ജോണ്‍സണ്‍ ചെറിയാന്‍.
ധാക്ക: അഴിമതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് എഴുപത്തിരണ്ടുകാരിയായ സിയയ്ക്ക് ശിക്ഷ വിധിച്ചത്.
ഇതേ കേസില്‍ സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 10 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ കൂടിയാണ് സിയ. സിയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ കമ്മീഷന്‍ കണ്ടെത്തിയത്. ട്രസ്റ്റ് വെറും കടലാസ് സംഘടനയാണെന്നും ട്രസ്റ്റിന്റെ പേരില്‍ സിയ അനധികൃതമായി പണം സമ്ബാദിച്ചെന്നും കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.