ഷെരീഫ് ഇബ്രാഹിം.
അതിരാവിലെ എനിക്ക് വന്ന ഒരു ഫോണ്‍ കാൾ മുരളി മാഷല്ലേ എന്ന് ചോദിച്ചായിരുന്നു. അതെ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അടുത്ത വാചകം
‘ഞാൻ സത്യൻ ,എനിക്കൊന്നു മാഷെ കാണണമെന്നുണ്ട്.’ ഫോണിൽ അങ്ങേതലയ്ക്കൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ ഞാൻ അന്ധാളിച്ചു പോയി.
‘തനിക്കൊന്നു ഇങ്ങോട്ട് വന്നൂടെ?’ കുറച്ചു നീരസത്തോടെ ഞാൻ ചോദിച്ചു
‘മാഷെ എനിക്ക് അങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴെന്നല്ല, ഒരിക്കലും വരാൻ പറ്റാത്ത അവസ്ഥ.’
‘ശെരി. ഞാൻ ഞായറാഴ്ച വരാം. നിങ്ങളുടെ അഡ്രസ് പറയൂ’ ഞാൻ ആവശ്യപ്പെട്ടതനുസരിച്ചു സത്യൻ അവന്റെ അഡ്രസ് തന്നു
എഴുപത്തഞ്ചു വയസ്സായ തനിക്കു യാത്രക്ക് ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. താൻ പഠിപ്പിച്ച ഏതെങ്കിലും കുട്ടിയായിരിക്കും എന്ന് തോന്നി.
സത്യന്റെ വീടന്വേഷിച്ച് ചെന്നു. ഒരു കൂര എന്ന് പറയാവുന്ന വീട്.
പുറത്ത് ഒരു ശോഷിച്ചു കറുത്ത മനുഷ്യൻ ഇരിക്കുന്നു.
‘ഇത് സത്യന്റെ വീടല്ലേ?’ ഞാൻ സംശയം ചോദിച്ചു.
അതെ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ചോദിച്ചു ‘ആരാ, മനസ്സിലായില്ല’
‘എന്റെ പേര് മുരളി. മുരളി മാഷ് എന്ന് പറയും.’ ഞാൻ എന്നെ പരിചയപ്പെടുത്തി
ഇരിക്കാൻ പറഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഓരോ ദിവസവും അഞ്ചും ആറും ആളുകളാണ് മകൻ വരാൻ പറഞ്ഞിട്ട് വരുന്നത്.’
എന്നെ അദ്ദേഹം അകത്തേക്ക് കൂട്ടികൊണ്ട് പോയി.
ആ മുറിയിൽ ഒരു കട്ടിലിൽ ഒരു ചെറുപ്പക്കാരൻ കിടക്കുന്നു. വളരെ ശോഷിച്ച ശരീരം. മുഖം ആകെ വികൃതമായിട്ടുണ്ട്. ഇടത്തെ കവിൾ ഇല്ലെന്നു തന്നെ പറയാം. ഒരു കാൽ മുറിച്ചിട്ടുണ്ട്. എനിക്കാകെ ദുഃഖം തോന്നി. വലത്തേ കൈപ്പത്തി ഇല്ലാത്ത താൻ ഇടത്തെ കൈ കൊണ്ട് ആ ചെറുപ്പക്കാരന്റെ കൈ പിടിച്ചു.
‘മാഷ്ക്ക് എന്നെ മനസ്സിലായോ?’ ആ ചെറുപ്പക്കാരൻ ചോദിച്ചു
ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ അവൻ കുറ്റബോധത്തോടെ ഒരു പാട് കാര്യങ്ങൾ പറഞ്ഞു.
‘ഞാനാണ്, സൻ നെഗറ്റീവ് എന്ന് പേര് വെച്ച് ഫേസ്ബൂക്കിലൂടെ മാഷേയും മറ്റു പലരേയും ഒരു പാട് പ്രാവശ്യം കളിയാക്കിയിരുന്ന ആൾ’
ശെരിയാണ് ഞാൻ അതിനെ ഒന്നോര്ത്തെടുത്തു. പലവട്ടം എന്റെ ഫേസ് ബുക്കിൽ ‘എടൊ താൻ ഒന്നരക്കയ്യനല്ലേ എന്നും വയസ്സ് കുറേയായില്ലേ മൂക്കിൽ പഞ്ഞ് വെച്ച് കാൽ വിരൽ കൂട്ടി കെട്ടി പോകേണ്ടേ എന്നും അത്തരത്തിലുള്ള ഒരു പാട് മോശമായ രീതിയിൽ എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. ഒരിക്കൽ മാത്രം ഞാനതിന്ന് മറുപടി അയച്ചു ‘ മോനെ, വിദ്യഭ്യാസം സ്കൂളിൽ നിന്ന് കിട്ടും, പക്ഷെ ഗുരുത്വം ആദ്യം കിട്ടേണ്ടത് വീട്ടിൽ നിന്നാണ്.’
