Wednesday, December 11, 2024
HomeLiteratureചുവര്‍ ഘടികാരം (കഥ) ജി.അശോക് കുമാര്‍ കര്‍ത്താ

ചുവര്‍ ഘടികാരം (കഥ) ജി.അശോക് കുമാര്‍ കര്‍ത്താ

പഴയ കെട്ടിടം വാടകയ്ക്കെടുത്താണ് കോള്‍ സെന്റര്‍ ആരംഭിച്ചത്. നഗരത്തിനു വളരെ അടുത്താണെങ്കിലും നഗരത്തിന്റെ ബഹളങ്ങള്‍ക്കു പുറത്ത്.
കമ്പനിക്ക് അയാളുടെ തെരഞ്ഞെടുപ്പ് വളരെ ഇഷ്ടമായി. അവര്‍ ആഗ്രഹിച്ചിരുന്നതുപോലെ ഒരു ഹെറിറ്റേജ് ബില്‍ഡിംഗ് തന്നെയായിരുന്നു അത്. ഇക്കാലത്ത് അത്തരമൊരു കെട്ടിടം കിട്ടുക പ്രയാസമാണ്.
പഴയ മാളിക വാടകയ്ക്കെടുക്കുമ്പോള്‍ അതിന്റെ ചുവരില്‍ വലിയൊരു ഘടികാരം തൂങ്ങിക്കിടന്നിരുന്നു. തടികൊണ്ടുള്ള ചട്ടക്കൂട്. മുകളില്‍ വൃത്താകൃതിയിലുള്ള ഡയല്‍ . താഴെ ഊഞ്ഞാലാടുന്ന പെന്‍ഡുലം. ഡയലും പെന്‍ഡുലവും കാണാവുന്ന ചില്ലു കള്ളികള്‍ . താഴത്തെ ചതുരത്തിലെ ചില്ലില്‍ രണ്ടു കിളികളുടെ രൂപം കൊത്തിവെച്ചിരുന്നു. ഒന്നിന്റെ ചുണ്ടില്‍ നിന്നും മറ്റേതിന്റെ ചുണ്ടിലേക്ക് ആടിച്ചെല്ലുന്ന പെന്‍ഡുലം. അതു കാണാന്‍ നല്ല തമാശ. ഓരോ അരമണിക്കൂറിലും സമയം അറിയിച്ചുകൊണ്ട് മുഴങ്ങുന്ന ഇമ്പമുള്ള മണി.
അവശേഷിക്കുന്ന സാധനങ്ങള്‍ എടുത്തുമാറ്റാന്‍ വീട്ടുടമസ്ഥന്‍ വന്നപ്പോള്‍ അയാള്‍ ആ ക്ലോക്ക് കാണിച്ചുകൊടുത്തു.
– ഓ, അതവിടിരുന്നോട്ടെ.
ഉടമസ്ഥന്‍ താത്പര്യമില്ലാതെ പറഞ്ഞു.
– വളരെ പഴക്കം ചെന്ന ക്ലോക്കാണെന്നു തോന്നുന്നു.
-അതെയതേ, മുത്തച്ഛന്റെ കാലത്തേ ഉള്ളതാ. ഇപ്പോ ഇതൊക്കെ ആരാ സൂക്ഷിച്ചു വയ്ക്കുന്നത്? ആഴ്ചേലാഴ്ചേല്‍ ചാവി കൊടുക്കണം. നാലഞ്ചു കൊല്ലം കൂടുമ്പോള്‍ ഒരു സര്‍വീസിംഗ്. ആരെക്കൊണ്ടാവും ഇതൊക്കെ.
– ശരിയാണ്.
അവശേഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതുമ്പോള്‍ ക്ലോക്ക് ഉള്‍പ്പെടുത്താതിരിക്കുവാന്‍ വീട്ടുടമ പ്രത്യേകം ശ്രദ്ധിച്ചു.
