നിറഭേദങ്ങള്‍ – (ചെറുകഥ) ശ്രീദേവി

0
1350
style="text-align: justify;">നിറഭേദങ്ങള്‍ – (ചെറുകഥ) ശ്രീദേവി
ആശുപത്രിയിലെ നീണ്ട ഇടനാഴിയിലെ കിഴക്കേ അറ്റത്തുള്ള ജനലിനരികില്‍ അങ്ങകലെ റെയില്‍വേ പാളത്തിലൂടെ കുതിച്ചു പോകുന്ന ട്രെയിന്‍ നോക്കി നില്ക്കുമ്പോഴാണ് നിര്‍മ്മലയുടെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. ‘മനു കോളിംഗ് ‘ എന്നു കണ്ടപ്പോള്‍ അവള്‍ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. ആ ഫോണ്‍ താഴേക്ക് വലിച്ചെറിഞ്ഞാലോ, അവള്‍ ചിന്തിച്ചു. മനസ്സിനെ കടിഞ്ഞാണിടാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ ആ കോളും നോക്കി നിന്നു. ഫോണ്‍ നിശബ്ദമായി വീണ്ടും റിംങ്ങ് ചെയ്യാന് തുടങ്ങിയിട്ടും അവള്‍ ആ നില്പ്പ് തന്നെ തുടര്‍ന്നു. എന്നിട്ട് സ്വയം പറഞ്ഞു എന്തിനാ ഫോണ് എടുക്കുന്നത് ആവശ്യ സമയത്ത് വിളിക്കാതെ ഇപ്പോള് വിളിക്കുന്നത് എന്തിനാ ? എന്നെ ആരും വിളിക്കേണ്ട. ആരും വേണ്ട. അവളുടെ മനസ്സ് മനസ്സിലായതോ എന്തോ, പിന്നെ കുറച്ച് നേരത്തേക്ക് ഫോണ് ശബ്ദിച്ചില്ല. പിന്നെ വീണ്ടും അത് ബെല്ലടിക്കാന്‍ തുടങ്ങി. ഇത്തവണ അവള്‍ സൈലന്റ് മോഡിലിട്ട് ക്രുരമായ സംതൃപ്തിയോടെ ഫോണിലേക്ക് നോക്കി നിന്നു.
അതേ സമയം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മനു അസ്വസ്ഥയോടെ വീണ്ടും വീണ്ടും നിര്‍മ്മലയെ വിളിച്ചിട്ട് കിട്ടാത്തതില്‍ അരിശം പൂണ്ടു ഫോണ്‍ ദേഷ്യത്തോടെ ടാക്സിക്കാറിന്റെ സീറ്റീലേക്കിട്ടു. നമ്മളവിടെ ചെല്ലാന്‍ ഇനി എത്രമണിക്കൂര്‍ എടുക്കും മനു വേവലാതിയോടെ ഡ്രൈവറോട് ചോദിച്ചു. ഒരു അരമുക്കാല്‍ മണിക്കൂറെങ്കിലും ആവും സാര്‍ ഡ്രൈവര്‍ പറഞ്ഞു. ശരി മാക്സിമം സ്പീഡില്‍ വിട്ടോ.. എത്രയും പെട്ടന്ന് ചെല്ലാന്‍ പറ്റിയാല്‍ അത്രയും നല്ലത്.. മനു സീറ്റിലേക്ക് ചാഞ്ഞു കിടന്നു കണ്ണകടച്ചു.. കാര്‍ ആ നീണ്ട പാതയിലുടെ കുതിക്കാന്‍ തുടങ്ങിയപ്പോള്‍ മനുവിന്റെ മനസ്സും അതിനൊപ്പം സഞ്ചരിച്ചു തുടങ്ങിയിരുന്നു.
