ഷാജന്‍ കുര്യന്‍.
തിരുവനന്തപുരം: ജീവിതത്തിൽ ഒരു കേസിലും പെടാത്ത ഹക്കിമിന്‍റെ ദുർവിധി ആർക്കും ഉണ്ടാകാതിരിക്കട്ടേ. കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്കേപ് ആറ്–ബിയിൽ ഹക്കീം ബദറുദീന്‍റെ മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്.
25 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തു മകളെ പഠിപ്പിച്ച് ഡോക്ടർ ആക്കി. ഒരു പാട് പ്രതീക്ഷയുമായി മകളുടെ കല്യാണത്തിന് നാട്ടിലെത്തി. വിവാഹ നിശ്ചയത്തിനു പോയപ്പോൾ വാനും കെ.എസ്.ആർ.ടി.സി ബസും ഉരസിയ കാരണം പറഞ്ഞ് പോലീസ് കല്യാണ പെണ്ണിനേയും,പിതാവിനേയും, ബന്ധുക്കളേയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലാക്കി. പിതാവിനേ അടക്കം ലോക്കപ്പിലും പിന്നീട് കള്ള കേസുണ്ടാക്കി ജയിലിൽ റിമാന്റും ചെയ്യിപ്പിച്ചു. വിവാഹ പെണ്ണാകട്ടേ പിതാവിന്റെ ജാമ്യത്തിനായി കോടതി കയറി ഇറങ്ങി.
വരന്‍റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് വധുവിന്‍റെ വീട്ടുകാർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. വാനിന്‍റെ ചില്ലു തകർന്നു. ബസിന്‍റെ ഡ്രൈവർ തട്ടിക്കയറി.ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്ഐ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർഥിച്ചുവെങ്കിലും പൊലീസ് വഴങ്ങിയില്ല.
ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഹക്കീം, സഹോദരീ ഭർത്താവും വാഹനാപകടത്തിൽ കയ്യും കാലും തകർന്നയാളുമായ മാഹിൻ ജലാലുദീൻ, ബന്ധു നൗഫൽ എന്നിവരടക്കം അഞ്ചു പേരെ സെല്ലിൽ അടച്ചു. സംഘത്തിൽ ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തുനിർത്തി.
ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നുവത്രെ.രാത്രി എസ്ഐ എസ്.നിയാസ് സ്റ്റേഷനിൽ എത്തി. ഹക്കീമിനെ അകത്തുവിളിച്ച എസ്ഐ, ഡ്രൈവർ ആശുപത്രിയിൽ പോയിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിവന്നാൽ ആലോചിക്കാമെന്നും അറിയിച്ചു.
സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്ഐ കൈമലർത്തുകയായിരുന്നുവത്രെ..തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോൾ നിന്‍റെ മകളുടെ വിവാഹം മുടങ്ങിയാല്‍ എനിക്കെന്താടാ എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു. ഇതിനിടെ വാൻ ഡ്രൈവറെ പൊലീസുകാർ പറഞ്ഞുവിട്ടു.
അൽപസമയത്തിനുശേഷം കേസ് സ്റ്റേഷനിൽ ഒതുക്കിത്തീർക്കുന്നതിന്റെ ‘ചിട്ടവട്ടങ്ങൾ’ ആണു ഹക്കീം കേട്ടത്. സ്റ്റേഷനിലെ പൊലീസുകാരെല്ലാം അതേക്കുറിച്ചു സംസാരിച്ചു.രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ.
ഹക്കീം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകിയിരുന്നു. ഗതാഗതക്കുരുക്കിൽപെട്ടുവെന്നു പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറി.ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാൻ എസ്ഐ നിർദേശിച്ചുവത്രെ. ഹക്കീം തയാറാകാത്തതിനെ തുടർന്ന് പൊലീസുകാർ വളഞ്ഞു ഒടുവിൽ നിവൃത്തിയില്ലാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു.ഹക്കിമീന്റെ ജാമ്യം റദ്ദാക്കണമെന്നാണു നെടുമങ്ങാട് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.