-ഓ, ക്ലോക്കൊന്നുമെഴുതണ്ട. വിലയുള്ള സാധനങ്ങള്‍ ചേര്‍ത്താല്‍ മതി.
ഉടമ പറഞ്ഞു.
കോള്‍ സെന്റര്‍ തുടങ്ങി ആദ്യ നാളുകളില്‍ ആ ക്ലോക്ക് അയാള്‍ക്കൊരു കൗതുകമായിരുന്നു. കോറിഡോറിലൂടെ നടന്നു ചെല്ലുമ്പോള്‍ ഗാംഭീര്യത്തോടെ അത് ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നതു കാണാം. അതിലൊന്നു നോക്കിയേ അയാള്‍ കടന്നുപോയിരുന്നുള്ളു. അതിന്റെ പരിചരണത്തിലും അയാള്‍ ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്ത് ചാവി കൊടുക്കുന്നുണ്ടോ, മറ്റു ക്ലോക്കുകളുമായി സമയവ്യത്യാസം കാണിക്കുന്നുണ്ടോ, തണുപ്പുകാലത്തും ചൂടുകാലത്തും പെന്‍ഡുലത്തിന്റെ നീളം കൂട്ടിയും കുറച്ചും വച്ചോ എന്നൊക്കെ. എന്നാല്‍ തിരക്കുകള്‍ വര്‍ദ്ധിച്ചപ്പോള്‍ അതെല്ലാം അയാള്‍ക്ക് മറക്കേണ്ടി വന്നു.
പിന്നീട് വളരെക്കാലത്തിനു ശേഷമാണ് അയാള്‍ ക്ലോക്കിനെക്കുറിച്ചു ഓര്‍ക്കുന്നത്.
കോള്‍ സെന്റര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച സ്ഥാപനമായി. വലിയ വലിയ ഇടപാടുകാര്‍ . കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന യുവതീയുവാക്കള്‍ . അയാളുടെ ചുമതലകള്‍ വര്‍ദ്ധിച്ചു.
മുംബൈയിലെ എക്സിക്യൂട്ടീവ് ഡിറക്ടര്‍മാരുടെ മീറ്റിംഗില്‍ പങ്കെടുത്ത് തിരികെ വന്നപ്പോള്‍ അയാളുടെ മുഖം മങ്ങിയിരുന്നു. നെഞ്ചില്‍ ‘ടിക് ടിക്’ എന്നൊരു ശബ്ദം കേള്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്ന് ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ഘടികാരത്തെക്കുറിച്ച് ഓര്‍മ്മ വന്നു. എന്തോ നന്ദികേടു കാണിച്ചതുപോലെ ഒരു കുറ്റബോധം.
കോള്‍ സെന്ററില്‍ കഴിഞ്ഞുപോയ കാലം അപ്പോഴയാള്‍ ഓര്‍മ്മിച്ചു. ഓര്‍മ്മകള്‍ക്കൊപ്പം ആ ചുവര്‍ഘടികാരം ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അയാള്‍ക്കു ചുറ്റും ഉരുമ്മി നടന്നു.
സന്ധ്യാനേരത്ത് ഉറക്കമുണര്‍ന്ന് ആരംഭിക്കുന്ന ഐ.ടി ജീവിതം. രാത്രികള്‍ പകലുകളാകുന്നു. വൈകിട്ട് ഏഴുമണിക്ക് പ്രാതല്‍ . അണിഞ്ഞൊരുങ്ങി എട്ടുമണിക്കുള്ള ഷിഫ്ടില്‍ പ്രവേശനം. ഒന്‍പതിന് വീഡിയോ കോണ്‍ഫറന്‍സ്. മറ്റേ അര്‍ദ്ധഗോളത്തില്‍ നിന്ന് ഒഴുകിവരുന്ന വീചികള്‍ ഒന്നുചേരുമ്പോള്‍ തെളിയുന്ന മുഖങ്ങള്‍ . മിക്കവാറും ഒരതികായനെയാണ് അയാള്‍ കാണുക. അല്ലെങ്കില്‍ പൗരുഷത്തോടെ കടിച്ചുകീറാന്‍ നില്‍ക്കുന്ന ഒരു സ്ത്രീരൂപം. രണ്ടിനും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നു. ഇരുവര്‍ക്കും ഒരേ ഭാവമാണുള്ളത്. പണം കൊടുത്ത് കപ്പലിലിറക്കിയ അടിമയോടുള്ള പുച്ഛം! അവര്‍ പ്രഭാതത്തിന്റെ ഉന്മേഷവുമായിരിക്കുമ്പോള്‍ അയാള്‍ മുഖത്ത് പ്രസന്നത നടിച്ചു. പക്ഷേ കോശങ്ങള്‍ അയാളോട് കലഹിച്ചു.
