ഷെരീഫ് ഇബ്രാഹിം.
ആളനക്കമില്ലാത്ത ഓടിട്ട പഴയൊരു വീട്. കാളിംഗ് ബെൽ അമർത്തി. കുറച്ചു സമയം കാത്ത് നിന്നപ്പോൾ ഒരു സ്ത്രീ വാതിൽ തുറന്ന് മുറ്റത്തെക്കോടി വന്ന് മോനെ എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.
ഞാനാകെ അൽബുദസ്തബ്ധനായി നിൽക്കുകയാണ്.
‘മോനെ, നീ എത്ര നാളായി പോയിട്ട്? എന്നാലും സാരമില്ല. ഇപ്പോഴെങ്കിലും വന്നൂലോ’.
ആ സ്ത്രീ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
‘ഞാനൊന്ന് പറഞ്ഞോട്ടെ…..’ എന്ന് ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴും ആ സ്ത്രീ വീണ്ടും എന്നെ വലിച്ചു അകത്തേക്ക് പോയി. ഞാനെന്തോ ഒരു യാന്ത്രീകമനുഷ്യനെ പോലെ അനുസരിച്ചു. എന്താണ് ആ സ്ത്രീയുടെ ഉദ്യേശ്യം എന്നാലോചിക്കുകയാണ് ഞാൻ.
ആ സ്ത്രീ എന്നെ അകത്ത് കൊണ്ട് പോയിരുത്തി. അവിടെ ആരെയും കണ്ടില്ല. ‘മോനെ, മോൻ ഇരിക്ക്. അമ്മ ചായ ഉണ്ടാക്കിത്തരാം’ അതും പറഞ്ഞ് ആ സ്ത്രീ അടുക്കളയിലേക്ക് പോയി. പോകുമ്പോഴും ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. ‘. അവന് ചുട്ട അടി കൊടുക്കണം… അല്ലെങ്കിൽ വേണ്ട.. ഗുരുവായൂരപ്പാ……അവൻ വന്നൂലോ…സമാധാനമായി…’
അവർ ചായയും കഴിക്കാൻ പലഹാരങ്ങളും കൊണ്ട് വന്നു. ഞാനതിൽ നിന്നും ഉണ്ണിയപ്പം കൂടുതൽ എടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു… നിന്റെ ഉണ്ണിയപ്പത്തോടുള്ള പഴയ കൊതി ഇപ്പോഴും മാറിയിട്ടില്ല, അല്ലെ?’.
ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവരുടെ പെരുമാറ്റം.
കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ പറഞ്ഞു….’ദേ… അച്ഛൻ വരുന്നൂ….’
പുറത്ത് നിന്നും ശുഭ്രവസ്ത്രദാരിയായ ഒരു പ്രായമുള്ള ആൾ അകത്തേക്ക് വന്നു.
‘നമ്മുടെ വിശാൽ മോൻ മരിച്ചു എന്ന് പറഞ്ഞ് മാഷ് അവന് വേണ്ടി അസ്ഥിത്തറ പണിതില്ലേ? അന്ന് ഞാൻ പറഞ്ഞില്ലേ.. നമ്മുടെ മോൻ എങ്ങോട്ടോ പോയിരിക്കുകയാണ്. അവൻ തിരിച്ചു വരും എന്ന്? ഇതാ നമ്മുടെ വിശാൽ മോൻ തിരിച്ചു വന്നിരിക്കുന്നു. നമുക്ക് ആ അസ്ഥിത്തറ പൊളിച്ചു കളയണം’.
പിന്നേയും അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
‘ലക്ഷ്മീ താൻ ഇയാൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്തോ?’
കഴിക്കാൻ തന്നു എന്ന് ഞാൻ മറുപടി കൊടുത്തു.
‘എന്നാൽ എനിക്ക് കുറച്ച് സംഭാരം തരൂ.’
