സലിം ജിറോഡ്.
മുക്കം: കൂടെപ്പിറപ്പിന്റെ സ്മരണയിൽ പൊതു വിദ്യാലയത്തിന് സമർപ്പിച്ച ഹൈടെക് സ്റ്റേജിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. വിദേശത്ത് വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട സാമൂഹ്യ പ്രവർത്തകനും നാട്ടുകാരനുമായ കെ.ടി മുനീറിന്റെ സ്മരണയിൽ സഹോദരൻ ബാവ പവേർഡ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക് സ്റ്റേജ് മുനീറിന്റെ മകൾ ഹന മെഹറിനും പിതാവ് കെ.ടി കുട്ട്യാലിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേജിന് മൂന്നരലക്ഷം രൂപയാണ് ചിലവ്.പി.ടി.എ വൈസ് പ്രസിഡന്റ് ശരീഫ് ആദം പടിയാണ് മനോഹരമായി സ്റ്റേജ് രൂപകൽപന ചെയ്തത്.
വാർഷികാഘോഷപരിപാടികൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.ടി അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഷികാഘോഷ സപ്ലിമെന്റ് ‘ കിനാവ് പൂക്കുന്ന നേരം’ ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം പ്രകാശനം ചെയ്തു. എം.ബി ബി.സ്, എഞ്ചിനീറിംഗ് പ്രവേശനം നേടിയ പൂർവ്വ വിദ്യാർഥികളെ സി.പി ചെറിയ മുഹമ്മദ് ആദരിച്ചു. വാർഡംഗങ്ങളായ ജി അബ്ദുൽ അക്ബർ, കബീർ കണിയാത്ത്, സവാദ് ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സി.കെ ഷമീർ, പി അബ്ദു റഷീദ്, കെ.പി അബ്ദുല്ല, ബാവ പവർവേൾഡ് ,പി അബ്ദു റഹിമാൻ,റഷീഫ് കണിയാത്ത്, സജീഷ്, അബാസ് ജി, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, എ.പി അബ്ദുൽകരീം,മിനി സി എന്നിവർ സംസാരിച്ചു