Friday, April 26, 2024
HomeSTORIESഅവിചാരിതം (കഥ)

അവിചാരിതം (കഥ)

രധാമീര (ചന്ദ്രബിന്ദു)
“ഇച്ചായാ മണി നാലായി എഴുന്നേല്‍ക്കുന്നില്ലേ..? ” അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു .. തെല്ലു മടിയുണ്ട് ഈയീടെയായി .. എന്താ ചെയ്യുക പ്രായമായി വരികയല്ലേ …?റസ്റ്റ്‌ എടുക്കാന്‍ പറഞ്ഞു സര്‍ക്കാര്‍ പെന്‍ഷനാക്കി . നല്ല പ്രായം മുഴുവനും പോലീസില്‍ ജോലി ചെയ്തിട്ടും കാര്യമായി സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ബാധ്യതകള്‍ തീര്‍ന്നിട്ടുമില്ല . ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞു കൊടുത്തു ഇറങ്ങേണ്ടി വന്നതും ഒരു വാടകവീട്ടിലേക്ക്‌ .. രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ടു സ്വസ്ഥമാകാമെന്നു കരുതിയപ്പോള്‍ ഇളയവന്‍ ഏവിയേഷന്‍ പഠിക്കാന്‍ ചേര്‍ന്നത്‌ . അവന്‍ കൂടി ഒരു കര പറ്റിയാല്‍ പിന്നെ ജീവിക്കാന്‍ പെന്‍ഷന്‍ മതിയാകും . വീടില്ലാത്തവരും ജീവിക്കുന്നില്ലേ ? ഞാന്‍ പെട്ടെന്ന് വീണുപോയാല്‍ പിന്നെ ആന്‍സിക്ക് തുണയറ്റ പോലെയാകും . പാവം ആരുമില്ലാത്തവള്‍ ആയിരുന്നു , ഒരു കല്യാണം കൂടാന്‍ ചെന്ന പള്ളിയിലെ ക്വയര്‍ ഗ്രൂപ്പിലെ വേറിട്ട ശബ്ദത്തിനുടമയെ തിരഞ്ഞു ചെന്നപ്പോള്‍ , അതവിടുത്തെ അനാഥപ്പെണ്‍കുട്ടി ആണെന്നറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചു . വേറൊരു സഭയില്‍ നിന്നും വിവാഹം കഴിപ്പിക്കാന്‍ ചാച്ചനും അമ്മച്ചിയും തയ്യാറല്ലായിരുന്നു എന്നിട്ടും ഞാന്‍ എന്‍റെ ഇഷ്ടം നോക്കി . മൂന്നു മക്കള്‍ ഉണ്ടല്ലോ ആരേലും തുണ ആകുമായിരിക്കും അവള്‍ക്ക് .. !
പെന്‍ഷന്‍ കൊണ്ടൊന്നും മകന്‍റെ പഠിപ്പും ബാക്കി ബാധ്യതകളും തീരില്ലയെന്നറിയാവുന്നത് കൊണ്ടുതന്നെ പട്ടണത്തിലെ സെക്യൂരിറ്റി സര്‍വീസില്‍ ജോലിക്ക് ചേര്‍ന്നു . ഇപ്പോള്‍ നാലഞ്ചു മാളുകളിലെ സെക്യൂരിറ്റി വിങ്ങിന്റെ മേല്‍നോട്ടം ചാള്‍സ് മത്തായി എന്ന ഈ റിട്ടയേര്‍ഡ് പോലീസുകാരനാണ് . ഇന്നിപ്പോള്‍ നൈറ്റ് ഡ്യൂട്ടി ആണ് . അഞ്ചു മണിക്ക് ജോലിക്ക് കയറണം . പോകാന്‍ സമയമായി . രണ്ടു മൂന്നു ദിവസമായി ഡേയും നൈറ്റും ജോലിയായിരുന്നു . ക്രിസ്തുമസ് തിരക്കുകള്‍ , പല സ്റ്റാഫും ലീവില്‍ പോയതുകൊണ്ട് നേരിട്ട് തന്നെ എല്ലായിടത്തും ചെല്ലേണ്ടി വരുന്നു . ഒരു മാള്‍ രാവും പകലും തുറന്നു വയ്ക്കുന്ന ഇടമാണ് . അവിടെയാണ് ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നതും . കാരണം എപ്പോഴും ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് അടച്ചിട്ടു പരിശോധനകള്‍ ഇല്ല . അപ്പോള്‍പ്പിന്നെ കണ്ണും കാതും തുറന്നു വയ്ക്കേണ്ടി വരും . അവിടെ കര്‍ശന ട്രെയിനിംഗ് കൊടുത്തവരെ മാത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതും . ആളുകളുടെ ഇടയിലും യൂണിഫോമില്‍ അല്ലാതെയും നിറുത്തിയിട്ടുണ്ട് . വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയവര്‍ . നാലേ അന്‍പതിനു ഒപ്പ് വയ്ക്കുമ്പോള്‍ വാക്കി ടോക്കിയില്‍ മൂന്നാം നിലയിലെ വിങ്ങിന്റെ ചുമതലയുള്ള സിവില്‍ ഓഫീസറുടെ മെസ്സേജ് . ഞാന്‍ ക്യാമറകളിലേക്ക് നോക്കി . കുറെ ഫ്രീക്ക് പിള്ളേരുടെ കൂട്ടം . പച്ച കുത്തിയ കൈത്തണ്ടകളും ഊശാന്‍താടിയുമൊക്കെയായി കണ്ടാല്‍ത്തന്നെ ഒരു സംശയദൃഷ്ടിക്ക് ചാന്‍സുണ്ട് . ഞാന്‍ വേഗം ലിഫ്റ്റില്‍ അവിടേക്ക് ചെന്നു . വാക്കിടോക്കിയിലൂടെ ഓഫീസ് കാബിനിലേക്ക്‌ വരാന്‍ സിവില്‍ ഓഫീസറോട് പറഞ്ഞു കൊണ്ട് നടക്കുന്നതിനിടയിലും ഞാന്‍ അവരെ ശ്രദ്ധിച്ചു , ദൂരെ നിന്നും എന്നെ കണ്ടതും കൂട്ടത്തില്‍ ഒരുവന്‍ പിന്നോട്ട് മാറി റിഫ്രെഷ്റൂമിലേക്ക്‌ പോയി . കസേരയില്‍ ഇരുന്നതും സിവില്‍ ഓഫീസര്‍ മുന്നില്‍ . ആ ചെറുപ്പക്കാര്‍ നാലു മണി കഴിഞ്ഞപ്പോള്‍ വന്നവരാണെന്നും കൂട്ടമായിട്ടാണ് നീങ്ങുന്നതെന്നും ശരീരഭാഷയില്‍ ഒരു അസ്വാഭാവികത ഉണ്ടെന്നും അയാള്‍ അറിയിച്ചു . ആള്‍ മിടുക്കനാണ് . സ്പെഷ്യല്‍ വിങ്ങില്‍ കോണ്സ്റ്റബിള്‍ ആയി റിട്ടയേര്‍ഡ് ചെയ്ത ആളാണ്‌ . അദ്ദേഹത്തോട് മടങ്ങാന്‍ പറഞ്ഞിട്ട് ഞാന്‍ ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു . എന്നെ കണ്ടപ്പോള്‍ മാറിയവന്‍ ആരാണ് . റിഫ്രെഷ് റൂമിലെ ക്യാമറയില്‍ ഞാന്‍ അവനെ തേടി . സ്കാര്‍ഫ് കൊണ്ട് കണ്ണോഴികെയുള്ള ഭാഗം മൂടിക്കെട്ടി ഒരുത്തന്‍ റിഫ്രെഷ് റൂമിലുണ്ട് . പക്ഷെ അവന്‍റെ ശരീരഭാഷ കൊണ്ട് അവന്‍ എനിക്ക് മുന്‍പരിചിതനാണ് . ആരായിരിക്കും ? ഞാന്‍ എന്‍റെ മെമ്മറി റികാള്‍ ചെയ്യാന്‍ തുടങ്ങി . 
അതെ .. ഞാനിവനെ കണ്ടിട്ടുണ്ട് … ജുവനൈല്‍ ഹോമില്‍ ഞാന്‍ ആണ് ആദ്യമായി അവനെ കൊണ്ട് പോയി ആക്കിയത് . കാറിന്‍റെ ഗ്ലാസ് സ്കെയില്‍ ഇട്ടു താഴ്ത്തി ഡോര്‍ തുറന്നു സ്യൂട്ട്കേസിലുണ്ടായിരുന്ന പണവും മൊബൈലും അപഹരിച്ചതിനു പിടിയിലായപ്പോള്‍ കോടതി പ്രായപൂര്‍ത്തി ആയില്ലെന്ന് പറഞ്ഞു ജുവനൈല്‍ഹോമിലേക്ക് വിട്ടു . എല്ലാ ദുര്‍ഗുണങ്ങളും പഠിച്ചു പുറത്തിറങ്ങാന്‍ പറ്റിയ ഇടം . അത്ര മാത്രം കുട്ടിക്ക്രിമിനലുകള്‍ ഉണ്ടവിടെ . പിന്നെയും പല പല കേസുകളില്‍ ഞാന്‍ ഇവനെ അറ്റന്‍ഡ് ചെയ്തിട്ടുണ്ട് . അവസാനം പിടിയിലാകുമ്പോള്‍ മയക്കുമരുന്നിന്റെ ഹാങ്ങോവറില്‍ ഒരു കൊച്ചു പയ്യനെ പ്രകൃതിവിരുദ്ധ കാര്യങ്ങള്‍ക്കു പലര്‍ ചേര്‍ന്ന് ഉപയോഗിക്കുകയും അത് മൂവീ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത കേസ് ആയിരുന്നു . ആ കൊച്ചു പയ്യന്‍ ഇവരുടെ ബൈക്കിനു ലിഫ്റ്റ്‌ ചോദിച്ചു കയറിയതായിരുന്നു . അവനെ പിറകില്‍ ഇരുന്നവന്‍ ഇന്‍ജക്ഷന്‍ ചെയ്തു അര്‍ദ്ധമയക്കത്തില്‍ ആക്കിയാണ് ലോഡ്ജുമുറിയില്‍ എത്തിച്ചത് . ആട്ടവും പാട്ടും ബഹളവും സഹിക്കാഞ്ഞിട്ടു, ലോഡ്ജുടമ ഫോണ്‍ ചെയ്തിട്ട് , അന്ന്, ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇവനും ഇവന്റെ കൂട്ടാളികള്‍ക്കും തരിമ്പും വെളിവുണ്ടായിരുന്നില്ല . പാതി മയങ്ങിയ കണ്ണുകളോടെ ബെഡ്ഡില്‍ കിടന്നിരുന്ന ആ കുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു . ദേഹമാസകലം മുറിവുകളും . ചുരുക്കത്തില്‍ എല്ലാ ദുര്‍ഗുണങ്ങളും തികഞ്ഞ ഒരുത്തനായി മാറിയിരുന്നു , ഈ കാലയളവിനുള്ളില്‍ അവന്‍ ! ആ കേസില്‍ അവന്‍ ശിക്ഷിക്കപ്പെട്ടോ എന്നുപോലും പറയാന്‍ കഴിയില്ല . കാരണം , സുബോധത്തോടെ ചെയ്തതല്ലെന്നും പറഞ്ഞു ലഹരി വിമോചന കേന്ദ്രത്തിലേക്കാണ് അവന്‍റെ വക്കീലിന്‍റെ മിടുക്ക് കൊണ്ട് , കോടതി അവനെയും കൂട്ടാളികളെയും അയച്ചത് . നീതിയും നിയമങ്ങളും കാലഹരണപ്പെട്ടതായിക്കഴിഞ്ഞതാണ് ഈ നാടിന്‍റെ ശാപങ്ങളില്‍ ഒന്ന് . ഇവര്‍ക്ക് പിന്നീടെന്തു സംഭവിക്കുന്നെന്നു തിരക്കാനും നല്ല നടപ്പാണോ എന്ന് പരിശോധിക്കുവാനും കോടതിയും നിയമങ്ങളും ന്യായം പറയുന്ന മനുഷ്യാവകാശ കമ്മീഷനുകളും മിനക്കെടാറില്ല . 
