അരിസോണ: ഏപ്രില്‍ 9 തിങ്കളാഴ്ച വൈകിട്ട് അരിസോണ ഫിനിക്‌സിനു സമീപം ഉണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായ സംരംഭകന്‍ ആനന്ദ് പട്ടേലും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അരിസോണയില്‍ നിന്ന് ലാസ് വേഗസിലേക്ക് 6 ഇന്‍സ്റ്റഗ്രാം പ്ലെയേഴ്‌സിനെ കയറ്റി പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണ് തീ പിടിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജെയിംസ് പെഡ്രോസയു(28)ടെതായിരുന്നു തകര്‍ന്നു വീണ വിമാനം.
സ്‌കോട്ട് ഡെയ്ല്‍ ചാമ്പ്യന്‍സ് ഗോള്‍ഫ് കോഴ്‌സിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. ജെയിംസായിരുന്നു വിമാനം പറത്തിയിരുന്നത്. കൊല്ലപ്പെട്ട ആനന്ദ് പട്ടേലും ഇരട്ട സഹോദരനുമായ ആകാശ് പട്ടേലും 2009ലാണ് ഉപരിപഠനാര്‍ത്ഥം ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയത്. വസ്ത്ര നിര്‍മാണശാലയുടെ കോ ഫൗണ്ടറായ ആനന്ദ് പട്ടേല്‍ ഒക്കലഹോമയിലാണു താമസിക്കുന്നത്. സുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം മോഡല്‍ മറിയ കൂഗന്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വിമാനയാത്രയില്‍ ആനന്ദം കണ്ടെത്തിയിരുന്ന ആനന്ദ് പട്ടേലിന്റെ ആകസ്മിക മരണം സഹോദരനായ ആകാശ് പട്ടേലാണ് സ്ഥിരീകരിച്ചത്.