മിലാല്‍ കൊല്ലം.
ഏറേ നാളത്തേ പ്രവാസ ജീവിതത്തിൽ നിന്ന്.
ചില സഹപ്രവർത്തകർ നാട്ടിൽ പോകണമെങ്കിൽ എളുപ്പം എടുത്ത് പ്രയോഗിക്കുന്നത് അഛൻ മരിച്ചു പോയി. അല്ലെങ്കിൽ അമ്മ മരിച്ചു പോയി അതുമല്ലങ്കിൽ അത്യാസന്ന നിലയിൽ ആണു എന്നൊക്കയാണു.
ഇത്തരം പറച്ചിലുകൾ മലയാളികൾ പൊതുവേ കുറവാണു. ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന അഛനെയും അമ്മയേയും കുറിച്ച് ഇല്ലാ വചനം പറയുന്നത് ദോഷമാണു എന്നൊരു തോന്നൽ മലയാളിയ്ക്കുണ്ട്.
എന്നാൽ മറ്റ് പല സംസ്ഥാനത്തുള്ളവരുടെയും അഛനും അമ്മയും ഒന്നിലധികം പ്രാവശ്യം മരിച്ചതായി എനിയ്ക്ക് അറിയാം. അഛൻ മരിച്ചു എന്ന് പറഞ്ഞ് പോയി തിരിച്ച് വന്നതിനു ശേഷം. കുറേ നാൾ കഴിയുമ്പോൾ അത്യാവശ്യമായി വീണ്ടും നാട്ടിൽ പോകേണ്ടി വരും. അപ്പോഴും കമ്പനിയുടെ ഓഫീസിൽ പറയുന്നത്. അഛൻ മരിച്ചു പോയി എന്ന്.
അപ്പോൾ കമ്പനിയുടെ ചോദ്യം. കുറച്ച് നാൾ മുൻപ് അല്ലെ അഛൻ മരിച്ചത്? എന്ന് ചോദിച്ച് അവധി കിട്ടാതിരുന്ന ആളിനെയും എനിയ്ക്ക് അറിയാം. എന്നാൽ കമ്പനിയുടെ അശ്രദ്ധയിൽ അഛൻ മരിച്ചു എന്ന് പറഞ്ഞ് രണ്ടാമത് പോയവരെയും അറിയാം.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇങ്ങനെ പറഞ്ഞ് നാട്ടിൽ പോകാൻ കഴിയുമെങ്കിലും. നമ്മുടെ കേരള നാട്ടിൽ അത്യാവശ്യം രണ്ട് ദിവസം അവധി വേണം എന്ന് വിചാരിച്ച് ആരേങ്കിലും മരിച്ചു എന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ നമുക്ക് ഒന്ന് നോക്കാം.
അഛനെയും അമ്മയേയും നമുക്ക് ഇതിൽ നിന്ന് ഒഴിവാക്കാം.
സർക്കാർ ഓഫീസോ പ്രൈവറ്റ് കമ്പനിയോ ആവട്ട്.
ഹലോ ഞാനാ. സാർ ഈ കഴിഞ്ഞ രാത്രി അഛാഛൻ മരിച്ചു പോയി. അതുകൊണ്ട് രണ്ട് ദിവസം അവധി വേണം. ഞാൻ വരികയില്ല.
ആ… ആയിക്കോട്ടേ. എപ്പോഴാ അടക്കം?
അത് ഉച്ചയ്ക്ക്.
ഉച്ചയ്ക്ക് എത്ര മണിയ്ക്ക്? കൃത്യ സമയം പറ.
അത് രണ്ട് മണി.
അപ്പോൾ ഓ കേ. ഞങ്ങൾ ഒരു പന്ത്രണ്ട് മണിയാകുമ്പോഴേയ്ക്കും അങ്ങ് എത്തും. ഒരു റീത്ത് വാങ്ങണം. പിന്നെ സുഖമില്ലാതെ അവധിയിൽ പോയിരിക്കുന്ന സാറിനെയും അറിയിയ്ക്കണം. അധവ അടക്കുന്നതിനു മുൻപ് എത്താൻ പറ്റിയില്ലെങ്കിൽ അഞ്ച് മിനിറ്റ് കാക്കണേ.
സാറേ ഇത് അഛാഛനാണു മരിച്ചത്. ആരും വരണമെന്നില്ല.
അത് കുഴപ്പം ഇല്ല. ഞങ്ങൾ അടക്കത്തിനു മുൻപ് അങ്ങ് എത്തും. നിങ്ങളുടെ വീട്ടിൽ തന്നെ അല്ലെ?
അല്ല സാർ. അമ്മയുടെ കുടുംബത്താണു. അതും കുറേ ദൂരം ഉണ്ട്. അതുകൊണ്ടാണു വരണ്ടാ എന്ന് പറഞ്ഞത്.
അത് സാരമില്ല. മരിപ്പിനു പോകാൻ കിട്ടുന്ന ഒരു അവസരം അല്ലെ? പിന്നെ അമ്മയുടെ കുടുംബ വിടും ഒന്ന് കണ്ടിരിക്കാം.
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച പോലെ ആയി.
അതുകൊണ്ട് ആരും മരിച്ചു എന്ന് പറഞ്ഞ് അവധിയ്ക്ക് ശ്രമിയ്ക്കരുത്. പണി പാളും.