Friday, July 4, 2025
HomeAmericaഅന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു ന്യൂ ജേഴ്‌സിയിൽ അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം കോൺഫറൻസ് ചെയർമാൻ.

അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു ന്യൂ ജേഴ്‌സിയിൽ അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം കോൺഫറൻസ് ചെയർമാൻ.

അനിൽ ആറന്മുള.

ന്യൂ ജേഴ്‌സി, USA | June 16, 2025:  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ അരങ്ങേറുകയാണ്.  കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവ സാനിധ്യവും,  വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കൻ പ്രതിനിധിയുമായ സജി എബ്രഹാമിനെ  പതിനൊന്നാം സമ്മേളനത്തിന്റെ കോൺഫറൻസ്  ചെയർമാനായി IPCNA നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതായി അറിയിച്ചു.

കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന  ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കും എന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു..  അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം അംഗങ്ങളാണ് കോൺഫറൻസിൽ  പങ്കെടുക്കുക.  വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുസമ്മേളനം വൻ ജനപങ്കാളിത്തത്തോടെ ആണ് നടക്കുക.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രാരംഭ കാലം മുതൽ തന്നെ സജീവ സാന്നിധ്യമായിരുന്ന സജി എബ്രഹാം ന്യൂ യോർക്ക് ചാപ്റ്ററിന്റെ നിരവധി നിലകളിൽ തന്റെ സേവനം പ്രസ് ക്ലബ്ബിന് നൽകിയിരുന്നു എന്ന് അന്ന് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്ന സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു.  നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രസ്സ് മീറ്റുകൾ നടത്തിയതും ആ സമയത്തായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്ന സജി എബ്രഹാം ഐ. പി. സി. എൻ. എ ന്യൂയോർക് ചാപ്റ്റർ ട്രെഷറർ, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, നാഷണൽ ഓഡിറ്റർ എന്നെ നിലകളിൽ പ്രശംസാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

പ്രസ് ക്ലബ്  ന്യൂ യോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി ‘സുവർണ കാലം’ എന്ന്  വിശേഷിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു സജി എബ്രഹാം ട്രെഷറർ ആയിരുന്ന സമയം എന്ന് അന്നത്തെ സെക്രട്ടറിയും മുൻ നാഷണൽ പ്രെസിഡന്റുമായ മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു.  കോൺഫറൻസ് ചെയർമാൻ എന്ന പദവി എല്ലാം കൊണ്ടും സജി അബ്രഹാമിന് അഭികാമ്യമാണെന്നു ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറയുകയുണ്ടായി.  കേരളഭൂഷണം പത്രത്തിന്റെ (https://www.keralabhooshanam.com) നോർത്ത് അമേരിക്കൻ പ്രതിനിധിയായി രണ്ടു പതിറ്റാണ്ടായി സജി എബ്രഹാം പ്രവർത്തിക്കുന്നു.  നാലു പതിറ്റാണ്ടിലധികമായി വസ്ത്ര നിർമാണ രംഗത്തു പ്രവർത്തിക്കുന്ന സജി നിലവിൽ കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പ്രസിഡണ്ട് ആണ്.

ഐ. പി. സി. എൻ. എ  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്.   ന്യൂവാർക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്.  അമേരിക്കൻ മണ്ണിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്ന് വിലയിരുത്തുന്നു.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക്  അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് സജ്ജമായി എന്നും ഹോട്ടൽ മുറികൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അറിയിച്ചു.  ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള  ചൂണ്ടിക്കാട്ടി.  ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങൾ കരുതുന്നത്.

ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ്  അവാർഡ് ദാന ചടങ്ങു വൻ വിജയമായി തീർന്നു.  ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാര വേദിക്കായിരുന്നു ഗോകുലം കൺവൻഷൻ സെന്റര് സാക്ഷ്യം വഹിച്ചതെന്നു ചടങ്ങിന് ചുക്കാൻ പിടിച്ച ജോയിന്റ് ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭിപ്രയപ്പെട്ടു.  കേരളത്തിൽ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം  ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി എന്ന് ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം പറഞ്ഞു.  ഏറ്റവും കൂടുതൽ പുരസ്‌കാര ‘ക്യാഷ്’ അവാർഡുകൾ നൽകിയ വേദിയായി കൊച്ചി മാധ്യമ പുരസ്‌കാര വേദി മാറി.  ഏകദേശം 6 ലക്ഷം രൂപയും പ്രശംസാ ഫലകങ്ങളും പുരസ്കാരമായി മാധ്യമ പ്രവർത്തകർക്കും, കൂടാതെ ഒരു ലക്ഷം രൂപ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്ന മീഡിയ അക്കാഡമിക്കുമായി നൽകുകയുണ്ടായി.

എളിയ രീതിയിൽ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ്  ഇന്ന് വളർന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്.  അന്ന് മുഖ്യ പ്രഭാഷകനായി വന്നത്  മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു .  കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാൻ പോകുന്നത്.  ന്യു ജേഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവെൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയിൽ  നിന്നും വാഷിംഗ്ടണിൽ നിന്നുമൊക്കെ  എത്താൻ പറ്റുന്നതാണ് വേദി.

കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org സന്ദർശിക്കാം.  കോൺഫറൻസ് രെജിസ്ട്രേഷൻ സംവിധാനവും ഈ പ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്  indiapressclub.org/conference25.  Conference Video: https://youtu.be/_fQ18f4IV1A.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments