ജോയിച്ചന്‍ പുതുക്കുളം.
കാൽഗറി : റെവ. ജോജി ജേക്കബ് എഴുതിയ “വചനം അതിമധുരം ശ്രേഷ്ഠം ജീവൻ പകർന്നിടും നല്ല ഭോജ്യം മരുവിൽ ജീവജലം” എന്ന ഭക്തിഗാനം 129-മത് മാരാമൺ കൺവൻഷനിൽ ആലപിച്ചു. കാനഡയിലെ, കാൽഗറി സെയിന്റ് തോമസ് മാർത്തോമാ പള്ളിയുടെ വികാരിയായ റെവ. ജോജി ജേക്കബിന്റെ വാക്കുകളിലൂടെ .
129-മത് മാരാമൺ കൺവൻഷനിൽ “വചനം അതിമധുരം ശ്രേഷ്ഠം ജീവൻ പകർന്നിടും നല്ല ഭോജ്യം മരുവിൽ ജീവജലം” എന്ന പാട്ട് എഴുതുവാൻ ദൈവം ഇടയാക്കിയത് ഓർത്ത് ദൈവത്തെ സന്നിധിയിൽ സ്തുതിക്കുകയും വിനയപ്പെടുകയും ചെയ്യുന്നു. ജീവിതസരണിയിൽ ഏറ്റവും പ്രയാസപ്പെടുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ വചനം എപ്പോഴും ശക്തിപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിൽ ഒത്തിരി ഒത്തിരി പ്രയാസങ്ങളും സങ്കടങ്ങളും ഉണ്ടായപ്പോൾ, പകച്ചു നിന്നപ്പോൾ ശക്തി പകർന്നു നൽകിയതും വഴി കാണിച്ച് തന്നതും വചന അനുഭവമായിരുന്നു. മരുഭൂമിയിൽ ഹാഗർ നിലവിളിച്ചപ്പോൾ ജീവിത മരുവിൽ ഹാഗറിനു നീരുറവയെ തുറന്ന് കൊടുത്തുപോലെ എന്റെ ജീവിതത്തിലും ജീവജലം നൽകി ജീവിപ്പിച്ചത് ഈ സദ് വചനമായിരുന്നു. എന്റെ ജീവിതത്തിൽ 2021 ൽ കോവിഡിന്റെ ലോക്ക് ഡൗൺ സമയത്ത് കോഴഞ്ചേരിയിൽ നിന്ന് എറണാകുളം മെഡിക്കൽ സെന്ററിലേക്കുള്ള യാത്രയിൽ ആലപ്പുഴ പുന്നപ്രയിൽ വെച്ച് ഒരു ട്രാൻസ്ഫോമറിന്റെ ഇലക്ട്രിക് പോസ്റ്റിൽ അടിച്ച് വലിയ ആക്സിഡന്റ് സംഭവിച്ചു. ഞാനായിരുന്നു വാഹനമോടിച്ചത്. ഞങ്ങൾ നാലു പേരാണ് അതിലുണ്ടായിരുന്നത്. എല്ലാവരും അവിടെ വെച്ച് മരിച്ചു പോകേണ്ടത് ആയിരുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായി നശിച്ചു. ഇത് എന്തുകൊണ്ട് എന്നുള്ള ചോദ്യം എന്റെ മനസ്സിൽ ഉയർന്നു വന്നില്ല. എന്നാൽ ഞങ്ങളുടെ നാലുപേരുടെയും ശരീരത്തിന് ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങളെ നാലുപേരെയും ദൈവം രക്ഷിച്ചു. എന്നാൽ അന്നും തുടർന്നുള്ള ജീവിത നിമിഷങ്ങളിലും ശക്തികരിച്ചത് വചനത്തിന്റെ ശക്തിയായിരുന്നു. പിന്നീട് ഓരോ നിമിഷവും വചനം മനനം ചെയ്യുമ്പോൾ ആ വചനം തെളിഞ്ഞു പ്രകാശിച്ച് അന്തരാത്മാവിനും ശരീരത്തിനും മനസ്സിനും സൗഖ്യവും വിടുതലും നൽകി. വഴിയറിയാതെ അലയുന്നവർക്ക് അടഞ്ഞ വഴി തുറക്കുന്ന വഴിയൊരുക്കുന്ന വചനം. അത് ജീവൻ നൽകുന്ന നല്ല ഭോജ്യമാണ് . മരുഭൂമിയിലൂയുള്ള യാത്ര അനുഭവങ്ങൾ വരുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക് ആണെന്നുള്ള തോന്നൽ വരുമ്പോൾ ജീവൻ പകരുന്ന വചനം വായിച്ചു ധ്യാനിച്ച് എന്റെ ഹൃദയത്തോട് ചേർത്തു പിടിച്ച് ഞാൻ പ്രാർത്ഥിക്കും. ഓരോ വഴികളും അടഞ്ഞപ്പോഴും വഴി ഒരുക്കുകയായിരുന്നു വചനം. അനുഗ്രഹീതനായ സംഗീതജ്ഞൻ ശ്രീ ജോസി പുല്ലാട് ആണ് ഈ വാക്കുകൾക്ക് സംഗീതം നൽകിയത്. ഈ പാട്ടിന്റെ ഈണം ചിട്ടപ്പെടുത്തിയപ്പോൾ ആ സമയത്ത് വചനത്തിന്റെ ശക്തിയുടെ ദൈവീക വ്യാപാരം അനുഭവിപ്പാനായിട്ട് ഞങ്ങൾക്ക് രണ്ടുപേർക്കും കഴിഞ്ഞു. 129-മത് മാരാമൺ കൺവൻഷനിൽ ഈ പാട്ടും ദൈവവചന ധ്യാനവും എല്ലാവർക്കും അനുഗ്രഹത്തിനും സൗഖ്യത്തിനും വിടുതലിനും മുഖാന്തരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.