ശ്രീ കുമാർ ഭാസ്കരൻ.
ഏതാനം മാസങ്ങൾ സംഭവവികാസങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. പരീക്ഷാക്കാലമായി. ഞങ്ങളുടെ പി. ജി രണ്ടാം വർഷ പരീക്ഷ. ഇത് കഴിഞ്ഞാൽ ഞാൻ കാൺപൂരിനോട് വിട പറയും. ഞങ്ങൾ പരീക്ഷാത്തിരക്കിലായി.
ഒരു മാസത്തെ കാലയളവില്‍ പരീക്ഷ കഴിഞ്ഞു. മാത്യുവിന്റെ വിഷയം കെമിസ്ട്രി ആയിരുന്നു. മാത്യുവിന്റെ പരീക്ഷയും പ്രാക്ടിക്കലും വേഗം തീര്‍ന്നു. മാത്യു രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകിട്ട് ചായ കുടിക്കാന്‍ ഇറങ്ങിയ മാത്യു ചായക്കടയുടെ മുന്നില്‍ വെച്ച് ചോട്ടുവിനെ കണ്ടു. ചോട്ടു ‘മാലിക്കി’ന്റെ ഇളയ സന്തതിയാണ്. അവൻറെ ശരിക്കും ഉള്ള പേര് പവൻകുമാർ ത്രിപാഠി എന്നാണ്. ചോട്ടു എന്ന് എല്ലാവരും വിളിക്കും. ‘മാലിക്കി’ന്റെ യൌവ്വനത്തിന്റെ അവസാന പാദത്തില്‍ ഉണ്ടായ മകന്‍. ഒരേ ഒരു മകന്‍. പിന്നെയുള്ളത് ഒരു മകള്‍ ആണ്.
ചോട്ടുവിന് ഇരുപത്തിയഞ്ച് വയസ്സു വരും. പക്ഷേ കണ്ടാൽ പതിനെട്ടേ തോന്നിക്കൂ. തികഞ്ഞ സസ്യഭുക്ക്. കൃശഗാത്രൻ. വട്ട മുഖക്കാരൻ. പക്ഷേ കയ്യിലിരിപ്പ് ചന്ദ്രശേഖര ആസാദിന്റേതാണ്. അവന്റെ ആരാധനാവിഗ്രഹവും ചന്ദ്രശേഖര ആസാദാണ്. ചെറുമീശ ഇടം കൈകൊണ്ട് പിരിച്ചു നിൽക്കുന്ന സുമുഖനായ ചന്ദ്രശേഖര ആസാദ്.
ചോട്ടു ഒരു ചൂടൻ ആണ്. പെട്ടെന്ന് കോപിക്കും. പക്ഷെ കേരള്‍ വാലകളായ ഞങ്ങളോട് അവനു വലിയ താല്പര്യമായിരുന്നു. പ്രത്യേകിച്ച് മാത്യുവിനോട്. അവന്‍ താമസിക്കുന്ന വലിയ കെട്ടിടത്തിലെ ചെറിയ ഒരു മുറിയിലാണ് മാത്യുവും കൂട്ടരും താമസിച്ചിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം അവന്‍ ആ മുറിയില്‍ വന്നിരിക്കും.
ചോട്ടു പ്രാദേശിക രാഷ്ട്രീയത്തിൽ സജീവം. അവന്‍ ഡി. എ. വി. കോളേജിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു. അതുകൊണ്ട് വിവേക് അവസ്തിയ്ക്ക് വേണ്ടി മാത്യുവിനൊപ്പം സജീവമായി അവനും രംഗത്ത് ഉണ്ടായിരുന്നു. കോളേജിന് പുറത്ത് ഗാവുകളിൽ പോയി വോട്ട് ക്യാൻവാസ് ചെയ്തിരുന്നത് മാത്യുവും ചോട്ടുവും നയിച്ചിരുന്ന ഗ്യാങ്ങാണ്. ഗാവുകളിൽ പോയി വോട്ട് ക്യാൻവാസ് ചെയ്യുക എന്നത് ഒരു അപകടം പിടിച്ച പണിയാണ്.
