ജോൺസൺ ചെറിയാൻ.
കൊല്ലം: സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.