Saturday, November 23, 2024
HomeUncategorizedപേർഷ്യക്കാരന്റെ ദു:ഖം. (കഥ)

പേർഷ്യക്കാരന്റെ ദു:ഖം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അലൈനിൽ നിന്ന് രാത്രി വളരെ വൈകിയാണ് റൂമിൽ എത്തിയത്. ഉമ്മാടെ കത്ത് ഉണ്ടായിരുന്നു. വായിച്ചു.
പോന്നു മോൻ ജബ്ബാറിന്നു,
അസ്സലാമു അലൈക്കും. നീ എന്തെ കത്തൊന്നും എഴുതാത്തെ? മോൻ കഴിഞ്ഞ കത്തിൽ എഴുതിയില്ലേ? ഇനി കത്ത് എഴുതുമ്പോൾ തിയ്യതി വെക്കണമെന്ന്. ഉമ്മാക്ക് ഹിജറ മാസം അല്ലെ അറിയൂ. മോനുക്ക് വേണ്ടി നിന്റെ കേട്ട്യോളോട് എഴുതി തരാൻ പറഞ്ഞു. ഇംഗ്ലീഷ് തിയ്യതി ഉമ്മ എഴുതാം. ആയിരത്തിതൊള്ളായിരത്തി എഴുപതു മെയ്‌ ആറു. ഇവിടെ എന്റെ അനുജത്തി പാത്തുമ്മാടെ മകൾ സക്കീനാക്ക് വിശേഷം ഉണ്ട്. അടുത്ത മാസം പള്ള കാണാൻ പോണം.
വെറും കയ്യോടെ പോയാൽ പോരല്ലോ? ഒരു നൂറു ഉറുപ്പ്യ ഇല്ലാണ്ട് എങ്ങനാ പോവാ? പിന്നെ മിനിഞ്ഞാന്ന് മദ്രസയിൽ സലാത്ത് ഉണ്ടായിരുന്നു. ആ പുറമ്പോക്കിൽ താമസിക്കുന്ന നബീസു നൂറു ഉറുപ്പ്യ കൊടുത്തു. അവൾടെ മോൻ ശുക്കൂർ ഇപ്പൊ പേർഷ്യയിൽ പോയത്രേ. അവൾ നൂറു പറഞ്ഞത് കൊണ്ട് ഞാൻ മുന്നൂറ്റിപതിമൂന്നു ഉറുപ്പ്യ പറഞ്ഞു. നമ്മടെ ബദർ ശുഹദാക്കൾ മുന്നൂറ്റിപതിമൂന്നു പേരാണല്ലോ? അപ്പൊ മുസലിയാർ മോനുക്കും ഉമ്മാക്കും വേണ്ടി നമ്മൾ ബദരീങ്ങളെ ഒപ്പം സ്വര്ഗതിലാക്കാനോക്കെ കുറെ ദുഅ ചെയ്തു.
അപ്പൊ കാണണം നബീസൂന്റെ ഒരു മോന്ത. പിന്നെ മോനെ, ഇപ്പൊ പെണ്ണുങ്ങളൊക്കെ മരിച്ച വീടിലെക്കും സലാത്തിന്നും പോകുമ്പോൾ പർധ ആണ് ഇടുന്നത്. നിന്റെ കെട്ടിയോള് എവിടെ പോകുമ്പോഴും പർധ ആണ് ഇടുന്നത്. അത് കൊണ്ട് ഉമ്മാക്ക് മരിച്ചോടത്തെക്ക് പോകുമ്പോഴും സലാത്തിന്നു പോകുമ്പോഴും ഇടാൻ ഒരു നല്ല കാണാൻ ശേല് ഉള്ള പർധ കൊടുത്തയക്കണം.