– ഉറങ്ങാറായില്ലേ ഇഷ്ടാ? രാത്രി ഒരുപാടായി.
അയാള്‍ അതവഗണിച്ചു.
പാടില്ല. ഉറക്കത്തെ പച്ചവെള്ളത്തില്‍ മുക്കിക്കൊല്ലണം. ധാരാളം പണമുണ്ടാകുന്നുണ്ടല്ലോ.
സൂര്യനുദിക്കുമ്പോള്‍ തളര്‍ന്നുറക്കം.
കാലമങ്ങനെ ക്ലോക്കിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. അയാള്‍ മറന്നെങ്കിലും സമയത്തെ മുന്നോട്ടൊഴുക്കാന്‍ അതു മറന്നില്ല. ഒരിക്കല്‍ക്കൂടി ആ ക്ലോക്ക് കാണുവാന്‍ അയാള്‍ ആഗ്രഹിച്ചു.
മുറിയില്‍ നിന്ന് പുറത്തിറങ്ങി അയാള്‍ പിന്നിലേക്ക് നടന്നു. കോറിഡോറിന്റെ മറ്റേയറ്റത്തുചെന്ന് അയാള്‍ കൗതുകത്തോടെ തിരിഞ്ഞുനോക്കി. സംഖ്യകളിലൂടെ തെന്നിയൊഴുകുന്ന സൂചികള്‍ . കിളികളുടെ ചുണ്ടില്‍ നിന്നും ചുണ്ടിലേക്കോടുന്ന പെന്‍ഡുലം.
അയാള്‍ സൂക്ഷിച്ചു നോക്കി.
ഇല്ല.
അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് നിശ്ചലത മാത്രം.
ഘടികാരം ഭിത്തിയില്‍ ചത്തു തൂങ്ങിക്കിടക്കുന്നു.
അയാളുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. വേഗത്തില്‍ അയാള്‍ തിരിച്ചു നടന്നു. അടുത്തെത്തി അയാള്‍ സൂക്ഷിച്ചു നോക്കി. സത്യമാണ് ഘടികാരം നിലച്ചുപോയിരിക്കുന്നു.
പിറ്റേദിവസം അയാള്‍ അത് ഭിത്തിയില്‍ നിന്ന് ഊരിയെടുത്ത് കാറില്‍ വച്ചു. നഗരത്തിലൂടെ പലതവണ ചുറ്റി സഞ്ചരിക്കേണ്ടി വന്നു, ക്ലോക്കുകള്‍ റിപ്പയര്‍ ചെയ്യുന്ന ഒരാളെ കണ്ടെത്തുവാന്‍.
തൊണ്ണൂറിനോടടുത്ത ഒരു വൃദ്ധനായിരുന്നു മെക്കാനിക്ക്. പേനകള്‍, തയ്യല്‍ മെഷീനുകള്‍, ക്യാമറകള്‍ എന്നിവയൊക്കെ അയാള്‍ സര്‍വീസ് ചെയ്യും.
കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ക്ലോക്ക് പുറത്തെടുക്കുമ്പോള്‍ വൃദ്ധന്‍ അലസമായി അതിനെ ഒന്നു നോക്കി. പെട്ടെന്ന് അയാളുടെ കണ്ണുകള്‍ തിളങ്ങി.
