾ കുഞ്ഞൂട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ, അതിലൊരു തുള്ളി അവന്റെ തുമ്പിക്കൈയ്യിലൂടെ ഊർന്നിറങ്ങി മണ്ണിൽവീണലി.
RELATED ARTICLES

Most Popular

Recent Comments