അവർ സംഭാരം എടുക്കാൻ പോയ സമയത്ത് ഞാനും മാഷുമായി കാര്യങ്ങളൊക്കെ സംസാരിച്ചു. ഇനി കുറച്ച് നാൾ മാഷുടെ ഭാര്യയുടെ മുമ്പിൽ അവരുടെ മകനായി അഭിനയിക്കാൻ എന്നോട് മാഷ് നിർദേശിച്ചു.
ഞാൻ അവരോട് യാത്ര പറഞ്ഞപ്പോൾ എങ്ങോട്ട് പോകുന്നു എന്ന് ആ അമ്മ ചോദിച്ചു. അതിന് ഞാൻ കേൾക്കാതെ മാഷ് എന്തോ അമ്മയോട് പറഞ്ഞു.
ആ അമ്മയോട് ഞാൻ ആരാണ് അവരുമായി എനിക്കുള്ള ബന്ധമെന്താണെന്ന് മാഷ് പതുക്കെ പതുക്കെ പറഞ്ഞു മനസ്സിലാക്കിയെന്ന് ഞാനറിഞ്ഞു.
മാസങ്ങൾക്ക് ശേഷം ഞാനാവീട്ടിൽ എന്റെ ഭാര്യ സാറയുമായി സന്ധ്യാസമയത്ത് ചെന്നു. ‘അമ്മേ, അച്ഛാ ദേ, ഞാൻ വന്നൂ….’
അവർ പുറത്തു വന്നു. അമ്മയുടെ ദു:ഖസ്ഥായിയ മുഖഭാവം മാറിയിരിക്കുന്നു. സന്തോഷം ആ മുഖത്തും സംസാരത്തിലും പ്രകടമായി കാണാൻ കഴിഞ്ഞു.
‘ഞാനൊരു സന്തോഷവാർത്ത പറയാനാണ് വന്നത്….’
ഞാൻ പറയുന്നതിന്നിടയിൽ അമ്മ കയറി ഇങ്ങിനെ പറഞ്ഞു….’നീ തന്നെ ഞങ്ങൾക്ക് സന്തോഷമല്ലേ’
‘എന്താണ് ജബ്ബാറേ സന്തോഷകാര്യം?’ മാഷ് ചോദിച്ചു.
‘ഞാൻ കുറച്ചു മാസം മുമ്പ് വിസ കെൻസൽ ചെയ്യാതെ തന്നെ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചു വന്ന വിവരം അറിയാമല്ലോ? ഇപ്പോൾ അബൂദാബിയിലെ ഷൈഖ് ഹമദ് അദ്ദേഹത്തിന്റെ ഓഫീസ് മേനെജരായി ചാർജ് എടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞാൻ രണ്ട് ദിവസത്തിന് ശേഷം അബൂദാബിയിലേക്ക് പോകുകയാണ്’.
‘മോന് ദൈവം നല്ലത് മാത്രം വരുത്തും’ അവർ രണ്ടു പേരും എന്റെ തലയിൽ കൈവെച്ചു പ്രാർഥിച്ചു.
‘എന്താണ് ഈ ഷൈഖ് എന്നാൽ?’ അമ്മയാണ് അത് ചോദിച്ചത്.
‘രാജാവിനെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ഷൈക് എന്ന് വിളിക്കുന്നത്’ ഞാൻ അവരെ മനസ്സിലാക്കി. പുറത്ത് സന്ധ്യാനമസ്കാരത്തിന്നുള്ള വാങ്ക് കേട്ടു… അല്ലാഹു അക്ബർ…. അല്ലാഹു അക്ബർ (ദൈവം വലിയവനാണ്. ദൈവം വലിയവനാണ്).
‘മാഷെ, ഇവിടെ അടുത്താണോ പള്ളി?’ ഞാൻ അന്വേഷിച്ചു.