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകലത്തേക്ക് പറന്നുപോകേണ്ട അവസ്ഥയായിരുന്നു മനുവിനും, നിര്‍മ്മലയ്ക്കും, മോനുണ്ടായിട്ട് ഇതുവരെ കാണാന്‍ പോലും അവനു സാധിച്ചിരുന്നില്ല. വിവാഹശേഷം 2മാസത്തെ സന്തോഷകരമായ ജീവിതത്തിന്റെ മനോഹരമായ ഓര്മ്മകള്‍ മാത്രമേ അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ളു. ജീവിതം നട്ടുപിടിപ്പികാനുള്ള പാച്ചിലിലായിരുന്നു അവന്‍ . മോനിപ്പോ 2 വയസ്സായി എന്നിട്ടും നാട്ടിലേക്ക് വരാനാവാത്ത വിധം ഈ മണലാരണ്യത്തില്‍ സ്വപ്നങ്ങളെല്ലാം വാരികൂട്ടി കഴിയുന്നതിന്റെ വേദന തനിക്ക് മാത്രമല്ല തന്നെപോലെ പലര്‍ക്കുമുണ്ടെന്ന സത്യത്തെ ഓര്‍മ്മിച്ചുകൊണ്ട് മനു വേദനയോടെ കണ്ണുകള്‍ ഇറുക്കിയടച്ചു. കമ്പനി മാനേജര്‍ക്ക് ലീവ് ആപ്ലിക്കേഷന്‍ കൊടുത്തു മടുത്തു. ആ ദയയില്ലാത്ത മനുഷ്യപിശാച് തന്റെ ലീവ് ആപ്ലിക്കേഷന്‍ നിഷ്ക്കരുണം ചവട്ടു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു .
മകന്‍ അസുഖം കൂടുതലാണെന്ന് വിളിച്ചു പറഞ്ഞ നിര്‍മ്മലയുടെ കരച്ചില്‍ ഇപ്പോഴും ഹൃദയത്തില്‍ അലയടിക്കുന്നതുപോലെ തോന്നിയപ്പോഴാണ് അവന് ഞെട്ടിയുണര്‍ന്നത്. നമ്മള് എവിടെ വരെയായി അവന് ഡ്രൈവറോടായി വീണ്ടും ചോദിച്ചു. ഏറ്റുമാനൂര്‍ കഴിഞ്ഞു സാര്‍, ഇനി അരമണിക്കൂര്‍ മാത്രം… അവന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
മനുവേട്ടാ വേഗം വരണേ എനിക്ക് വയ്യാ …… ഈ ടെന്ഷന്‍ താങ്ങാന്‍ ….. കുഞ്ഞൂട്ടന്റെ അവസ്ഥ പറയാന്‍ പറ്റില്ലന്നാ ഡോക്ടര് പറഞ്ഞത് . എനിക്ക് വയ്യാ ഞാന്‍ ചത്തുകളയും.. എനിക്കാരുല്ലാ അവള്‍ ഫോണിലൂടെ അലമുറയിടുമ്പോള്‍ മിണ്ടാനാവാത്ത വിധം മനുവിന്റെ ഹൃദയം നിലച്ചുപോകുന്ന പ്രതിതീയായിരുന്നു. മോനെന്താ സാര്‍ … അസുഖം ഡ്രൈവര്‍ പെട്ടന്ന് ചോദിച്ചു. അവനു ന്യുമോണിയ കൂടിയതാ. രണ്ട് വയസ്സേയുള്ളു .. ഒന്നും പറയാറായിട്ടില്ലന്നാ ഡോക്ടര്‍മാര്‍ പറയുന്നത്. ഞാന്‍ ആദ്യമായിട്ട് എന്‍റെ മോനെ കാണാന്‍ പോവ്വാ. അയാള്‍ വികാരാതീതനായി പറഞ്ഞു നിര്‍ത്തി. സാറു പേടിക്കാതെ എല്ലാം ശരിയാകും. നല്ലമനസ്സുള്ളവരെ ദൈവം രക്ഷിക്കും.. അതേ നല്ല മനസ്സുമായി ഇരുന്നാല്‍ മതി മനു ഓര്‍ത്തു. ലീവ് തരാത്തതിന്റെ പേരില് ഉള്ള ജോലി ആ മാനേജരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടാ ഈ വരവ്.. അപ്പോഴാ നല്ലവര്‍ക്ക് നല്ലതെ വരൂന്നുള്ള പ്രസംഗം.. മനു ഒന്നും മിണ്ടാതെ വീണ്ടും കണ്ണുകളടച്ചു. കാര്‍ മെഡിക്കല്‍ സെന്റര്‍ ലകഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് അവന് നിര്‍മ്മലയെ വിളിച്ചു കൊണ്ടിരുന്നതും അവള്‍ ഫോണെടുക്കാതെ പ്രതിഷേധം അറിയിച്ചതും.