അതിന്നു അവൻ തന്ന മറുപടി ‘പോടാ, ഞാൻ എന്റെ അച്ഛനെ വരെ തല്ലിയിട്ടുണ്ട് എന്നാണു.’ സ്വന്തം അച്ഛനെ തല്ലിയവൻ എന്ന് അവൻ തന്നെ പറയുമ്പോൾ ഞാൻ നിശബ്ദനായി. അതോടെ അവനെ ഞാൻ ബ്ലോക്ക് ചെയ്തു.
‘മാഷെ, എന്നോട് പൊറുക്കണം’ ആ വാക്കാണ് എന്റെ ചിന്തയിൽ നിന്ന് മടക്കി കൊണ്ട് വന്നത്.
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു. ‘ഇതെന്തു പറ്റി?’
അതിന്നു മറുപടി പറഞ്ഞത് സത്യന്റെ അച്ഛനാണ്.
‘പ്രായമുള്ളവരെ കളിയാക്കുക എന്നതാണ് ഇവന്റെ ജോലി. ഇവൻ ശെരിക്കു പറഞ്ഞാൽ കറുത്ത് ഒരു നീഗ്രോ രൂപമാണ്. ഒരു പ്രാവശ്യം ഒരു പ്രത്യേക തരത്തിലുള്ള പാന്റ് വാങ്ങാൻ ഞാൻ പൈസ കൊടുക്കാത്തതിന്നു ഇവൻ എന്നെ തല്ലിയിട്ടുണ്ട്. ഒരിക്കൽ ഇവൻ മോട്ടോർ സൈക്കിൾ ഓടിച്ചു പോകുമ്പോൾ റോഡ് ക്രോസ് ചെയ്ത ഒരു പ്രായമുള്ള സ്ത്രീക്ക് സൈഡ് കൊടുക്കാതെ നല്ല സ്പീഡിൽ പോയി. ആ സ്ത്രീയുടെ ദേഹത്ത് സൈക്കിൾ മുട്ടി. അവര്ക്ക് കാര്യമായ പരിക്ക് ഒന്നും പറ്റിയില്ല. പക്ഷെ നല്ല സ്പീഡിൽ ആയതു കൊണ്ടും ഹെൽമറ്റുഇല്ലാതിരുന്നതിനാലും അവൻ അകലെ ഒരു പോസ്റ്റിൽ ചെന്നിടിച്ചു. ഒരാഴ്ച ICUവിൽ ആയിരുന്നു ഇപ്പോൾ ഒരു വർഷമായി ഈ കിടപ്പാണ്. വലിയ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിക്കാൻ എന്റെ കയ്യിൽ പണമില്ല. പതിനേഴു വയസ്സുള്ള അവനു വണ്ടി ഓടിക്കാൻ ലൈസെൻസ് ഇല്ലാതിരുന്നതിനാൽ ഇൻഷുറൻസും കിട്ടിയില്ല. വയസ്സന്മാരാണ് ആദ്യം മരിക്കുക എന്നാണു ഇവന്റെ വിചാരം……’
അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
‘മാഷ് എനിക്ക് കുറച്ചു ഉപകാരം ചെയ്യണം. ഒന്നാമതായി മാഷ് എനിക്ക് മാപ്പ് തരണം. പിന്നെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന എന്റെ അവസ്ഥ മാറി എന്റെ മരണത്തിന്നായി പ്രാർഥിക്കണം. കൂടാതെ ചെറുപ്പക്കാരോട് പ്രായമുള്ളവരെയും അല്ലാത്തവരെയും കളിയാക്കുന്ന സ്വഭാവം നല്ലതല്ല എന്ന രീതിയിൽ ഒരു കഥ എഴുതണം.
അവന്ന് ഞാൻ മനസ്സറിഞ്ഞു മാപ്പ് കൊടുത്തു. മരണത്തിന്നായി പ്രാർത്തിക്കുന്നതു തെറ്റാണെന്ന് ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി. മൂന്നാമത് അവൻ പറഞ്ഞ കാര്യം, കഥ എഴുതുക എന്നത് ഇത് വരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല, കാരണം ഞാനൊരു സാഹിത്യകാരനല്ലല്ലോ?
———————————————
മേമ്പൊടി:
താൻ താൻ ചെയ്ത പാപങ്ങൾ
താൻ താൻ അനുഭവിച്ചേ തീരൂ