നബീസുവിന്നു ശുക്കൂർ കൊടുത്തയച്ച പർധ പളപള മിന്നുന്നതാ. അത്തരത്തിൽ ഒന്ന് കൊടുത്തയക്കണം. നമ്മുടെ പഴയ മുസലിയാർ ഇവിടന്നു പോയി. അന്ന് ആ മുസളിയാര്ക്ക് വീട് പണിയണമെന്ന് പറഞ്ഞു പിരിവ് കൊടുത്തല്ലോ? ഇപ്പൊ ഒരു പുതിയ മുസലിയാർ ആണ്. ഈ മുസലിയാർ എന്താണാവോ ആവശ്യപ്പെടുക എന്ന് അറിയൂല. മോനെ ഉമ്മാടെ മറ്റേ അനുജത്തി നബീസൂന്റെ മോൻ ഇക്കൊല്ലം എങ്ങിനെയോ പാസായി. അവൻ ഇപ്പോൾ ഒമ്പതിൽ ആയെന്നു നബീസു പറഞ്ഞത്. നിന്നേക്കാളും പടിപ്പായി അവനു. അത് കഴിഞ്ഞു അവൻ ഈ റ്റെപ് രിട്ടിന്ഗോ എന്തോ പടിച്ചൂന്നും നബീസു പറഞ്ഞു. നീ അവനെ എങ്ങനെങ്കിലും പേര്‍ശ്യക്ക് കൊണ്ടോണം. നിന്റെ അമ്മോശൻ വാപ്പ ഭയങ്കര സാധനാ. നമ്മളോട് മുപ്പത്തഞ്ചു പവൻ പണ്ടം തരാന്നല്ലേ പറഞ്ഞെ. ഞാൻ അത് കൊണ്ട് പോയി തട്ടാൻ കുട്ടന്റെ അടുത്ത് ചെന്ന് തൂക്കം നോക്കി. അത് മുപ്പത്തിനാലേ ഉള്ളൂ. ഞാൻ അയാളോട് പണ്ടം ചോദിച്ചു. കുറച്ചു കഷ്ടപാടാണത്രെ. എന്നാലും വേഗം തരാൻ ഉമ്മ പറഞ്ഞിട്ടുണ്ട്. നബീസൂന്റെ മോളെ കല്യാണം ആലോചിച്ചു ഒരു കൂട്ടർ വന്നിരുന്നു.
അവർക്ക് ഇരുപതു പവൻ പണ്ടവും ഇരുപത്തയ്യായിരം ഉറുപ്പ്യം കൊടുക്കാമെന്നു നബീസു പറഞ്ഞു. അവര്‍ക്ക് മുപ്പതു പവനും ഇരുപത്തയ്യായിരം ഉറുപ്പ്യം വേണത്രേ. ആർത്തിപണ്ടാരങ്ങൾ എന്നല്ലാണ്ട് എന്താ പറയ. മോനെ ജബ്ബാറേ, നീ എനിക്ക് ഒരു മോനല്ലേ. പിന്നെ നാലും പെണ്‍കുട്ടികൾ നിനക്ക് താഴെ അല്ലെ? നീ പേര്‍ശ്യക്ക് പോയിട്ട് മൂന്നാല് വര്‍ശം ആയില്ലേ. രണ്ടു അനുജത്തിമാരെ നീ കെട്ടിച്ചു കൊടുത്തു. കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞ നമ്മുടെ സുലുമോൾക്ക് അടുക്കള കാണാൻ പോണ്ടേ? ഒരു രണ്ടായിരം ഉറുപ്പ്യ വേണം. പിന്നെ സുലുവിന്റെ കെട്ട്യോന്റെ വെല്ലിമ്മാക്ക് മുറുക്കാന് ഒരു മുന്നൂറ് വേറേം വേണം. നിന്നോടല്ലാണ്ട് വേറെ ആരോടാ ഉമ്മ പറയ.
നീ കല്യാണം കഴിച്ചതിന്നു ശേഷം കാശി അയക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. നിന്റെ കെട്ട്യോള് നിനക്ക് കൈവെശം തന്നിട്ടുണ്ടാവും അല്ലെ. പോന്നു മോനെ കെട്ടി പിടിച്ചു ഉമ്മം തന്നു കൊണ്ട് ഉമ്മ. കത്ത് വായിച്ചു ഞാൻ വികാരാധീനനായി. ടേപ്പ്റിക്കോര്ടറിൽ പാട്ട് കേൾക്കുന്നു എത്രയും ബഹുമാനപ്പെട്ടയെന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ – സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിൽ ചൊല്ലീടുന്നു വസ്സലാം
ഞങ്ങൾക്കെല്ലാം സുഖമാണിവിടെയെന്നു തന്നെയെഴൂതിടട്ടെ – മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്ന് കരുതി സന്തോഷിക്കട്ടെ. എഴുതിയറിയീക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട്
എൻമിഴികൾ തൂകും കണ്ണുനീരതുകണ്ട്
എൻകരൾ വേദന കാണുവാനാരുണ്ട്
എങ്ങിനെ ഞാൻ കരയും?
എല്ലാമോർത്ത്‌ എന്നെന്നും ഞാൻ കരയും – ഈ കത്തിന്നു
ഉടനടിയൊരു മറുപടി തന്ന് സങ്കിടം തീർത്തീടണേ
ഇടയ്ക്കിടെ എന്നെയും ഓർത്തീടണേ
മധുവിധുരാവുകൾ മനസ്സിൽ കളിക്കുന്നു
മദനക്കിനാവുകൾ മാറോടണക്കുന്നു
മലരണിരാത്രികൾ മഞ്ഞിൽ കുളിക്കുന്നു
മണിയറക്കട്ടിലോ മാടി വിളിക്കുന്നു എങ്ങിനെ ഞാനുറങ്ങും?
കിടന്നാലും എങ്ങിനെയുറക്കം വരും? – ഉറങ്ങ്യാലും
മധുവിധുവിൻ പുതുപുതുസ്വപ്നം കണ്ട് ഞെട്ടിയുണരും
തലയിണകൊണ്ട് കെട്ടിപ്പുണരും
രണ്ടോ നാലോ വർഷം മുമ്പ് നിങ്ങൾ വന്ന്
എട്ടോ പത്തോ നാളുകൾ മാത്രം നാട്ടിൽ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന്ന് മൂന്നു വയസ്സായിന്ന്
അവനെന്നും ചോദിക്കും വാപ്പാഎവിടെയെന്ന്
ഓടിച്ചാടിക്കളിക്കും – മോൻ വാപ്പാനെ
മാടി മാടി വിളിക്കും
അത് കാണുമ്പോൾ കുടഞ്ഞിടുമിടനെഞ്ച് പിടഞ്ഞിടും
പൂക്കുഞി പൈതലല്ലേ – ആ മുഖം കാണാൻ
പൂതി നിങ്ങൾക്കുമില്ലേ?
അന്ന് നാം മധുരം നുകർന്നോരീമണിയറ
ഇന്ന് ഞാൻ പാർക്കും തടങ്കൽ തടവറ
മണവാട്ടിയായ് വന്നു കയറിയോരിപ്പുര
മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ
പനിനീരിൻ പൂവിരിഞ്ഞേ – കഥനക്കടലിൽ
കൽബു കത്തിക്കരിഞ്ഞെ
കരകാണാതെ കുടഞീടും നടുക്കടലിടുക്കിൽ ഞാൻ
നീന്തി നീന്തി തുടിക്കും – അങ്ങിനെ ഞാൻ
നീറി നീറി മരിക്കും
മധുരം നിറച്ചോരെൻ മാംസപൂവൻപഴം
മറ്റാർക്കും തിന്നാൻ കൊടുക്കില്ലോരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല, ഞാനൊരു പെണ്ണെന്നോർക്കണം നിങ്ങളും
യൌവ്വനത്തേൻ വിരിഞ്ഞേ – പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ – താരുണ്യത്തിൻ തടകുടഞ്ഞിടുമോടുവിൽ ഞാൻ
കാഴ്ചപ്പണ്ടം മാത്രമായ് – ഉഴിഞ്ഞിട്ട
നേർച്ചക്കോഴി പോലെയായ്
അറബിപ്പൊൻ വിളയും മരൂമണൽ കാട്ടില്
അകലെ അബൂദാബി ഗൾഫിന്റെ നാട്ടില്
അധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്
അനുഭവിക്കാൻ ഞാനും കുട്ടീയും വീട്ടില്
ഞാനൊന്ന് ചോദിക്കുന്നു – ഈ കോലത്തില്
എന്തിന് സമ്പാദിക്കുന്നു? – ഒന്നുമില്ലെങ്കിലും
തമ്മിൽ കണ്ടു കൊണ്ട് നമ്മൾ രണ്ടും ഒരു പാത്രത്തിലുന്നാമല്ലോ?
ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ
കത്ത് വായിച്ചൂടൻ കണ്ണുനീർവാർക്കേണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേയോർക്കേണ്ട
കൽബിൽ കഥനപ്പൂമാല്യങ്ങൾ തീർക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീർക്കേണ്ട – യാത്രതിരിക്കുമല്ലോ?
ആ മുഖം കണ്ടു മരിക്കാമല്ലോ
നിങ്ങൾക്കായ് തട്ടിമുട്ടി കട്ടിലിട്ട്
അറയോന്നോരുക്കീടട്ടെ – തത്കാലം ഞാൻ
കത്ത് ചുരുക്കീടട്ടെ
ഇറാനി മൂത്ത് അറബിയായ ഗുലാം മുഹമ്മദ്‌ എന്ന അർബാബ് (മുതലാളി) റൂമിലേക്ക്‌ വന്നു. ദേഷ്യപ്പെട്ടു എന്നോട് പറഞ്ഞു ‘യാ ഹിമാർ, അക്സർ മിൻ ആൽഫ് മർറ അന കുൽത്ത് റൂഹ് ഇല ജവാസാത്ത് (ഹേ കഴുതേ, നിന്നോട് ആയിരം വട്ടംഞാന്‍ പറഞ്ഞില്ലേ, പാസ്പോര്ട്ട് ഓഫീസിൽ പോകാൻ). ശെരിയാണ്. എന്നെ അറക്കാൻ, നോ എൻട്രി അടിച്ചു എന്റെ വിസ കേൻസെൽ ചെയ്തു നാട്ടിലേക്ക് അയക്കാൻ വേണ്ടി പാസ്പോർട്ട്‌ ഓഫീസിൽ പോകാൻ പറഞ്ഞിരുന്നു. ഇന്നലെ പകൽ മുഴുവനും അറബിയേയും കുടുംബത്തെയും കൊണ്ട് വണ്ടി ഓടിച്ചു തിരിച്ചു എന്റെ റൂമിൽ വന്നപ്പോൾ അറബിയുടെ മകൻ വന്നു എന്നോട് ഷാർജയിൽ നിന്നും റാസൽഖൈമയിലേക്ക് രാത്രി പതിനൊന്നു മണിക്ക് പോകാൻ പറഞ്ഞു. എനിക്ക് ഭയങ്കര ക്ഷീണമാണെന്ന് പറഞ്ഞതാണ് അറബിയുടെ വീട്ടിലെ ഡ്രൈവർ ആയ ഞാൻ ചെയ്ത കുറ്റം
——————————————————–
മേമ്പൊടി:
എഴുപതുകളിൽ പേർഷ്യയിൽ നിന്ന് നാട്ടിലേക്കു വരുമ്പോൾ ജബ്ബാറിനെ പോലെ രയ്ബാൻ കൂളിംഗ് ഗ്ലാസ്സും ബെൽബോട്ടം പാന്റും ടേപ്പ്റെക്കോർടറും വില കുറഞ്ഞ പ്രോഫെസി, ബ്രൂട്ട് പെര്ഫ്യൂമും അടിച്ചു വരുന്ന പെർഷ്യക്കാരന്റെ മനോദു:ഖം ആരറിയാൻ. ഇന്നും ഈ ജബ്ബാറിന്റെ പോലെയുള്ളവർ ഉണ്ടെന്നുള്ളത് ഞാൻ മറക്കുന്നില്ല
അങ്ങിനെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും കഷ്ടപ്പെട്ടവര്ക്കും ഇപ്പോൾ കഷ്ടപ്പെടുന്നവർക്കും ഈ കഥ ഞാൻ സമർപ്പിക്കുന്നു. ഇത് വായിച്ച് ഏതെങ്കിലും ഗൾഫ്കാരുടെ വീട്ടുകാർ മാറ്റിചിന്തിച്ചാൽ ഞാൻ ധന്യനായി
RELATED ARTICLES

Most Popular

Recent Comments