ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ് ; ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ടി (ടിഡിപി) കേന്ദ്രമന്ത്രിസഭയില്‍നിന്ന് രണ്ടുമന്ത്രിമാര്‍ ഇന്ന് രാജിവെക്കും. ആന്ധ്ര മന്ത്രിസഭയില്‍നിന്ന് രണ്ടും മന്ത്രിമാര്‍ രാജിവെച്ചു. അമരാവതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നായിഡു തീരുമാനം പ്രഖ്യാപിച്ചത്. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ എസ് ചൌധരി എന്നിവരാണ് രാജിവയ്ക്കുക. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രത്യേക പദവിക്കുപകരം ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയാകും കേന്ദ്രസര്‍ക്കാര്‍ ചെയ്യുകയെന്നും ജെയ്റ്റ്ലി പറഞ്ഞു. ജെയ്റ്റ്ലിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ചേര്‍ന്ന ടിഡിപി യോഗത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.