ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് തള്ളിയത്. സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു. അതേസമയം, പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന തീരുമാനം സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു.
പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികളായ അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കില്‍ ഒരു പോലെ നടത്തണമെന്നും അല്ലാത്ത പക്ഷം അത് തുല്യതാവകാശ ലംഘനമാണെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടാണ് കൊച്ചി സ്വദേശി റോഹന്‍മാത്യു ഹരജി സമര്‍പ്പിച്ചത്.