– ഓ, ചീങ്കണ്ണിയാണല്ലേ?
മെക്കാനിക്ക് പറഞ്ഞത് അയാള്‍ക്ക് മനസ്സിലായില്ല.
ടേബിളില്‍ അത് നിവര്‍ത്തിവച്ചപ്പോള്‍ അടപ്പു തുറന്ന് വൃദ്ധന്‍ അയാളെ അതു കാണിച്ചുകൊടുത്തു. ഡയലിനു താഴെ ചീങ്കണ്ണിയുടെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നു. എഴുപതുകൊല്ലം മുമ്പത്തെ പ്രസിദ്ധമായ ഒരു ബ്രാന്‍ഡിന്റെ ചിഹ്നമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് കമ്പനി, ആ ക്ലോക്കുപോലെ നിലച്ചുപോയി.
മെക്കാനിക്ക് അതിന്റെ ചരിത്രം പറഞ്ഞത് അയാള്‍ ആകാംക്ഷയോടെ കേട്ടു.
– ഇത് വെറുതെ കേടാകാന്‍ തരമില്ല, എന്തു പറ്റിയെന്ന് ഞാനൊന്നു നോക്കട്ടെ.
വൃദ്ധന്‍ കണ്ണടയെടുത്തുവച്ചു. ടൂള്‍ ബോക്സ് തുറന്ന് ശ്രദ്ധാപൂര്‍വം ഒരു സ്ക്രൂ ഡ്രൈവര്‍ തെരഞ്ഞെടുത്തു. എന്തോ വിശുദ്ധ കര്‍മ്മം നിര്‍വ്വഹിക്കാന്‍ തയ്യാറെടുക്കുന്നതുപോലെ പ്രാര്‍ത്ഥനാ പൂര്‍വ്വം ഒന്നു കണ്ണടച്ചു തുറന്നു.സ്ക്രൂകള്‍ ഓരോന്നായി അയച്ചു. മൂടി പതിയെ എടുത്തുമാറ്റി ഏതോ അഗാധ ഗര്‍ത്തത്തിലേക്കെന്നപോലെ സൂക്ഷ്മതയോടെ ഉറ്റുനോക്കി.
അല്‍പനേരത്തിനു ശേഷം വൃദ്ധന്‍ മുഖമുയര്‍ത്തി, അയാളുടെ നേരേ തിരിഞ്ഞു.
മെക്കാനിക്കിന്റെ മുഖം നിസ്സഹായമായിരുന്നു.
– എന്താ?
ആകാംക്ഷയോടെ അയാള്‍ ചോദിച്ചു,
– വൈന്‍ഡിംഗ് പൊട്ടിപ്പോയല്ലോ.
– അതെങ്ങനെ സംഭവിച്ചു? ഞങ്ങള്‍ അതു കൃത്യമായി പരിപാലിച്ചിരുന്നതാണ്.
മെക്കാനിക്ക് അത് വിശ്വസിച്ചില്ല എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി. കുറ്റപ്പെടുത്തുന്നതുപോലെ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് വൃദ്ധന്‍ പറഞ്ഞു.
– രാത്രിയിലും പകല്‍നേരം കാട്ടാന്‍ പ്രാപ്തിയില്ലാഞ്ഞു വലിഞ്ഞു പൊട്ടിയതാ… ക്ലോക്കാണെങ്കിലും അതിനുമുണ്ടൊരു ജീവനും ജീവിതവുമൊക്കെ.
ശാസനാപൂര്‍വ്വം അയാളെ ഒന്നു നോക്കിയിട്ട് വൃദ്ധന്‍ തുടര്‍ന്നു.
– രാത്രിയിലും പകലും ഒരുപോലെ ഉണര്‍ന്നിരുന്ന് അതിന്റെ വൈന്‍ഡിംഗ് മരവിച്ചു പൊട്ടിയതാ സാറേ… ഇനിയതു നേരെയാക്കാനാവില്ല.
