പൂവിന്റെസുഗന്ധം (കവിത) ജ്യോതി രാജീവ്

0
1287
കനവുകള്‍ക്കു ജീവനുണ്ടെന്നും
അവ പുഞ്ചിരിക്കുമെന്നും
സ്വപ്നത്തില്‍ വന്നൊരു കുഞ്ഞു കനവ്‌
പണ്ട് പറയാതെ പറഞ്ഞിരുന്നു
പൊഴിഞ്ഞ പൂവിന്റെ
ഉള്ളിലെക്കനവ്‌
ചെടിയോടു ചോദിക്കു
ചെടിക്കുമാത്രം
ഇഴപിരിച്ച് എടുക്കാനാവുന്ന
ഒന്നാവുമത്
പൊഴിയാതെ നില്ക്കുന്ന
പൂവുകളുടെ കനവിനോട്
പൊഴിഞ്ഞ പൂവിന്റെ കനവ്‌
പലപ്പോഴും
കൂട്ടി മുട്ടാറുണ്ട്
അവർക്ക് മാത്രം അറിയുന്ന
രഹസ്യങ്ങൾ
പങ്കുവെക്കുമ്പോൾ
കാറ്റ് അതിൽക്കുറച്ച് മോഷ്ടിച്ച്
നാസികയെ മോഹിപ്പിക്കും
അതാണത്രേ പൂവിന്റെ
സുഗന്ധം

Share This:

Comments

comments