എല്ലാ ഗാവുകൾക്കും ഒരു മാടമ്പി ഉണ്ടായിരിക്കും. ഒരു ദാദ. അയാള്‍ എന്തിനും പോന്ന ഒരു നല്ല ഒന്നാന്തരം ഗുണ്ടയായിരിക്കും. ഉത്തരേന്ത്യന്‍ രാഷ്ട്രീയം ഗാവ് രാഷ്ട്രീയമാണ്. ഒരു ഗാവ് ഒരു വ്യക്തിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ആ വ്യക്തി പറയുന്നിടത്ത് അവിടുത്തെ ആളുകള്‍ വോട്ടു കുത്തും. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ആ വ്യക്തിയെ സോപ്പിട്ടെടുക്കും. പ്രധാനം പണം തന്നെ. വന്‍ തുക കൊടുക്കും. അത് ഗാവിലെ ജനസംഖ്യ നോക്കിയിട്ടാണ്. അങ്ങനെ ഒരു ധാരണ ഗാവ് ദാദയുമായി ആയാല്‍ പിന്നെ വോട്ടു പിടിക്കാന്‍ അങ്ങോട്ട് പോകണ്ട. എല്ലാം ദാദ നോക്കിക്കോളും. അങ്ങനെയുള്ള സ്ഥലത്ത്, പുറത്ത് നിന്നും ആരെയും അനുവദിക്കില്ല. അഥവാ പുറത്ത് നിന്നാരെങ്കിലും വന്നാല്‍ അവന്‍ വന്നപോലെ തിരിച്ചു പോകില്ല. അതാണ് ഗാവ് രാഷ്ട്രീയം.
അവിടെയാണ് മാത്യുവും ചോട്ടുവും കേറിക്കളിച്ചത്. അവസ്തിക്ക് വേണ്ടി. ചോട്ടുവും മാത്യുവും ലക്ഷ്യമിട്ടിരുന്നതും പ്രവർത്തിച്ചിരുന്നതും സമീപമുള്ള കല്യാൺപൂർ ഗാവിലാണ്. അവിടെ നിന്നും ഒരുപാട് കുട്ടികള്‍ ഡി. എ. വി. യില്‍ പഠിക്കുന്നുണ്ട്.
കല്യാൺപൂർ ഗാവിന്‍റെ ദാദ ലോകേഷ് ആണ്. അവന്‍ എന്‍റെ ക്ലാസ്സ്മേറ്റ് ആയിരുന്നു. എങ്കിലും ഒരു ദിവസം മാത്രമേ ഞാന്‍ അവനെ ക്ലാസ്സില്‍ കണ്ടിട്ടുള്ളു. ലോകേഷ്, വിവേക് അവസ്തിക്കെതിരെ മത്സരിച്ചിരുന്നു.
ഞാന്‍ വോട്ടു ചെയ്യാന്‍ ക്യു നില്‍ക്കുമ്പോള്‍ ലോകേഷ് വന്ന് എന്നെ ക്യുവില്‍ നിന്നും വിളിച്ചുകൊണ്ടുപോയി നേരെ ബൂത്തിലെത്തിച്ചു. എനിക്കൊരു വി. ഐ. പി. പരിഗണന തന്നു. ഞാന്‍ അത് സ്വീകരിച്ചു. ഇലക്ഷനില്‍ ലോകേഷിനെതിരെ മത്സരിച്ച അവസ്തിക്ക് ഞാന്‍ വോട്ടു ചെയ്തു. ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ ലോകേഷ് മാന്യമായി പൊട്ടി. വിവേക് ജയിച്ചു.
മാത്യു, ചോട്ടുവിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു വെടി ശബ്ദം കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് മാത്യു നോക്കുമ്പോള്‍ മുന്നില്‍ നിന്ന ചോട്ടു പിന്നിലേക്ക് മറിഞ്ഞു വീണു. ചോട്ടുവിന് വെടിയേറ്റു. നെറ്റിയുടെ വശത്ത് ചെന്നിയിലാണ് വെടിയേറ്റത്.
ചോട്ടുവിനെ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ചോട്ടു അന്ന് വൈകിട്ട് തന്നെ വിട പറഞ്ഞു. മരണം, കൊലപാതകം ഇതൊന്നും ആ മഹാനഗരത്തിൽ പുതുമ ആയിരുന്നില്ല.
അതും മാത്യുവിനെ ലക്ഷ്യം വെച്ചതായിരുന്നു. നാടൻ തോക്കിന്റെ ഗുണനിലവാരം കൊണ്ടോ വെടിവച്ചവന്റെ കഴിവുകേട് കോണ്ടോ ഇപ്രാവശ്യവും മാത്യു രക്ഷപ്പെട്ടു. പകരം പാവം ചോട്ടു പോയി. അന്നും അതിനടുത്ത രണ്ടു ദിവസവും മാത്യു ഞങ്ങൾക്കൊപ്പം ഐ.ഐ.ടി.യില്‍ക്കൂടി. ശത്രു പ്രബലനാണ്. ആരാണെങ്കിലും. മാത്രമല്ല അവർ തീരുമാനിച്ചുറപ്പിച്ച് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇപ്രാവശ്യം ചോട്ടു ബലിയാടായി എന്നു മാത്രം.
ചോട്ടുവിനെ എനിക്ക് കാര്യമായി പരിചയമില്ല. ചില അവസരങ്ങളിൽ മാത്യുവിന്റെ മുറിയിൽ വെച്ച് കണ്ടതൊഴിച്ചാൽ. കോളേജിൽ പോകുന്ന മിക്കവാറും എല്ലാ ദിവസവും ഞാൻ എൻറെ സുഹൃത്തുക്കളെ കാണാൻ സിവിൽ ലൈനിൽ പോകുമായിരുന്നു. കോളേജിൽ നിന്നും നട്ടുച്ചയ്ക്ക് ഒരു കിലോമീറ്റർ നടന്ന് സിവിൽ ലൈനിൽ എത്തുന്നത് അത്ര സുഖകരമല്ല. പ്രശ്നം ഒരു കിലോമീറ്റർ ദൂരമല്ല. ചൂടാണ്. ഏപ്രിൽ ആകുമ്പോഴേക്കും ചൂട് നാല്പത്തിയാറു ഡിഗ്രി സെൽഷ്യസ് ആവും. ആ ചൂടിലാണ് കുടയില്ലാതെ സിവിൽ ലൈനിലേക്കുള്ള യാത്ര. അവിടെ അല്പസമയം ചിലവഴിക്കും.
സിവിൽ ലൈനിലെ മുറിയിൽ, നിന്നുതിരിയാൻ ഇടമില്ല. ഒരു കുടുസ്സു മുറി. അവിടെ ആകെ ഉണ്ടായിരുന്നത് ഒരു സിംഗിൾ പ്ലാസ്റ്റിക് കട്ടിലും, ഒരു തടിക്കസേരയും, ഒരു ചെറിയ തടിമേശയുമായിരുന്നു. അവിടെയാണ് അഞ്ചുപേർ ചിലപ്പോൾ ഏഴുപേർ സസുഖം രാജകീയമായി ജീവിച്ചിരുന്നത്. അതിൽ എൻറെ സീനിയേഴ്സും മാത്യുവും പിന്നെ ചില ജൂനിയേഴ്സും പെടും. ആ മുറി ഒരിക്കലും പൂട്ടാറില്ല. തുറന്നിട്ടിരിക്കും.
മുറി തുറക്കുന്നത് ഇഷ്ടിക വിരിച്ച വഴിയിലേക്കാണ്. മുറിയിൽ നിന്നും കാലെടുത്തുവെച്ചാൽ വഴിയായി. മുറ്റമില്ല. അതുകൊണ്ട് പലപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മുറിയിൽ കയറി വരും. മുറിയിൽ കയറുന്ന പശുവിനെ ഞങ്ങൾ ചീത്ത വിളിച്ച് ഓടിച്ചില്ല. ചീത്ത വിളിച്ചാലും പ്രയോജനം ഉണ്ടാകുമായിരുന്നില്ല. മുറിയില്‍ കയറുന്ന പശു അതേപോലെ റിവേഴ്സെടുത്ത് പുറത്തേക്കു പോകും. കാരണം പശുവിനു നിന്നുതിരിയാന്‍ ആ മുറിക്കകത്ത് സ്ഥലമുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഞാൻ ആ മുറിയിൽ എത്തുമ്പോൾ ആരും ആ മുറിയിൽ ഇല്ല. പതിവുപോലെ മുറി തുറന്നു കിടക്കുന്നു. ഞാൻ മുറിയിൽ കയറിയിരുന്നു. ആരെങ്കിലും വരുന്നതും കാത്ത്. പക്ഷേ ഒരു പ്രായമായ മനുഷ്യനാണ് അപ്പോള്‍ മുറിയിലേക്ക് വന്നത്. ഏതാണ്ട് എഴുപതിനടുത്ത് പ്രായം മതിക്കും. ഒരു മുഷിഞ്ഞ പൈജാമ മാത്രമാണ് വേഷം. അഴുക്കുകൊണ്ട് ഇരുണ്ടു പോയ ഒരു പൈജാമ.
അദ്ദേഹം എന്നെ ആദ്യമായി കാണുകയാണ്. എന്നിട്ടും ചിരപരിചിതനെ കണ്ടതുപോലെ നിറഞ്ഞ ചിരിയുമായി അയാൾ മുറിയിലേക്ക് കയറിവന്നു. അദ്ദേഹം ആടുന്ന പഴയ തടിക്കസേരയിലിരുന്നു. കസേര ഒടിഞ്ഞു വീഴില്ല എന്ന് ഉറപ്പാണ്. കാരണം ആ മാന്യനെ പെട്ടിത്രാസ്സില്‍ വച്ച് തൂക്കി നോക്കിയാൽ കഷ്ടിച്ച് ഇരുപത്തിയെട്ടു കിലോയെ കാണു. ഏറിയാൽ മുപ്പത്. അതിനപ്പുറം ഇല്ല. അത് താങ്ങാനുള്ള കരുത്ത് ആ കസേരയ്ക്ക് ഉണ്ട്. ഞാൻ പ്ലാസ്റ്റിക് കട്ടിലിൽ ഇരിക്കുകയാണ്.
ഞാൻ ആ മനുഷ്യനെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അപ്പോള്‍ ഏറെക്കുറെ പല്ലെല്ലാം പോയ മോണ കാട്ടി അദ്ദേഹം നിറഞ്ഞ ചിരിയോടെ പറഞ്ഞു “മാലിക്”. ഞാൻ ഒട്ടും മയമില്ലാതെ പറഞ്ഞു. “ശ്രീരാജ്”.
“ഓ. ടീക്ഹെ ടീക്ഹെ.” അപ്പോഴും അദ്ദേഹത്തിന് നിറഞ്ഞ ചിരി തന്നെ. ആ മനുഷ്യൻ എന്തൊക്കെയോ വളരെ ലോഹ്യത്തിൽ എന്നോട് പറഞ്ഞുകൊണ്ടിരിന്നു. എനിക്കൊന്നും മനസ്സിലായില്ല. കാരണം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത് ഹിന്ദിയിലാണ്. നല്ല ഒന്നാന്തരം പ്രൗഢമായ ഹിന്ദിയില്‍. ഞാൻ ഒട്ടും താഴാൻ പോയില്ല. വലിയ ബുദ്ധിമാനാണ് ഞാൻ എന്ന ഭാവത്തില്‍ അങ്ങനെ ഇരുന്നു.
ഞാന്‍ അപ്പോള്‍ ഡോക്ടര്‍ ഓസ്ലറെ ഓർത്തു. വൈദ്യബിരുദം നേടി ഹിപ്പൊക്രാറ്റെഴ്സ് പ്രതിജ്ഞയുമെടുത്ത് പുറത്തേക്ക് പോകുന്ന കൊച്ചു ഡോക്ടർമാർക്ക് അദ്ദേഹം കൊടുക്കുന്ന അവസാന ഉപദേശം, അറിവില്ലായ്മ പുറത്ത് കാണിക്കരുത് എന്നാണ്. ഒരു രോഗിയെ കാണുമ്പോൾ, രോഗി പറയുന്ന ലക്ഷണങ്ങൾ വെച്ച് രോഗം തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ, അതൊരിക്കലും രോഗിയെയോ കൂടെ നിൽക്കുന്നവരെയോ അറിയിക്കരുത്. ഗൗരവത്തിൽ മൗനം ദീക്ഷിക്കുക. കാരണം രോഗിക്ക് നിങ്ങളിലുള്ള വിശ്വാസം, രക്ഷപ്പെടുമെന്നുള്ള വിശ്വാസം, തകർക്കരുത്. ഇത് വൈദ്യശാസ്ത്രത്തിലെ ഒരു പ്രായോഗിക മാർഗ്ഗം. ഞാനും അതുതന്നെ സ്വീകരിച്ചു.
എനിക്ക് ഹിന്ദി അറിയില്ല എന്നും ‘ധന്യാത്മന്‍ താങ്കൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല’ എന്നും ഞാൻ പറഞ്ഞില്ല. കാരണം അത് പറയാനുള്ള ഹിന്ദി പോലും എൻറെ കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഓസ്ലറിന്റെ ഉപദേശം ഞാൻ നടപ്പിലാക്കി.
വളരെ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു നിർത്തുന്ന ഗ്യാപ്പിൽ ഞാൻ മൂളും. എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ. അപ്പോഴും ഞാന്‍ പ്രാർത്ഥിക്കുകയായിരുന്നു. ഈശ്വരാ സീനിയേഴ്സ് ആരെങ്കിലും വരണേ. കുറഞ്ഞപക്ഷം മാത്യുവെങ്കിലും. കാരണം മാത്യുവിന് നന്നായി ഹിന്ദി അറിയാം. പഴയ നാഗാലാൻഡ് എക്സ്പീരിയൻസ്.
ആരും വന്നില്ലെങ്കിൽ ഞാൻ പൊളിയും. കാരണം ആ മനുഷ്യൻ ഇത്രയും നേരം സംസാരിച്ച സ്ഥിതിക്ക്, കൂടുതൽ അടുത്ത സ്ഥിതിക്ക്, എന്നെപ്പറ്റി അറിയാൻ എന്തെങ്കിലും ചോദിച്ചാൽ, ഞാൻ പൊളിയും. ഉറപ്പായും പൊളിയും. പക്ഷേ അത് സംഭവിച്ചില്ല. പെട്ടെന്ന് ആ മനുഷ്യൻ സഹജമായ ചിരി ഒന്നുകൂടി വിശാലമാക്കി ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ അവിടെയിരുന്നു. അന്ന് ഞാൻ പരിചയപ്പെട്ട മാലിക് എന്ന ആ മനുഷ്യനെ ഓർത്തുകൊണ്ട്.
അല്പസമയത്തിനുള്ളിൽ സീനിയേഴ്സിൽ ഒരാൾ എത്തി. പതിവുപോലെ ലോഹ്യം പറഞ്ഞു. പറയുന്ന കൂട്ടത്തിൽ പ്രായം കൂടിയ മാലിക് എന്ന പേരുകാരനെ പരിചയപ്പെട്ട കാര്യം ഞാൻ പറഞ്ഞു. പറഞ്ഞുതീരും മുമ്പ് സീനിയർ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“ശ്രീ, മാലിക് എന്നത് അയാളുടെ പേരല്ല. മാലിക് എന്ന് പറഞ്ഞാൽ, ഉടമസ്ഥൻ എന്നാണ്.” സീനിയർ തുടർന്നു. “പിച്ചക്കാരനെ പോലെ ഇരിക്കുന്ന ആ മനുഷ്യനാണ് ഈ ബിൽഡിങ്ങിന്റെ ഉടമസ്ഥൻ”.
ഇപ്രാവശ്യം ഞാൻ ശരിക്കും ഞെട്ടി. കാരണം സിവിൽ ലൈനിൽ സെന്റിന് കോടികള്‍ വിലപറയുന്ന സ്ഥലത്ത് ഏതാണ്ട് നാലായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള ഒരു വലിയ മൂന്നുനില കെട്ടിടത്തിന്റെ ഉടമയാണ് മുഷിഞ്ഞ പൈജാമ ഇട്ടു അല്പംമുമ്പ് ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയത് എന്ന സത്യം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ആ ബിൽഡിങ്ങിൽ തന്നെയാണ് ആ മനുഷ്യനും കുടുംബവും താമസിക്കുന്നത്. റോഡിന് അഭിമുഖമായിട്ടുള്ള ഭാഗം പൂർണമായും നിരയായ കടകളാണ്. അതിൻറെ എല്ലാം ഉടമസ്ഥൻ അയാളാണ്. മാസം ലക്ഷങ്ങൾ വാടക വാങ്ങുന്ന വ്യക്തി. ഒരു ദിവസം കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും അദ്ദേഹം ആ മുറിയിൽ വരും. ഞങ്ങളുടെ പ്രായക്കാരെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. പിന്നീട് പലപ്പോഴും ആ മനുഷ്യനെ ഞാൻ ആ മുറിയിൽ കണ്ടിട്ടുണ്ട്. നല്ല മനുഷ്യൻ. വാടകക്കാര്യത്തിൽ ഒരു കാലതാമസവും അനുവദിക്കാത്ത നല്ല തങ്കപ്പെട്ട മനുഷ്യൻ.
മാർച്ച് പകുതി കഴിഞ്ഞാൽ കാൺപൂരിൽ ചൂടു തുടങ്ങും. ഹോളി തണുപ്പു മാറിയതിന്റെ ഉത്സവമാണ്. അതുമായി ഇഴചേര്‍ന്ന ഐതിഹ്യങ്ങൾ ഏറെ ഉണ്ടെങ്കിലും ഹോളി കഴിഞ്ഞാൽ എല്ലാവരും സ്വെറ്റര്‍ ഊരും. പിന്നെ ചൂടാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളില്‍. ജൂലൈ പകുതിക്ക് മഴപെയ്യും. കഷ്ടിച്ച് രണ്ടാഴ്ചത്തേക്ക്.
ചൂടുകാലം കടുത്തതാണ്. ഫാനും, കൂളറും ഒക്കെ ഏറെ വിൽക്കുന്ന കാലം. എയർകണ്ടീഷണർ അധികം ആരും ഉപയോഗിച്ചിരുന്നില്ല. എത്ര കടുത്ത ചൂടും ഒരു ഫാനിൽ അല്ലെങ്കിൽ ഒരു കൂളറിൽ ഒതുക്കും. അത് വാങ്ങണമെന്നില്ല. കാൺപൂരിൽ എന്തും വാടകയ്ക്ക് കിട്ടും. വിവാഹത്തിന് വരനിടാനുള്ള ഷൂ മുതല്‍ എന്തും. അതുകൊണ്ട് വേനൽക്കാലത്ത് പല വീട്ടുകാരും തങ്ങളുടെ പഴയ ടേബിൾ ഫാൻ, കൂളർ മുതലായവ വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കും. അതാണ് വഴക്കം.
ചൂട് തുടങ്ങിയപ്പോൾ, ഏപ്രിൽ ഒന്നിന് നമ്മുടെ മാലിക് നിറഞ്ഞ ചിരിയോടെ ഒരു പഴയ ടേബിൾ ഫാൻ ആ മുറിയിൽ കൊണ്ടുവന്നു വച്ചു. നാല് ലീഫ് ഉള്ള പഴയ ഒരു ഫാന്‍. ഓണാക്കിയാൽ ട്രാക്ടർ പോകുന്ന പോലെയാണ് ശബ്ദം. പലപ്പോഴും ഞങ്ങൾ സ്വകാര്യം പറയുമ്പോൾ എത്ര ചൂടുണ്ടെങ്കിലും ഫാൻ ഓഫ് ചെയ്തിടുകയാണ് പതിവ്. ശീലം കൊണ്ടാവാം ഫാനിന്റെ വലിയ ശബ്ദത്തിലും ആ മുറിയിൽ ഉറക്കത്തിന് ആർക്കും കുറവൊന്നും വന്നില്ല.
സ്നേഹോപഹാരമായ ഫാന്‍ വേണ്ടെന്നുവയ്ക്കാൻ ആരും തയ്യാറായതുമില്ല. പക്ഷേ ആ ധാരണ പൊളിഞ്ഞത് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ്. ഏപ്രിൽ മാസത്തെ വാടക വാങ്ങാൻ വന്ന മാലിക് മുപ്പതു രൂപകൂടി കൂടുതൽ ആവശ്യപ്പെട്ടു. എന്തിന് എന്നായി ചോദ്യം. ആർക്കും ആ മുപ്പതിന്റെ കണക്കു മനസ്സിലായില്ല. മാലിക് കൂളായി ഫാൻ ചൂണ്ടിക്കാട്ടി. എന്നിട്ട് പറഞ്ഞു.
“ഇതിൻറെ വാടക”. ആരും ഒന്നും മിണ്ടിയില്ല. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്കൊടുവിൽ സീനിയർ ഇരുപതു രൂപ എടുത്തു കൊടുത്തു. ചിരിച്ചുകൊണ്ട് മാലിക് അത് വാങ്ങി. പിന്നെ വീണ്ടും കൈ നീട്ടി. സീനിയർ അഞ്ചു രൂപ കൂടി കൊടുത്തു. കൈ നീണ്ടു തന്നെ. പിന്നെ മൂന്നു രൂപ കൊടുത്തു. അവസാനം രണ്ട് രൂപ കൂടി കൊടുത്തു. മാലിക് അത് വാങ്ങി പിന്നെ സന്തോഷത്തോടെ അടുത്ത കസേരയിലിരുന്ന് കുറെ ലോഹ്യം പറഞ്ഞിട്ട് ഇറങ്ങിപ്പോയി.
ഫാനിന്റെ മാസവാടക മുപ്പതു രൂപ. അങ്ങനെ കണക്കാക്കി എല്ലാവരും. പക്ഷേ അത് തെറ്റായിരുന്നു. മെയ് മാസത്തിനൊപ്പം ഫാനിന്റെ വാടക മുപ്പതു രൂപ കൊടുത്തപ്പോൾ മാലിക് വീണ്ടും കൈ നീട്ടി. സീനിയറിനു ദേഷ്യം വന്നു. അദ്ദേഹം പരുഷമായി ഫാനിന്റെ മാസവാടക മുപ്പതു രൂപ കൂടി അതിലുണ്ടെന്ന് പറഞ്ഞപ്പോൾ മാലിക് തിരുത്തി.
“ഫാന്‍ മാസ വാടകയ്ക്കല്ല ദിവസ വാടകയ്ക്കാണ്”. എന്നിട്ട് അദ്ദേഹം കലണ്ടറിലേക്ക് വിരൽ ചൂണ്ടി. ശരിയാണ് മെയ് മാസം മുപ്പത്തിയൊന്നു ദിവസം ഉണ്ട്. സീനിയർ രൂക്ഷമായി മാലിക്കിനെ നോക്കി. പിന്നെ ഒരു രൂപ നാണയം കൂടി എടുത്തു കൊടുത്തു. മാലിക് സന്തോഷത്തോടെ അത് വാങ്ങി. പോകുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞു.
“ദിവസം ഒരു രൂപ. അതാണ് ഫാനിന്റെ വാടക.” പിന്നെ വിശാലമായ ഒരു ചിരി ചിരിച്ചിട്ട് അയാള്‍ ഇറങ്ങിപ്പോയി. വീട്ടില്‍ ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്ന ഫാന്‍ വരെ അങ്ങനെ ആ സാമ്പത്തിക വിദഗ്ധന്‍ മുതലാക്കി. നല്ല തങ്കപ്പെട്ട മനുഷ്യന്‍.
ഇലക്ഷനില്‍ തോറ്റതിന്റെ പ്രതികാര നടപടി ആയിരിക്കണം ചോട്ടുവിനു നേരെ ഉണ്ടായത്. മാത്യുവും ചോട്ടുവും സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ നിറയൊഴിച്ചത്. ലക്‌ഷ്യം മാത്യുവായിരിക്കണം. കാരണം വരുത്തനായ മാത്യുവിനോട് തോന്നുന്ന വിരോധം സ്ഥലവാസിയായ ചോട്ടുവിനോട് തോന്നേണ്ട കാര്യമില്ല. പക്ഷെ ഉന്നം തെറ്റി ചോട്ടുവാണ് ഇരയായത്.
ആ സംഭവത്തിനുശേഷം ഞാൻ സിവിൽ ലൈനിലെ മുറിയിലേക്ക് പോയില്ല. കാരണം അവിടെ ആ മനുഷ്യനുണ്ട്. മാലിക്. അയാളെ അഭിമുഖീകരിക്കാൻ വയ്യ. ഞാൻ സിവിൽ ലൈൻ വിട്ടു. എന്നെന്നേക്കുമായി.
മാത്യു നാട്ടിലേക്ക് പോരുമ്പോൾ അവനെ റെയിൽവേസ്റ്റേഷനിൽ പോയി കണ്ടു യാത്രയാക്കി. അവനൊപ്പം അപ്പോൾ വിവേക് ഉൾപ്പെടെ ഒരു വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ലോകേഷിന്റെ ആളുകൾ മാത്യുവിനെ ആക്രമിക്കാനുള്ള സാധ്യത എല്ലാവരും കണക്കുകൂട്ടിയിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ല. എൻറെ ഭയം അവൻ യാത്ര ചെയ്യുന്ന ട്രെയിനിൽ പണി വരുമോ എന്നായിരുന്നു. കാരണം ട്രെയിൻ കാൺപൂരിൽ നിന്നും ഝാൻസി വരെ ഏറെക്കുറെ ഒഴിഞ്ഞ കമ്പാർട്ട്മെന്റുകളുമായാണ് സഞ്ചരിക്കുന്നത്. ഏതാണ്ട് മൂന്ന് മണിക്കൂർ. ഝാൻസി ആവുമ്പോൾ കമ്പാർട്ട്മെന്റുകൾ നിറയും. ആ മൂന്നു മണിക്കൂർ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയന്നു. ഞാൻ അത് മാത്യുവിനോട് പറഞ്ഞില്ല. അവനു ഭയം ഉണ്ടാക്കേണ്ട എന്ന് കരുതി. പക്ഷേ ഞാൻ ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല.
അനന്തര വൃത്താന്തം
മാത്യു പോയിക്കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് തിരിച്ചത്. എനിക്ക് പ്രാക്ടിക്കൽ പരീക്ഷ താമസിച്ചാണ് നടന്നത്.
നാട്ടില്‍ വന്നപാടെ ഞാൻ മാത്യുവിനെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. അവൻ സുഖമായി നാട്ടിലെത്തിയിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞ് ഞാൻ മാത്യുവിനെ പോയി കണ്ടു. പത്തു മണിക്കൂർ യാത്ര ചെയ്ത്. അത്രയും ദൂരം ഉണ്ടായിരുന്നു ഞങ്ങളുടെ വീടുകൾ തമ്മിൽ.
അവനൊപ്പം ഉച്ചഭക്ഷണം കഴിച്ചു. കുറെ സമയം ചിലവഴിച്ചു. പഴയ കാര്യങ്ങൾ പലതും പറഞ്ഞു. പക്ഷേ അപ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരും ചോട്ടുവിനെ പരാമർശിച്ചില്ല. വൈകിട്ട് തിരിച്ചു പോരുന്നതിനു മുമ്പ് ബസ് സ്റ്റാൻഡിന് അരികിലുള്ള തട്ടുകടയിൽ നിന്ന്ഞങ്ങള്‍ ചായ കഴിച്ചു.
മാത്യു ഒരു ചെയിൻ സ്‌മോക്കറാണ്. ചായ കുടിക്കുമ്പോഴും അവൻ വലിക്കും. ഒരു സിപ്പ് ഒരു പഫ്. അതാണ് രീതി. അത് അവൻ ആസ്വദിച്ച് സമയമെടുത്ത് ചെയ്യുന്ന ഒരു പ്രക്രിയയാണ്.
ബസ് വരാൻ ഇനിയും സമയമുണ്ട്. പെട്ടെന്ന് അവൻ മൗനിയായി. ഏതാനും മിനിറ്റ് കഴിഞ്ഞ് വിദൂരതയിലേക്ക് നോക്കി മാത്യു പറഞ്ഞു.
“എന്നെ യാത്രയാക്കാൻ നീ റൂമിൽ വരാഞ്ഞത് നന്നായി.”
ഞാൻ അവനെ നോക്കി. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അവൻ തുടർന്നു.
“മുറിയിൽ നിന്നും പെട്ടിയും എടുത്ത് ഞാന്‍ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അയാൾ വന്നത്”. അവൻ നിർത്തി. പിന്നെപ്പറഞ്ഞു. “നിൻറെ മാലിക്. ചോട്ടുവിന്റെ…”
അവൻ വികാരാധീനനായി.
“താങ്ങാൻ പറ്റിയില്ല. അയാള്‍ എന്‍റെ നെഞ്ചിലേക്ക് ചാരി നിന്ന് മുഖംപൊത്തി വിങ്ങിക്കരഞ്ഞു. താങ്ങാൻ പറ്റിയില്ല.”
ഞാനൊന്നും മിണ്ടിയില്ല. ശൂന്യതയിലേക്ക് നോക്കി നിന്നു. എൻറെ തൊണ്ട അടഞ്ഞു പോയിരുന്നു. ഒരു ചെറിയ നിശബ്ദത. പിന്നെ മുറിഞ്ഞ വാക്കുകളിൽ ചിലമ്പിച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.
“ചില സമയത്ത് കണ്ണുനീരിന് തണുപ്പല്ല. ചൂടാണ്. ചുട്ടുപൊള്ളുന്ന ചൂട്. എന്റെ നെഞ്ച് നീറിപ്പോയി.”
പകുതി ഒഴിഞ്ഞ ക്ലാസിലെ ചായയും പിടിച്ചുകൊണ്ട് ഞാന്‍ നിന്നു. ഞാൻ അവനെ നോക്കിയില്ല. അവൻ എന്നെയും. ഞങ്ങൾ രണ്ടുപേരും ശൂന്യതയിലേക്ക് തന്നെ നോക്കി നിന്നു. ഏറെ നേരം.
ബസ്സിൽ കയറുമ്പോൾ ഞാന്‍ സൈഡ്സീറ്റ് നോക്കിയിരുന്നു. പുറത്തേക്ക് നോക്കിയിരിക്കാം. മറ്റുള്ളവർ മുഖം കാണുകയില്ല. ബസ്സ് ഇളകിയപ്പോൾ അവൻ കൈവീശി യാത്ര പറഞ്ഞു.
ഞാൻ ബസ്സിലിരിക്കുമ്പോള്‍ മാത്യു പറഞ്ഞതാണ് ഓർത്തത്. ചില സമയത്ത് കണ്ണീരിന് ചുട്ടുപൊള്ളുന്ന ചൂടാണ്. ശരിയാണ് ഞാൻ അത് മുന്നേ മനസ്സിലാക്കിയിരുന്നു.
ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഇറക്കിക്കിടത്തിയ തിവാരിയുടെ മൃതദേഹത്തിലേക്ക് മറിഞ്ഞു വീഴും മുമ്പ്, സമീപത്തു നിന്ന ഞങ്ങളെ നോക്കിയുള്ള ആ സ്ത്രീയുടെ, തിവാരിയുടെ അമ്മയുടെ കരച്ചിൽ താങ്ങാന്‍ പറ്റിയില്ല. പച്ചയ്ക്ക് നെഞ്ചു വലിച്ചുകീറിയ പോലെയുള്ള അനുഭവം.
പിന്നെ ഏതാനും ദിവസം കഴിഞ്ഞുള്ള തിവാരിയുടെ മരണാനന്തരചടങ്ങിൽ ഞങ്ങൾക്ക് സ്നേഹപൂർവ്വം ആഹാരം വിളമ്പിയിട്ട്, കഴിച്ചുകൊണ്ടിരുന്ന ഞങ്ങളെ നോക്കി എല്ലാ ആതിഥ്യമര്യാദയും മറന്ന് സാരിത്തലപ്പുകൊണ്ട് മുഖംപൊത്തി തിവാരിയുടെ അമ്മ കരഞ്ഞപ്പോൾ ആ അനുഭവം വീണ്ടും ഞാന്‍ അനുഭവിച്ചു. ചുട്ടുപൊള്ളുന്ന നീറ്റലിന്റെ അനുഭവം.
ഞാന്‍ ബസ്സിൽ കയറുന്നതിനു മുമ്പ്, വിദൂരതയിലേക്ക് നോക്കി മാത്യു അവസാനമായി പറഞ്ഞത് എൻറെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
“എനിക്ക് പകരമാണ് ചോട്ടു പോയത്. എനിക്ക് വെച്ചിരുന്നതാണ് അവൻ…… വിധി എന്നല്ലാതെ എന്തു പറയാൻ.”
അതെ. വിധി. അല്ലാതെന്തു പറയാൻ. ഞാൻ കണ്ണുകൾ പതുക്കെ അടച്ചു. പിന്നെ മുൻസീറ്റിന്റെ പിന്നിലേക്ക് ചാരി.
dr.sreekumarbhaskaran@gmail.com