അയാള്‍ മൂടി തിരികെ വച്ച് സ്ക്രൂകള്‍ ഉറപ്പിക്കാന്‍ തുടങ്ങി.
– വേറെ മാറിയിടാനാവില്ലേ?
അവസാനത്തെ ഒരു ശ്രമമെന്ന നിലയില്‍ അയാള്‍ ചോദിച്ചു.
– ഇല്ല. ഇതൊന്നും ഇപ്പോ വരാറില്ല. ഇത്തരം ക്ലോക്കുകള്‍ തന്നെയില്ല. പിന്നെയാണോ പാര്‍ട്ടുകള്‍?
അയാളുടെ ഉടല്‍ തരിക്കുവാന്‍ തുടങ്ങി. ക്ലോക്ക് തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരു വേവലാതി. നിശ്ചലമായി വീണ്ടും അതു ചുവരില്‍ തൂങ്ങിക്കിടക്കുന്നതാലോചിച്ചപ്പോള്‍ ദേഹത്തു വിയര്‍പ്പു പൊടിഞ്ഞു. മരക്കൊമ്പില്‍ തൂങ്ങിയാടുന്ന, ദുര്‍മരണത്തിനു വിധേയമായ ഒരു ഉടലിന്റെ ഓര്‍മ്മ അയാള്‍ക്കനുഭവപ്പെട്ടു. പെട്ടെന്ന് ഒരാശയം തോന്നിയതുപോലെ അയാള്‍ ചോദിച്ചു.
– ഞാനിതിവിടെ വച്ചേക്കട്ടേ?
മെക്കാനിക്ക് പുതിയതെന്തോ പണിയിലേക്കു മുഴുകിയതുകൊണ്ട് ആദ്യമതു കേട്ടില്ല. ചോദ്യമാവര്‍ത്തിച്ചപ്പോള്‍ മെല്ലെ തലയുയര്‍ത്തി അയാളെ നോക്കി. ഒരു നിമിഷം കഴിഞ്ഞ് ഷോപ്പിനുള്ളിലേക്ക് തല തിരിച്ചു. അപ്പോഴാണ് അയാള്‍ അതിന്റെ ഉള്‍വശം ശ്രദ്ധിച്ചത്. കഷ്ടിച്ച് ആറടി നീളവും മൂന്നടി വീതിയുമുള്ള കുടുസ്സുമുറി. അതില്‍ നിറയെ ക്ലോക്കുകള്‍, തയ്യല്‍ മെഷീനുകള്‍, യന്ത്രഭാഗങ്ങള്‍ . ഭിത്തിയിലെ ഹോള്‍ഡറുകളില്‍ പേനകള്‍, ക്യാമറകള്‍ അവയുടെ തുടര്‍ച്ചപോലെ മൂലയില്‍ വൃദ്ധനും.
– ഇത്രയും വലിയ ക്ലോക്ക് ഞാനെവിടെ വയ്ക്കും സാറേ?
നിരാശതയോടെ അയാള്‍ ചോദിച്ചു.
മെക്കാനിക്ക് പറഞ്ഞത് ശരിതന്നെ. ആ ക്ലോക്കിനിരിക്കാനുള്ള സ്ഥലം അവിടെ ഉണ്ടായിരുന്നില്ല.
മെല്ലെ അയാള്‍ അതു പൊക്കിയെടുത്തു. കൊണ്ടുവന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭാരം കൂടിയതുപോലെ തോന്നി. പ്രയാസപ്പെട്ടാണ് അത് കാറിലെടുത്തു വച്ചത്. ഇനി എന്തു ചെയ്യുമെന്ന ചോദ്യം അയാള്‍ക്കു മുമ്പില്‍ അവശേഷിച്ചു. കാര്‍ വിടുവാന്‍ അയാള്‍ നിര്‍ദേശം കൊടുത്തു.
