ഷാജി രാമപുരം.
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75-ാം ജന്മവാർഷികാഘോഷം ഫെബ്രുവരി 19 തിങ്കളാഴ്ച (ഇന്ന് ) രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.
വിശുദ്ധ കുർബ്ബാന ശുശ്രുഷയോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ സഭയിലെ എല്ലാ ബിഷപ്പുന്മാരും പങ്കെടുക്കും. തുടർന്ന് 9 മണിക്ക് നടക്കുന്ന ജന്മവാർഷികാഘോഷ സമ്മേളനം ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മാർത്തോമ്മാ സഭയുടെയും, നിരണം – മാരാമൺ ഭദ്രാസനത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സി. എസ്. ഐ മദ്ധ്യ കേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, നിരണം – മാരാമൺ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, സഭാ കൗൺസിൽ അംഗം ജോർജ് ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗം സൂസമ്മ സാമുവേൽ, എന്നിവർ പ്രസംഗിക്കും. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്താ പ്രാരംഭ പ്രാർത്ഥനയും സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു സമാപന പ്രാർത്ഥനയും നടത്തും.
മാർത്തോമ്മാ സഭയുടെയും നിരണം – മാരാമൺ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതികളെപ്പറ്റി സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, നിരണം-മാരാമൺ ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ എന്നിവർ വിശദീകരിക്കും. സഭയുടെ വൈദീക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ സഭയുടെ ആദരവ് സമർപ്പിക്കും. നോർത്ത് അമേരിക്ക ഭദ്രാസനത്തെ പ്രതിനിധികരിച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ചടങ്ങിൽ പങ്കെടുക്കും.
ഇന്ന് 75-ാം ജന്മദിനവാർഷികം ആഘോഷിക്കുന്ന മുൻ ഭദ്രാസനാധ്യക്ഷൻ കൂടിയായ മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായ്ക്ക് നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിലിന്റെയും, എല്ലാ വൈദീകരുടെയും, സഭാ വിശ്വാസികളുടെയും പേരിലുള്ള ജന്മദിനാശംസകൾ നേരുന്നതായി ഭദ്രാസനത്തിനു വേണ്ടി സെക്രട്ടറി റവ.ജോർജ് എബ്രഹാം അറിയിച്ചു.