‘പള്ളിയിലേക്ക് കുറച്ചു ദൂരമേയുള്ളൂ. പക്ഷെ, പുഴയുടെ അക്കരെയാണ്. പാലമാണെങ്കിൽ കുറച്ചധികം പോകുകയും വേണം’. ഒന്ന് നിറുത്തിയിട്ട് മാഷ് തുടർന്നു ‘നിസ്കരിക്കാൻ ആണെങ്കിൽ ഉപയോഗിക്കാത്ത ഒരു പായ ഞാൻ തരാം. ഇവിടെ നിസ്കരിക്കാൻ ബുദ്ധിമുട്ടുണ്ടോ?’
‘ഒരിക്കലുമില്ല മാഷെ, നിങ്ങൾക്ക് ബുദ്ധിമുട്ട് ആവുമോ എന്ന വിഷമമേയുള്ളൂ’. ഞാനെന്റെ നയം വ്യക്തമാക്കി.
‘താൻ എന്താണ് ഈ പറയുന്നത്? ഒരേ ദൈവത്തിന്റെ മുന്നിൽ കുമ്പിടാൻ ഞങ്ങൾക്ക് വിഷമമോ?’
അവർ തന്ന പായയുമെടുത്ത് അടച്ചിരുന്ന ഒരു മുറി തുറന്ന് തന്ന് മാഷ് പറഞ്ഞു…’വിശാലിന്റെ മുറി ആണ്. ഞങ്ങൾ അധികം തുറക്കാറില്ല’.
ഞാനും സാറയും നിസ്കാരം കഴിഞ്ഞ് പുറത്ത് വന്നപ്പോൾ മാഷും അമ്മയും കൂടി അസ്ഥിത്തറയിൽ ദീപം തെളിച്ചു വന്നു രാമനാമം ജപിക്കുന്നത് കണ്ടു. വിശാലിന്റെ മുറിയുടെ വാതിലിന്നടുത്ത് എഴുതിയ കുറച്ചു കടലാസും മഷി ഒഴിച്ചെഴുതുന്ന പേനയും കണ്ടു. അതിനെ പറ്റി മാഷോട് ചോദിച്ചു.. ‘വിശാൽ കുറച്ചൊക്കെ കഥകൾ എഴുതാറുണ്ട്.. ആ പേന മോൻ എടുത്തോളൂ..’ ഞാനത് നിധി പോലെ സ്വീകരിച്ചു.
‘അമ്മേ, അമ്മയോടും അച്ഛനോടും വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നും വളരെ സ്നേഹവും ബഹുമാനവുമുണ്ടെന്നും ഇക്ക എപ്പോഴും പറയും. എന്താണെന്ന് ചോദിക്കുമ്പോൾ അത് അമ്മയെ കണ്ട് നേരിട്ട് ചോദിക്കാനാണ് പറയാറ്. എന്താണമ്മേ അതിന്റെ കാരണം?’ അമ്മയോട് സാറ ചോദിച്ചു.
‘അതിന്റെ കാര്യം ഞാൻ പറയാം’ എന്ന് പറഞ്ഞിട്ട് മാഷ് തുടർന്നു.. ‘എന്റെ മകൻ ചോരത്തിളപ്പിൽ ബൈക്ക് ഓടിച്ചു ആക്സിടെന്റ്റ് ഉണ്ടായി. ഒരാഴ്ച്ച ICUവിൽ ആയിരുന്നു. പിന്നെ മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ തളർന്നു പോയി. പിന്നെ പതുക്കെ ഞാനൊരു അധ്യാപകനായി. അവന്റെ അവയവങ്ങൾ ദാനം ചെയ്തോട്ടെയെന്ന് ആരോ എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. എന്റെ മകന്റെ അവയവമാണെന്ന് ആരോടും പറയരുതെന്നും ഞാൻ നിർദേശിച്ചു’.
‘ദേ, ചായ കൊണ്ട് വന്ന് വെച്ചു. വരൂ മക്കളെ’. ആ അമ്മ ഞങ്ങളെ ചായ കുടിക്കാൻ ക്ഷണിച്ചു. ആ അമ്മയുടെ സ്നേഹലാളനങ്ങളിൽ, സംസാരങ്ങളിൽ തേനും വയമ്പുമുണ്ടായിരുന്നു.
മാഷ് സംസാരം തുടർന്നു. ‘അതിന് ശേഷം ജബാർ ആദ്യം വരുന്നത് വരെ ലക്ഷ്മിക്ക് മാനസികവിഭ്രാന്തി ആയിരുന്നു. പിന്നീട് ഞാൻ അവളെ എല്ലാം മനസ്സിലാക്കി… വിശാലിന്റെ ഹൃദയവും കിഡ്നിയും ജബ്ബാറിന് കൊടുത്ത വിവരവും എല്ലാം എല്ലാം’.
‘അപ്പോൾ നിങ്ങൾ തമ്മിൽ പരസ്പരം ഇതെങ്ങിനെ മനസ്സിലാക്കി?’ സാറാടെ ചോദ്യം.
‘അത് ഞാൻ പറയാം… എന്റെ ഹൃദയവും കിഡ്നിയും തന്നത് ആരാണെന്ന് ഹൊസ്പിറ്റൽ അധികൃതർ പറഞ്ഞു തന്നില്ല. അങ്ങിനെ ഞാൻ ഒരു പാട് പ്രയത്നിച്ചു ആ സമയത്ത് മസ്തിഷ്കമരണം സംഭവിച്ചവരെപറ്റി അന്വേഷിച്ചു. അങ്ങിനെയാണ് മാഷെ അടുത്ത് വന്നതും മാഷ് സത്യം തുറന്നു പറഞ്ഞതും’. ഞാനത് പറഞ്ഞ് സാറയുടെ സംശയം തീർത്തു.
‘അച്ഛാ, അമ്മേ, ഇത് നിങ്ങൾക്കുള്ള ഓണക്കോടിയാണ്. ഓണത്തിന്ന് ഞങ്ങൾ അബൂദാബിയിലായിരിക്കും’. ഞങ്ങൾ കൊണ്ട് വന്ന സാധനങ്ങൾ അവർക്ക് കൊടുത്തു.
അത് വാങ്ങുമ്പോൾ അവരുടെ കണ്ണുനീർ ഞങ്ങളുടെ കയ്യിൽ വീണു. കുറെ നേരം അവർ ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവർ മുറ്റത്തോളം വന്നു. ആ അമ്മ മാഷുടെ തോളിൽ കിടന്ന് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. സാറ വണ്ടിയിലിരുന്ന് ഏങ്ങലടിച്ചു കരയുന്നത് കൂടെ കണ്ടപ്പോൾ എന്റെ അടിച്ചമർത്തിയ ദു:ഖം അണപ്പൊട്ടിയൊഴികി.
ഞങ്ങൾ കാർ ഇടയ്ക്കിടെ നിറുത്തി പിന്നോട്ട് നോക്കുമ്പോൾ അവർ മാഷുടെ തോളിൽ തന്നെ കിടക്കുന്നത് അസ്ഥിത്തറയിലെ ദീപനാളത്തിന്റെ വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു… പിന്നെ…….. പിന്നെ അതൊരു നിഴലായ്…..ഒടുവിൽ ബിന്ദുവായ്…….അപ്പോഴും ആ ദീപനാളം ചെറിയ കാറ്റിൽ ആടുന്നുണ്ടായിരുന്നു.
***********
മേമ്പൊടി: 1. വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ച് ഇരുചക്രവാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക.
2. മനുഷ്യശരീരത്തിലെ അവയവം, രക്തം സ്വീകരിക്കുന്നത് ജാതിയോ മതമോ നോക്കിയിട്ടല്ല.