വാക്കിടോക്കിയില്‍ വീണ്ടും മെസ്സേജുകള്‍ . ഇപ്പോള്‍ എല്ലാ സെക്യൂരിറ്റി സ്റ്റാഫും അലര്‍ട്ട് ആണ് . കാരണം , അവര്‍ ഇപ്പോള്‍ മൂന്നുപേര്‍ ഉള്ള ഗാങ്ങായി എല്ലാ ഫ്ലോറിലുമുണ്ട് . ഞാന്‍ പെട്ടെന്ന് തന്നെ ,അവരെ കവര്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു . ആദ്യം അവരറിയാതെ , മറ്റുള്ളവര്‍ക്ക് ഭീതിയുണ്ടാകാതെ , ആറു സിവില്‍ ഓഫീസര്‍മാര്‍ ഈ ഓരോ ഗാങ്ങിനെയും കവര്‍ ചെയ്യുകയും , ബാക്കിയുള്ള സെക്യൂരിറ്റി സ്റ്റാഫ്‌ ഓരോരുത്തരുടെയും നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും അവരെ കീഴടക്കാന്‍ തക്ക വണ്ണം നിലനില്ക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു . ഇപ്പോള്‍ ഞങ്ങള്‍ അലേര്‍ട്ട് ആണെന്നും അവരെ കവര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയുന്നില്ല . രണ്ടാമത്തെ ഫ്ലോറില്‍ ക്യാമറയിലൂടെ നോക്കുമ്പോള്‍ അവരുടെ ശ്രദ്ധ അവിടെ കളിച്ചു കൊണ്ടിരിക്കുന്ന ഇരട്ട ആണ്‍കുട്ടികളില്‍ ആണെന്ന് കണ്ടു . പെട്ടെന്ന് എനിക്കെന്തോ അപകടം മണത്തു . ഞാന്‍ ഒന്നാം നിലയിലെ കാബിനില്‍ ആയിരുന്നു . പെട്ടെന്ന് തന്നെ സ്റ്റാഫ്‌ ലിഫ്റ്റ്‌ വഴി മുകളിലെത്തി . അപ്പോഴേക്കും ഞാന്‍ യൂണിഫോം മാറ്റിയിരുന്നു . വളരെ സ്വാഭാവികമായി ഞാന്‍ അവര്‍ക്കടുത്തേക്ക് ചെല്ലുന്ന സമയത്ത് തന്നെ അവരില്‍ രണ്ടുപേരും ഓരോ കുട്ടികളെയും കൈയില്‍ തൂക്കി എടുക്കുകയും മൂന്നാമന്‍ മറ്റുള്ളവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു . അപ്പോഴേക്കും വാക്കിടോക്കിയില്‍ മെസ്സേജുകള്‍ എല്ലാ ഫ്ലോറിലും അവര്‍ ഓരോരുത്തരെ ബന്ദിയാക്കി തോക്ക് ചൂണ്ടി നില്ക്കുന്നു . ഭാഗ്യത്തിന് ഓരോ ഗാങ്ങിനു മുന്നിലും സിവില്‍ ഓഫീസര്‍മാര്‍ ആണ് നില്ക്കുന്നത് . പെട്ടെന്നാണ് അവര്‍ എനിക്ക് തൊട്ടു മുന്നിലുള്ള ഡയമണ്ട് ഷോപ്പിലേക്ക് ആ കുട്ടികളെയും കൊണ്ട് കയറിയത് . അപ്പോള്‍ മാത്രമാണ് അവരുടെ ഉദ്ദേശം എനിക്ക് മനസിലായത് . പണവും സ്വര്‍ണ്ണവും ആണ് അവരുടെ ലക്‌ഷ്യം . വാക്കിടോക്കിയിലൂടെ മെസ്സേജ് വരുന്നുണ്ടായിരുന്നു എല്ലാ ഫ്ലോറിലെയും പ്രമുഖ ഷോപ്പുകള്‍ അവര്‍ കവര്‍ ചെയ്തു എന്ന് . ബന്ദിയാക്കിയവരെ വച്ചും തോക്ക് ചൂണ്ടിയും അവര്‍ പണവും വേണ്ട സാധനങ്ങളും കൈക്കലാക്കുവാന്‍ തുടങ്ങി എന്നും . ഞാന്‍ ആ രണ്ടു കുട്ടികളെ അവരില്‍ നിന്നും മോചിപ്പിക്കാന്‍ ആണ് ആദ്യം തുനിഞ്ഞത് . അവരുടെ അമ്മ ബോധം പോയി താഴെ വീണിരുന്നു . ഞാന്‍ അടുത്തേക്ക് ചെല്ലുവാന്‍ തുടങ്ങും മുന്നേ ചുറ്റിലുമുള്ള സിവില്‍ ഓഫീസര്‍മാര്‍ക്ക് കണ്ണുകള്‍ കൊണ്ട് സൂചന കൊടുത്തതും ഞങ്ങള്‍ ഏഴുപേര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു . തോക്കുള്ളവനെയാണ് ആദ്യം കീഴ്പ്പെടുത്തിയത് . പിറകില്‍ നിന്നും കത്രികപ്പൂട്ടിട്ടു തോക്ക് താഴെ ഇടീച്ചു . അപ്പോഴേക്കും ബാക്കി സ്റ്റാഫ്‌ വേണ്ടത് ചെയ്തു കഴിഞ്ഞിരുന്നു . ഇതേ നിര്‍ദ്ദേശങ്ങള്‍ മറ്റുള്ള നിലയിലും പ്രാവര്‍ത്തികമാക്കുവാന്‍ ഞങ്ങളെപ്പോലെ തന്നെ മറ്റുള്ള ഓഫീസര്‍മാരും കഷ്ടപ്പെടേണ്ടി വന്നു . ഓരോ നിലയില്‍ നിന്നും തോക്ക് ചൂണ്ടി അവരെയൊക്കെ താഴെ നിരീക്ഷണ മുറിയിലെത്തിച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ തേടിയവന്‍ ഈ കൂട്ടത്തില്‍ ഇല്ലെന്ന് മനസിലായത് . അപ്പോഴേക്കും മാളിലെ എല്ലാ പ്രവേശനകവാടവും ബ്ലോക്ക് ചെയ്തിരുന്നു . ഡയമണ്ട് സെക്യൂരിറ്റി അലാമില്‍ നിന്നും പോലീസ് ആസ്ഥാനത്തേക്ക് മെസ്സേജ് പോയതനുസരിച്ച് അവരും എത്തിച്ചേര്‍ന്നു . അവരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ട് ഞാന്‍ അവനെ തിരയാന്‍ തുടങ്ങി . ഓരോ മുക്കിലും മൂലയിലും ഉള്ള ക്യാമറയിലൂടെ നോക്കിയിട്ടും അവനെ കണ്ടെത്താന്‍ കഴിയുന്നില്ല . 
ഞാന്‍ ക്യാബിനില്‍ ഉള്ള എല്ലാ ക്യാമറകളും അരിച്ചുപെറുക്കി . പെട്ടെന്ന് ഒരു ബുദ്ധി തോന്നി . തിയേറ്റര്‍ ഇരുട്ടില്‍ അല്ലാതെ വേറെങ്ങും ഒളിച്ചിരിക്കാന്‍ ഇടമില്ല . ഞാന്‍ പന്ത്രണ്ടു തിയേറ്റര്‍ ലൈറ്റ്സും ഓണ്‍ ആക്കുവാന്‍ നിര്‍ദ്ദേശം കൊടുത്തു . അഞ്ചാം നമ്പര്‍ തിയേറ്റര്‍ എത്തിയപ്പോള്‍ കണ്ടു ഞാന്‍ അവനെ ! അവിടെ ഉള്ള സെക്യൂരിറ്റികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു . ആദ്യമൊക്കെ ചെറുത്തു നില്‍പ്പിനു മുതിര്‍ന്നുവെങ്കിലും , ആദ്യമേ തന്നെ തോക്ക് കൈക്കലാക്കിയത് കൊണ്ട് അവനു കീഴടങ്ങുക അല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലായിരുന്നു . എല്ലാവരെയും ഓഫീസ് കാബിനിലെ ഡിസ്കഷന്‍ മുറിയിലേക്ക് കൊണ്ട് വന്നു . ഇത്രയും സെക്യൂരിറ്റി ഉള്ള മെറ്റല്‍ ഡിറ്റക്ടര്‍ ഉള്ള മാളില്‍ എങ്ങനെയാണ് തോക്കുകള്‍ കയറ്റിയത് എന്ന ചോദ്യത്തിന് ഒട്ടൊരു പുച്ഛത്തോടെ, അവനാണ് മറുപടി തന്നത് . അത് സെറ്റ് ചെയ്യാവുന്ന അഡ്വാന്‍സ്ഡ് ടെക്നോളജിയിലുള്ള ഗണ്ണുകളില്‍ ഒന്നാണ് അതെന്ന്. എന്തായാലും ഉദ്വേഗഭരിതമായ ഒരു രാത്രി തീരുമ്പോള്‍ , എനിക്ക് ജീവിതത്തിലെ മറക്കാനാവാത്ത, പോലീസിലെ സര്‍വീസ് കാലയളവില്‍ ഒരിക്കല്‍പ്പോലും അനുഭവിച്ചിട്ടില്ലാത്ത, കുറെ മണിക്കൂറുകളും ഒരു വലിയ പാഠവുമാണ് ലഭിച്ചത് . എത്രയൊക്കെ സുരക്ഷകള്‍ ഉണ്ടെങ്കിലും ഒരു ക്രിമിനല്‍ തുനിഞ്ഞിറങ്ങിയാല്‍ അതൊക്കെ നിഷ്പ്രഭമാക്കാനുള്ള ഒരു പഴുത് അവിടെ ശേഷിച്ചിട്ടുണ്ടാകും . ഇവിടെ അവര്‍ക്ക് സിവില്‍ ഗാര്‍ഡ്സ് ഉണ്ടാകുമെന്ന് കണക്കു കൂട്ടാന്‍ അവര്‍ക്ക് തെറ്റിയത് കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നില്ല . ഇനിയും എന്‍റെ ജീവിതത്തില്‍ കാലം എന്തൊക്കെയാണ് കരുതി വയ്ക്കുക എന്ന ആലോചനയോടെയും രാത്രിയും പകലും ഒരുമിച്ചു ജോലി ചെയ്തതിന്‍റെ ക്ഷീണത്തോടെയും അന്ന് രാത്രി ഞാന്‍ നേരത്തെ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍, സ്വീകരണ മുറിയിലെ ടെലിവിഷനില്‍ ചാനലുകളില്‍ മാറി മാറി എന്നെ അഭിമുഖം ചെയ്യുന്ന ചിത്രങ്ങള്‍ കാണുന്ന വീട്ടുകാരുടെ ആകാംക്ഷകള്‍ നിറഞ്ഞ അടക്കം പറച്ചിലുകള്‍ കേള്‍ക്കാമായിരുന്നു . 
ശുഭം .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments