ജോയിച്ചന്‍ പുതുക്കുളം.
ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റും ദീർഘകാലമായി ഫോമാ നേതാവുമായ സാമുവൽ മത്തായി 2024 -2026 കാലഘട്ടത്തിലേക്കുള്ള ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
2020 -2022 -ൽ ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഡാളസ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ സംഘടനക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കലാലയ ജീവിതത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവർത്തിച്ചു തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ “രഥം” ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു.
ജന്മനാട് കേന്ദ്രീകരിച്ചു നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തുവരുന്നു. നാഷണൽ കമ്മിറ്റിയംഗവും വിമെൻസ് ഫോറം വൈസ് ചെയറുമായ മേഴ്‌സി സാമുവേലാണ് സഹധർമ്മിണി. മകൻ ആരോൺ .
അമേരിക്കയിൽ എത്തി അധികം വൈകാതെ തന്നെ സ്വന്തം ബിസിനെസ്സ് ആരംഭിക്കുകയും ചെയ്തു. ആദ്ദേഹം ആരംഭിച്ച ബിസ്സിനെസ്സുകളെല്ലാം ലാഭകരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമാണ്.
സാമുവൽ മത്തായിയുടെ നേതൃത്വം ഫോമായുടെ വളർച്ചക്കു മുതൽക്കൂട്ടാണെന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ് റ്റി ഉമ്മൻ പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഫോമാ പ്രവർത്തകർക്കു അഭിമാനത്തിന്റെ സുദിനമാണിന്ന് – തോമസ് റ്റി ഉമ്മൻ വ്യക്തമാക്കി.
തോമസ് റ്റി ഉമ്മനോടൊപ്പം ഫോമാ ടീം 2024 -2026 ട്രഷറർ സ്ഥാനാർഥി ബിനൂബ് ശ്രീധരൻ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി കല്ലൂപ്പാറ, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി ഡോ . പ്രിൻസ് നെച്ചിക്കാട്, ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി അമ്പിളി സജിമോൻ എന്നിവർ ടീമിലെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി സാമുവൽ മത്തായിയെ ഹാർദ്ദവമായി സ്വാഗതം ചെയ്തു.