ഷെരീഫ് ഇബ്രാഹിം.
ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്ന് (1983) സെപ്റ്റംബർ 23ന്നാണ് ഈ സംഭവം നടന്നത്. എന്റെ പഴയ അനുഭവങ്ങൾ വായിക്കുന്നവർക്ക് ഞാനീ തിയ്യതികളൊക്കെ എങ്ങിനെ ഓർക്കുന്നു എന്ന് തോന്നാം. 1975 ജനുവരി 1 മുതൽ എല്ലാ ദിവസവും ഞാൻ ഡയറി എഴുതുന്നുണ്ട്. കമ്പ്യൂട്ടർ ആയപ്പോൾ അതൊക്കെ ഗൾഫിൽ വെച്ച് ഞാൻ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു. ചെറുതും വലുതുമായ എല്ലാം എഴുതി വെക്കും. ഇപ്പോൾ ഞാൻ നേരിട്ട് കംപ്യൂട്ടറിലും ഡയറിയിലും എഴുതുന്നു.
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ദോഹയിലേക്ക് പോകുന്ന ഗൾഫ് എയർ ആണ് ദുബായിലിറങ്ങാൻ ഇരുപത് മിനിറ്റ് ബാക്കിയുള്ളപ്പോൾ പൊട്ടിത്തെറിച്ചു ദുബായിക്കും അബൂദാബിക്കും ഇടയിലുള്ള അബൂദാബിയുടെ സ്ഥലമായ മരുഭൂമിയിൽ വീണത്. ആ സ്ഥലം അബുദാബി എയർപോർട്ടിൽ നിന്നും വെറും നാല്പത്തെട്ട് കിലോമീറ്റർ അകലെയാണ്. ഞാനന്ന് അബുദാബിയിൽ ബിൻ കാനേഷ് കമ്പനിയിൽ മേനേജരായി ജോലി ചെയ്യുന്നു. പിന്നീട് ഞാൻ അപകടസ്ഥലം സന്ദർശിച്ചു. സത്യത്തിൽ ഇതെഴുതുമ്പോൾ പോലും ഞാൻ അന്ന് ചെയ്ത കാര്യം ഓർത്ത് ഭയപ്പെടുകയാണ്.
ബ്ലാക്ക് ബോക്സ് കാണാൻ കഴിഞ്ഞില്ല. അത് ഒരു പക്ഷെ, പോലീസ് ആദ്യമേ കൊണ്ട് പോയിട്ടുണ്ടാവാം. പ്ലെയിനിന്റെ ഭാഗങ്ങൾ പലയിടത്തായി കരിഞ്ഞു ചിതറി കിടക്കുന്നുണ്ടായിരുന്നു. പിന്നെ, അവിടെ ഞാൻ കണ്ടത് പ്ലെയിനിന്റെ വാല് (tail) ആണ്. അതിനൊരു കേടും സംഭവിച്ചിട്ടുണ്ടായിരുന്നില്ല.
96 പാകിസ്ഥാനികളും ഏഴു ബ്രിട്ടീഷുകാരും ഒരു അമേരിക്കക്കാരനും ഒരു ഇറാനിയുമായിരുന്നു യാത്രക്കാർ. അതിന്റെ പൈലറ്റ് ഒമാനിയും കോ-പൈലറ്റ് ബഹ്റൈനിയുമടക്കം ഏഴ് ക്രൂ. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവരുടെയെല്ലാം ഡെഡ്ബോഡി അബുദാബിയിലെ ഉമ്മുന്നാറിൽ നിന്ന് മഫ്‌റഖിലേക്ക് പോകുന്നതിന്റെ ഇടത്തെ ഭാഗത്തുള്ള ഖബർസ്ഥാനിൽ മറവ് ചെയ്തു.
ആ മറമാടൽ ചടങ്ങിലും ഞാൻ പങ്കെടുത്തു. നമ്മുടെ നാട്ടിൽ കുളങ്ങൾ വൃത്താകൃതിയിൽ (round) ആണല്ലോ? ഇവിടെ ആ ഖബർസ്ഥാനിൽ ചതുരത്തിൽ (square) വളരെ താഴ്ച്ചയിൽ JCB ഉപയോഗിച്ച് കുളമുണ്ടാക്കി. BED FORD ലോറികളിലാണ് ഡെഡ്ബോഡി കൊണ്ട് വന്നത്. ഓരോ ലോറിയിലും പത്ത് ഡെഡ് ബോഡികൾ പെട്ടിയിലാക്കി കൊണ്ട് വന്നു. എന്നിട്ടു ഉണ്ടാക്കിയ കുളത്തിൽ പെട്ടികൾ നിരത്തി വെച്ച് മുകളിൽ കുറച്ച് ഉയരത്തിലേക്ക് മണ്ണിട്ടു നിരപ്പാക്കി. വീണ്ടു ആ മണ്ണിന്റെ മുകളിൽ വീണ്ടും പെട്ടികൾ വെച്ച് മണ്ണിട്ടു. അങ്ങിനെ ഈ 112 പെട്ടികളും ലെയർ ആയി ആ കുളത്തിൽ നിറച്ചു. അപ്പോൾ അവിടെ റോമൻ കാത്തലിക്ക് പള്ളിയിലെ അച്ഛൻ ഉണ്ടായിരുന്നു. കാരണം മരിച്ചവരിൽ കുറച്ചു ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. അന്നും ഇന്നും മുസ്ലീമീങ്ങളെ മറവ് ചെയ്യുന്നത് പള്ളിയിലെ ഖബർസ്ഥാനിൽ അല്ല. ഒന്ന് കൂടെ വ്യക്തമാക്കിയിൽ മറവ് ചെയ്യുന്നിടത്ത് പള്ളി ഇല്ല. വെറും തുറസ്സായ സ്ഥലം.