നഗരത്തിലെ തിരക്കിലൂടെ അയാള്‍ ക്ലോക്കുമായി സഞ്ചരിച്ചു. രണ്ടു തവണ ഓഫീസിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ തുടങ്ങിയതാണ്. അയാള്‍ സമ്മതിച്ചില്ല, മറ്റൊരിടത്തേക്ക് പോകണമെന്നു പറഞ്ഞ് അയാള്‍ കാര്‍ തിരിച്ചുവിട്ടു. നഗരത്തിനു പുറത്തേക്ക് അവര്‍ യാത്ര ചെയ്യുവാന്‍ തുടങ്ങി.
അല്‍പസമയത്തിനു ശേഷം നഗരക്കാഴ്ചകള്‍ അസ്തമിച്ചു. കത്താത്ത വഴിവിളക്കുകള്‍ക്കു താഴെ ഇരുട്ട് ചുരുണ്ടുകിടന്നു. അവയ്ക്കടിയില്‍ പേരറിയാത്ത മനുഷ്യരും. പെട്ടെന്നാണ് അയാള്‍ ആ ബോര്‍ഡ് കണ്ടത്: ‘ചപ്പുചവറുകള്‍ നിക്ഷേപിക്കുന്ന സ്ഥലം – ലോകബാങ്ക് സഹായത്തോടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്’.
അയാളുടെ കണ്ണുകള്‍ തിളങ്ങി.
– കാര്‍ നിര്‍ത്തൂ.
ഡ്രൈവറുടെ തോളില്‍ ബലമായി അമര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.
വിരണ്ടുപോയ ഡ്രൈവര്‍ പയ്യന്‍, ബ്രേക്കില്‍ ശക്തിയായി അമര്‍ത്തി.
മുന്നോട്ടാഞ്ഞുകൊണ്ട് കാര്‍ നിന്നു.
കുഞ്ഞിനെ എടുക്കുന്നതുപോലെ അയാള്‍ ക്ലോക്കിനെ വാരിയെടുത്തു.
ഡോര്‍ തുറന്നു പുറത്തിറങ്ങി.
ഡ്രൈവറോട് ഒന്നും പറയാതെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് നടന്നു.
നഗരത്തിന്റെ മാലിന്യങ്ങള്‍ മുഴുവന്‍ അവിടെ അടിഞ്ഞുകൂടിയിട്ടുണ്ട്. ഉള്ളിലേക്ക് ചെല്ലും തോറും മൂക്കിന്റെ പാലം തകര്‍ക്കുന്ന ദുര്‍ഗന്ധം അടിച്ചുകയറി. ഓരോ ഇഞ്ചും അയാള്‍ ശ്രദ്ധാപൂര്‍വ്വം നോക്കി.
ഇതെവിടെയാണ് വയ്ക്കേണ്ടത്?
തൃപ്തികരമായ ഒരിടം അയാള്‍ക്കു കണ്ടെത്താനായില്ല.
അയാള്‍ കൂടുതല്‍ ഉള്ളിലേക്കു നീങ്ങിക്കൊണ്ടിരുന്നു…
ഏറെ കാത്തിരുന്നിട്ടും അയാളെ കാണാത്തതുകൊണ്ടും അടുത്ത ഷിഫ്ടിനുവേണ്ടി കൈമാറേണ്ടതായതുകൊണ്ടും ഡ്രൈവര്‍ കാറുമായി തിരികെ പോയി.
ആരും അയാളെ അന്വേഷിച്ചില്ല.
പിറ്റേന്ന് അയാളെ ഓഫീസില്‍ കണ്ടില്ല.
നാലഞ്ചു ദിവസം കഴിഞ്ഞിട്ടും അയാള്‍ വന്നില്ല.
അപ്പോഴേക്കും എല്ലാവരും അയാളുടെ കാര്യം മറന്നിരുന്നു.
……………………..…………………..
അശോക് കുമാര്‍ കര്‍ത്താ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments