പോൾ പിന്റോ മാത്യു.
Apex, NC: നോർത്ത് കരോലിനയിലെ ലൂർദ്ദ്മാതാ സീറോമലബാർ കത്തോലിക്ക പള്ളിയിൽ മേയ് 4, 5 തീയതികളിൽ ഇടവകത്തിരുനാളാഘോഷിക്കുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ച ആഘോഷമായ വിശുദ്ധകുർബാനയെത്തുടർന്ന് തിരുനാളിന് കൊടിയേറി. ആഘോഷങ്ങൾക്ക് വികാരി ഫാ.തോമസ് മങ്ങാട്ടും ഫാ.ബിനോയ് ഡേവിസും കാർമ്മികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധകുർബാനയും നൊവേനയും നടത്തപ്പെടുന്നു. ഫാ.കുര്യാക്കോസ് വടാനയും ഫാ.രാജീവ് വലിയവീട്ടിലും നോവേനദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.
മേയ്4 ശനിയാഴ്ച ഫാ.തോമസ് മങ്ങാട്ടിന്റെ നേതൃത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് സാംസ്കാരികോത്സവവും നടത്തപ്പെടും. നൃത്തങ്ങളും ഗാനമേളയും മാർഗ്ഗംകളിയും ഉത്സവത്തിന് മാറ്റ് കൂട്ടും. അനുബന്ധമായി കരിമരുന്ന് കലാപ്രകടനവും നടക്കും. മേയ്5 ഞായറാഴ്ച ഫാ.ടോം രാജേഷിന്റെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയും തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടികളോടെ ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും നടത്തപ്പെടും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചെണ്ടമേളം, ഫെയ്സ് പെയിന്റിങ്ങ്, ബലൂൺ മേള തുടങ്ങിയവും ഉണ്ടാകും.
തിരുനാളിനോടനുബന്ധിച്ച് വൈദ്യുതദീപാലങ്കരങ്ങളാൽ മനോഹരമാക്കിയ ദേവാലയവും പരിസരവും ഇതിനോടകം തന്നെ പ്രദേശവാസികളുടെ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. ഇടവകാംഗങ്ങളായ 13 പ്രസുദേന്തിമാരോടൊപ്പം കൈക്കാരന്മാരും ഇടവക വികാരി ഫാ. തോമസ് മങ്ങാട്ടും തിരുനാൾ നടത്തിപ്പിന് നേതൃത്വം നല്കിവരുന്നു.