ജോൺസൺ ചെറിയാൻ.
പുതിയ ലോകറെക്കോർഡ് നേടി ഫ്ലോറിഡ സർവകലാശാല പ്രഫസറായ ജോസഫ് ഡിറ്റൂരി. വെള്ളത്തിനടിയിൽ തുടർച്ചയായി 74 ദിവസം താമസിച്ചാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. യുഎസിലെ ഒരേയൊരു സമുദ്രാന്തര ഹോട്ടലായ ഷൂൾസ് അണ്ടർസീ ലോഡ്ജിലാണു ഡിറ്റൂരിയുടെ താമസം. സമുദ്രനിരപ്പിൽ നിന്ന് 30 അടി താഴെ സ്ഥിതി ചെയ്യുന്ന ഈ ലോഡ്ജിലേക്ക് സ്‌കൂബ ഡൈവ് ചെയ്താണ് ആളുകൾ എത്തുന്നത്.1986ൽ ആണ് ഷൂൾസ് അണ്ടർസീ ലോഡ്ജ് തുടങ്ങിയത്. വിഖ്യാതമായ ‘20000 ലീഗ്‌സ് അണ്ടർ ദ സീ എന്ന നോവലെഴുതിയ ഷൂൾസ് വേണിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സ്‌കൂബ ഡൈവിങ് സർട്ടിഫിക്കേഷനുള്ളവർക്കു മാത്രമാണ് ഇവിടെയെത്തി താമസിക്കാൻ സാധിക്കുക. 1970ൽ പ്യൂർട്ടോ റിക്കോയിൽ യുഎസ് നടത്തിയിരുന്ന ലാ ചുൽപ സമുദ്രാന്തര ലബോറട്ടറി പരിഷ്‌കരിച്ചാണ് ഷൂൾസ് അണ്ടർ സീ ലോഡ്ജ് സ്ഥാപിച്ചത്.