Monday, June 24, 2024
HomePoemsപ്രണയം..... (കവിത)

പ്രണയം….. (കവിത)

പ്രണയം..... (കവിത)

അര്‍ച്ചാ ആരോമൽ. (Street Light fb group)
മാനംചുംബിച്ച ഭൂമിപ്പെണ്ണിന്നുടൽ
നാണമാർന്ന് ചുവന്നിരുന്നു…
ഇലച്ചാർത്തുകളിൽ സ്വേദകണങ്ങൾ
പവിഴമുത്തുപോൽ വിളങ്ങി…
കാറ്റിനോട്‌ കിന്നാരം പറഞ്ഞ്‌,
ഇളവെയിലിൽ മാരിവില്ലുതേടി
ഒരപ്പൂപ്പൻതാടി പോലലയവേ
തേടിവന്നൊരു കനവ്‌, നീ….
പുസ്തകത്താളുകളിൽ
മാനം കാണാതൊളിപ്പിച്ച
മയിൽപ്പീലിത്തണ്ടിന്റെ സ്നിഗ്‌ദ്ധത…
മഞ്ചാടിമണികളുടെ കിലുക്കം
ദാവണിക്കനവുകളിൽ
കൊലുസിന്റെ കൊഞ്ചൽ
കാത്തുനിൽപ്പിനൊടുവിൽ
പാറിവീണൊരു കൺമുന
തോർന്നിട്ടും, തോരാതെ പെയ്യുന്ന
വാകമരച്ചോട്ടിലൂടെ നീങ്ങവേ
പറയാതെ പറഞ്ഞ,
അറിയാതെയറിഞ്ഞ കിനാവുകൾ
സിന്ദൂരരേഖയിൽ നിറച്ചാർത്തായ്‌
നെഞ്ചോരമണയവേ
നിറവാർന്നകണ്ണുകളിൽ
തെളിവാർന്ന വിശ്വാസം…
പാതിജീവനൊരു
പൂവായ്‌ വിടരവേ
നെറുകയിലൊരു ചുംബനം
സ്നേഹസമ്മാനം
വ്യർത്ഥമായ വാക്കുകൾക്കപ്പുറം,
മൗനം, വാചാലമാകുന്ന ഇരവുകളൊന്നിൽ
മടിയിൽ തലചായ്ച്ചുറങ്ങവേ
മഴനൂലുകളായ്‌ പെയ്തിറങ്ങുന്നു നീ !!
RELATED ARTICLES

Most Popular

Recent Comments