മെഡിക്കല് ഐ.സി.യു വിന്റെ വരാന്തയിലെ കസേരയില്‍ വന്നിരിക്കുമ്പോള്‍ നിര്‍മ്മലയ്ക്ക് ശരീരം തളരുന്നതുപോലെ തോന്നി. ‘എന്റെ മോന്‍ ….” അവള്‍ പിറുപിറുത്തുകൊണ്ടി്രുന്നു. ഈശ്വരാ കാത്തോളനേ എന്റെ കുഞ്ഞിനേ.. അവള്‍ കണ്ണുനീരോടെ മുകമായി പ്രാര്ത്ഥിച്ചു. ഇതേ സമയം തന്നെ മനുവിനെ വഹിച്ചുകൊണ്ടു വന്ന കാറും ആശുപത്രിയില്‍ എത്തിച്ചേര്ന്നിരുന്നു. കാറില്‍ നിന്നിറങ്ങി ഐ.സിയുവിലേക്ക് ഓടിയെത്തിയ മനുവിന് കാണാന് കഴിഞ്ഞത് കരഞ്ഞു തളര്ന്നിരിക്കുന്ന തന്റെ പ്രിയപ്പെട്ടവളെയാണ്. അവന്‍ വിങ്ങലോടെ അവളുടെ അടുത്ത് ചെന്ന് വിളിച്ചു ‘നിമ്മു…’ നിര്മ്മല പെട്ടന്ന് പിടഞ്ഞെണീറ്റു നോക്കുമ്പോള് കണ്ടത് തന്‍റെ അടുത്തു നില്ക്കുന്ന തന്റെ പ്രിയപ്പെട്ടവനെയായിരുന്നു. അവള്‍ വേദനയോടെ ആയാളെ കെട്ടിപിടിച്ചു . അവള്‍ വല്ലാതെ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു . മനുവിനെ കണ്ടമാത്രയില്‍ അതുവരെ തോന്നിയ വെറുപ്പും ദേഷ്യവുമെല്ലാം അലിഞ്ഞെങ്ങോപോയി .” വിഷമിക്കാതെ എല്ലാം ശരിയാകും….. ഞാന് എല്ലാം നിര്ത്തി ..പൊന്നു മോളെ ഇനി നമ്മുടെ ലോകം ഇവിടാണ് . ഒന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് നമ്മുക്ക് ഇവിടെ ജീവിക്കാം.” ഇതേ സമയം ഐസിയുവിന്റെ വാതില് തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു പറഞ്ഞു. മിഥുന്‍ മോന്‍ ഉണര്‍ന്നു കേട്ടോ.. അമ്മയെ തിരക്കുന്നു. ആ നിമിഷം നിര്മ്മലയെന്ന ആ അമ്മ കൊച്ചുകുട്ടികളെപ്പോലെ മനുവിനെ കെട്ടിപിടിച്ചു കരഞ്ഞു.
എന്റെ ദൈവമേ നീ എന്റെ പ്രാര്ത്ഥന കേട്ടുവല്ലോ..
അപ്പോള് ഹോസ്പിറ്റലിനോടു ചേര്ന്നുള്ള ചാപ്പലില്‍ നിന്നും പ്രാര്ത്ഥനയ്ക്കുള്ള മണിനാദത്തിനൊപ്പം അങ്ങകലെയുള്ള പാളത്തിലൂടെ ഏതോ ഒരു ട്രെയിന്‍ കുതിച്ചുപാഞ്ഞു വരുന്നതിന്റെ ഹുങ്കാരവും കേട്ടു തുടങ്ങിയിരുന്നു.

Share This:

Comments

comments