മലപ്പുറം: ‘നന്മയുടെ ലോകം ഞങ്ങളുടേത്’ എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്‌കൂൾ വേദിയായി. ടെക്‌നോളജിയുടെ വിസ്തൃതികൾക്കപ്പുറത്ത് അറിവിന്റെ വാതായനങ്ങളിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ ആറു പ്ലാനറ്റുകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം നേടി.
വിദ്യാഭ്യാസത്തിന്റെ ചക്രവാളങ്ങളിൽ നല്ല പൗരന്മാർ ഉദിച്ചുയരാനുള്ള അറിവന്വേഷണത്തിനുള്ള ഹൊറൈസൺ പ്ലാനറ്റിൽ അലി മണിക്ഫാൻ, ആനിസ മുഹ് യിദ്ദീൻ, നൗഷബ നാസ്, കെ.എച്ച്. ജരീഷ്, ഷെരീഫ് പവൽ, ഗിന്നസ് ദിലീഫ്, സുലൈമാൻ ഊരകം എന്നിവർ കരിയർ ഗൈഡൻസ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, പസിൽ കോർണർ എന്നീ സെഷനുകളിൽ പങ്കെടുത്ത് കുട്ടികളുടെ കഴിവുകൾ വളർത്താൻ സഹായികളായി.
കളിക്കളം പ്ലാനറ്റിൽ ഷാഹിദ് സഫറിന്റെ ഫുട്ബാൾ സ്‌കിൽസ്, ഫഹദ് മാഹി നയിച്ച അൽഫലാഹ് മൗണ്ട് ഗൈഡ് അവതരിപ്പിച്ച സെൽഫ് ഡിഫൻസ് തൈക്കൊണ്ടോ പ്രകടനം, നാസർ എടവണ്ണപ്പാറ, മുഹമ്മദ് അരീക്കോട്, ഹംസ മാസ്റ്റർ എന്നിവർ നയിക്കുന്ന കാലിക്കറ്റ് ട്രോമ കെയർ ടീം എയ്ഞ്ചൽസിന്റെ ഫസ്റ്റ് എയ്ഡ്, ഒറ്റയാൾ പ്രതിഷേധത്തിന്റെ മാതൃകയായ ജബ്ബാർ പെരിന്തൽമണ്ണയുടെ സോളോ പെർഫോമൻസ് ‘ശവവിൽപന’ എന്നിവ അരങ്ങേറി. ശരീരത്തിന്റെ അനക്കവും വഴക്കവും വേഗതയും പുഷ്ടിയും കൗമാരത്തിന്റെ ശക്തിയാണെന്നും ചൈതന്യമാണെന്നും അനുഗ്രഹമാണെന്നും പ്ലാനറ്റ് കുട്ടികളെ ബോധ്യപ്പെടുത്തി. മിയാൻദാദ്, ഷാജഹാൻ, അംജദ് എ്ന്നിവർ പ്ലാനറ്റിന് നേതൃത്വം നൽകി.
ധാർമികമൂല്യങ്ങളും നന്മയുടെ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന നല്ല സിനിമകൾ നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് പ്ലാനറ്റിൽ ആദം അയ്യൂബ്, പ്രജേഷ് സെൻ, സുരേഷ് ഇരിങ്ങല്ലൂർ, എം. കുഞ്ഞാപ്പ, നജ്മ നസീർ, അൻസാർ നെടുമ്പാശ്ശേരി എന്നിവർ പങ്കെടുത്തു.
സർഗാത്മക കലകളുടെ ആവിഷ്‌കാരങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിലെത്തിക്കാൻ കുട്ടികളെ പ്രേരിപ്പിച്ച അറീന പ്ലാനറ്റിൽ ഡോ. എം. ഷാജഹാൻ, ഡോ. ഹിക്മത്തുള്ള, ഐ. സമീൽ, ടി.പി. മുഹമ്മദ് ശമീം, ഫൈസൽ കൊച്ചി, കെ.ടി. ഹുസൈൻ എന്നിവർ കുട്ടികളോട് സംവദിച്ചു. കാഴ്ചയില്ലായ്മ എന്ന പരിമിതിയെ അതിജീവിച്ച് ലോകമറിയുന്ന പാട്ടുകാരിയായി ഉയർന്ന ഫാത്വിമ അൻശി പ്ലാനറ്റിലെ ശ്രദ്ധേയ വ്യക്തിത്വമായി.
്‌വിധിയുടെ കയ്യിലെ കളിപ്പാട്ടമാവാതെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാൻ നേർവഴി കാണിക്കുന്ന ദർശനങ്ങൾ പരിചയപ്പെടുത്തുന്ന ‘ലൈറ്റ്’ പ്ലാനറ്റിൽ ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എം. അമീൻ, എ.ടി. ഷറഫുദ്ദീൻ, അജ്മൽ കാരകുന്ന്, എൻ.എം. ശംസുദ്ദീൻ നദ്‌വി, സി.ടി. സുഹൈബ്, അമീൻ മമ്പാട്, സമീർ മേലാറ്റൂർ, ഇ.വി. അബ്ദുസ്സലാം, അബുൽ ഫൈസൽ, മുംതസ് കൂട്ടിലങ്ങാടി, ഇംതിയാസ് വാഴക്കാട്, ഷമീം ചൂനൂർ, ജലീൽ മലപ്പുറം, നിസ്താർ കീഴ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
പരിഷ്‌കർത്താക്കളെയും ത്യാഗീവര്യന്മാരെയും പരിചയപ്പെടുത്തുന്ന ഫെയ്സ് ടു ഫെയ്സ് പ്ലാനറ്റ് പി. മുജീബുറഹ്മാൻ, ടി.കെ. ഹുസൈൻ, ഒ. അബ്ദുറഹ്മാൻ, സി. ദാവൂദ്, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, സാദിഖ് ഉളിയിൽ, ഫസ്‌ന മിയാൻ, റസാഖ് പാലേരി എന്നിവർ നിയന്ത്രിച്ചു.