Thursday, November 28, 2024
HomeKeralaമനസ്ഥിതി മാറ്റൂ വിജയത്തിലേക്ക് കുതിക്കൂ; ഡോ. അമാനുല്ല വടക്കാങ്ങര.

മനസ്ഥിതി മാറ്റൂ വിജയത്തിലേക്ക് കുതിക്കൂ; ഡോ. അമാനുല്ല വടക്കാങ്ങര.

ജോണ്‍സണ്‍ ചെറിയാന്‍.
പെരിന്തല്‍മണ്ണ: വെല്ലുവിളികള്‍ നിറഞ്ഞ കിടമത്സരത്തിന്റെ ലോകത്ത് മനസ്ഥിതിയെ ക്രിയാത്മകമായി മാറ്റുന്നതിലൂടെ മാത്രമേ വിജയത്തിലേക്ക് കുതിക്കാനാവുകയുള്ളൂ എന്ന് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ ചെയര്‍മാനും ഖത്തറിലെ മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. അല്‍ സലാമ ഓഡിറ്റോറിയത്തില്‍ പെരിന്തല്‍മണ്ണ പോസീറ്റീവ് സര്‍ക്കിളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങളും പ്രതിസന്ധികളും ജീവതത്തിന്റെ അനിവാര്യതകളാണ് അവയെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ക്രിയാത്മകവും രചനാത്മകവുമായ സമീപനത്തിലൂടെ ഏത് പ്രതിസന്ധിയേയും അവസരങ്ങളാക്കി മാറ്റാനും വിജയം സാക്ഷാത്കരിക്കാനും കഴിയുമെന്നാണ് അനുഭവ പാഠമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസ്ഥിതിയല്ല, മനസ്ഥിതിയാണ് മാറേണ്ടതെന്ന പോസീറ്റീവ് സര്‍ക്കിളിന്റെ മുദ്രവാക്യം ഏറെ പ്രസക്തമാണ്. പോസീറ്റീവ് എനര്‍ജികളും നൂതനമായ ആശയങ്ങളും വിനിമയം ചെയ്യുന്ന സര്‍ക്കിളുകള്‍ക്ക് സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളും വിസ്മയകരമായ വിജയഗാഥകളും രചിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസീറ്റീവ് സര്‍ക്കിളിനെ കസ്തൂരി വില്‍പ്പനക്കാരനോടാണ് അദ്ദേഹം ഉപമിച്ചത്. ഒന്നുകില്‍ നല്ല കസ്തൂരി വാങ്ങാം, അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ കസ്തൂരി അദ്ദേഹം പുരട്ടിത്തരും, അതുമല്ലെങ്കില്‍ കസ്തൂരിയുടെ പരിമളം ആവശ്യത്തിന് ആസ്വദിച്ച് തിരിച്ച് പോരാം ഏതായിരുന്നാലും ജീവിതത്തില്‍ നന്മ മാത്രം സമ്മാനിക്കുന്ന മഹത്തായ ആശയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഐഡിയ ഫാക്ടറിയുടെ വെബ്‌സൈറ്റും ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന മിടുമിടുക്കന്‍ പരിപാടിയുടെ ബ്രോഷറും ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു.
ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മര്‍ദ്ധരഹിതമായ ഒരു ലോകവും ചിന്തകള്‍ക്കതീതമായ പരിഹാരവും നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ സുഹൃദ് ബന്ധങ്ങളുടെയും സാങ്കേതിക മികവിന്റെയും കേന്ദ്രമായി മാറുക എന്ന വലിയ ലക്ഷ്യമാണ് ഐഡിയ ഫാക്ടറിയുടെയും പോസീറ്റീവ് സര്‍ക്കിളിന്റെയും പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ചിന്തകള്‍ക്കതീതമായ പരിഹാരം, കാപട്യരഹിതമായ സൗഹൃദ സാഗരം എന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് ഈ കൂട്ടം കുതിച്ച് കൊണ്ടിരിക്കുന്നത്. സാമ്പത്തിക ബാധ്യത ഒന്നുമില്ലാതെ തന്നെ ഏതൊരു വ്യക്തിക്കും 99 പോസീറ്റീവ് സര്‍ക്കിളിന്റെ ഭാഗമാകാന്‍ കഴിയും. വ്യവസ്ഥിയിയല്ല മാറേണ്ടത് മനസ്ഥിതിയാണ് എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് പോസീറ്റീവായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം കൂടെ നില്‍ക്കുന്നവരെ അടുത്ത തലത്തിലേക്ക് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വിശാലമായ കാഴ്ച്ചപ്പാടാണ് 99 പോസീറ്റീവ് സര്‍ക്കിള്‍ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രമുഖ പരിശീലകനും സാമ്പത്തിക വിദഗ്ദനുമായ വി. ഭരത് ദാസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മനസ്ഥിതി മാറുന്നതിലൂടെ വിജയം വരിച്ച പ്രമുഖരുടെ ചരിത്ര സ്മൃതികള്‍ അയവിറക്കി അദ്ദേഹം സദസിനെ ആസ്വാദനത്തിന്റെയും ചിന്തയുടെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോയി. ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞരായ ഐസക് ന്യൂട്ടന്റെയും തോമസ് ആല്‍വ എഡിസന്റെയുമൊക്കെ ചരിത്രം ഒരു കഥ പറയുന്നത് പോലെ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം സാകൂതം ക്രിയാത്മക ചിന്തയുടെ വിശാലമായ മേല്‍പരപ്പിലൂടെ ഒഴുകി നടക്കുകയായിരുന്നു.
ഐഡിയ ഫാക്ടറി ബോര്‍ഡ് മെംബര്‍ ഗോപകുമാര്‍ പരിപാടി നിയന്ത്രിച്ചു. അല്‍ സലാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഷംസുദ്ധീന്‍, സില്‍വര്‍ മൗണ്ട് സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. ഷമീം, മെഡി വേള്‍ഡ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് ബോസ്, അഫ്‌സല്‍ ബാബു, മുഹമ്മദ് ഹാരിസ്, ഫൈസല്‍ സംസാരിച്ചു.
ഫോട്ടോ : പെരിന്തല്‍മണ്ണ പോസീറ്റീവ് സര്‍ക്കിളിന്റെ ഉദ്ഘാടന ചടങ്ങില്‍ ട്രൈയിനര്‍ വി. ഭരത് ദാസിന് ഡോ. അമാനുല്ല വടക്കാങ്ങര മെമന്റോ സമ്മാനിക്കുന്നു. ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍, അല്‍ സലാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഷംസുദ്ധീന്‍ , ഐഡിയ ഫാക്ടറി ഭാരവാഹികള്‍ എന്നിവര്‍ സമീപം.
RELATED ARTICLES

Most Popular

Recent Comments