Sunday, November 24, 2024
HomePoemsനിരോധനം. (കവിത)

നിരോധനം. (കവിത)

നിരോധനം. (കവിത)

ഡിജിന്‍ കെ ദേവരാജ്.
നോട്ടു നിരോധിച്ചു! തെരുവിലെ
അന്നം കിട്ടാത്ത വയറിലെ!
പാട്ടു നിരോധിക്കാൻ കഴിയുമോ?
നോട്ടു നിരോധിച്ചു! നഗരത്തറയിൽ
പുതപ്പില്ലാതെ കിടന്നുറങ്ങുന്നവന്റെ
തണുപ്പു നിരോധിക്കാൻ കഴിയുമോ!
നോട്ടു നിരോധിച്ചു ! ചവറ്റുകൂനയില്‍
പെറ്റുവീഴിന്ന അനാഥഗർഭങ്ങളുടെ
പേറ്റുനോവു നിരോധിക്കാനാവുമോ?
നോട്ടു നിരോധിച്ചു! പെണ്ണിറച്ചി തിന്നുന്ന
തെരുവിലെ പിശാചുപട്ടികളുടെ
കാമവെറി നിരോധിക്കാൻ കഴിയുമോ!
നോട്ടുനിരോധിച്ചു! അധികാരമാളുന്ന
കോടീശ്വരമുതലകളുടെ നിയമസംഹിത
ഒരുനിമിഷമെന്കിലും നിരോധിക്കാനാവുമോ!
നോട്ടു നിരോധിച്ചു! പൊതുജനത്തെ
കട്ടുതിന്നു സ്വകുംഭം നിറക്കുന്നവരുടെ
കെെക്കൂലി നിരോധിക്കാൻ കഴിയുമോ?
നോട്ടു നിരോധിച്ചു! ഒന്നാംക്ളാസുമുതല്‍
ബിരുദം വരെ ഡൊണേഷൻ കൊയ്യുന്ന
വിദ്യാഭ്യാസക്കച്ചവടം നിരോധിക്കാനാവുമോ?
നോട്ടു നിരോധിച്ചു! അഭ്യസ്തവിദ്യരുടെ
കഴിവിനെ ഭ്രഷ്ടുപറഞ്ഞു മാനംകെടുത്തുന്ന
റിസർവ്വേഷൻ നിരോധിക്കാൻ കഴിയുമോ?
മുതലാളിക്കടമെഴുതിത്തള്ളുന്നവരേ
കടക്കണിയേറി കയറില്‍തൂങ്ങിത്തീരുന്ന
കർഷകാത്മഹത്യ നിരോധിക്കാനാവുമോ?
ഒന്നും കഴിയില്ല എന്നുറപ്പെന്കിലും
എത്ര ചോദ്യമെഴുതിയിട്ടും തീരാത്ത
എന്റെ കവിതയെന്കിലും നിരോധിക്കുമോ?
RELATED ARTICLES

Most Popular

Recent Comments