Friday, November 22, 2024
HomeKeralaകരിക്കട്ടയില്‍ കലാവിസ്മയം തീര്‍ത്ത് ശുചീകരണ തൊഴിലാളി.

കരിക്കട്ടയില്‍ കലാവിസ്മയം തീര്‍ത്ത് ശുചീകരണ തൊഴിലാളി.

കരിക്കട്ടയില്‍ കലാവിസ്മയം തീര്‍ത്ത് ശുചീകരണ തൊഴിലാളി.

ജോണ്‍സണ്‍ ചെറിയാന്‍.
ശബരിമല: ദേവസ്വം മെസ്സിലെ ശുചീകരണ തൊഴിലാളി മാത്രമല്ല നാരായണന്‍കുട്ടി, മികവുറ്റ ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. ദേവസ്വം മെസ്ഹാളിലെ ചുവരില്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം ഒന്നു മാത്രം മതി ഇയാളുടെ കലാവൈഭവം കണ്ടറിയാന്‍. കത്തിയമര്‍ന്ന വിറകിലെ കരിക്കട്ടമാത്രമാണ് നാരായണന്‍ കുട്ടിയുടെ ഉപകരണം.
പക്ഷെ അതില്‍ തീര്‍ക്കുന്ന കലാവിസ്മയം വിവരണങ്ങള്‍ക്കതീതമാണ്. ശൂചീകരണ ജോലികളുടെ ഒഴിവു സമയങ്ങളില്‍ ആരും കാണാതെ ഇടനാഴികളില്‍ വരച്ച ജീവസ്സുറ്റ ചിത്രങ്ങള്‍ കാണാനിടയായ സ്പെഷ്യല്‍ ഓഫീസറാണ് ഈ കലാകാരനെ പ്രോത്സാഹിപ്പിച്ചത്.
ആരും കാണാതെ വരയ്ക്കുന്നതിന് പകരം ഹാളില്‍ എല്ലാവര്‍ക്കുമായി ചിത്രം വരയ്ക്കാന്‍ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ പ്രോത്സാഹനവുമായി മുന്നില്‍ വന്നതോടെ ധൈര്യമായി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പശുക്കിടാവിനോടൊപ്പമുള്ള മിഴിവാര്‍ന്ന ശ്രീകൃഷ്ണചിത്രം ചുമരില്‍ പൂര്‍ത്തിയായി. മെസ്സില്‍ ഭക്ഷണം കഴിക്കാനെത്തുന്ന ജീവനക്കാര്‍ക്കെല്ലാം നവ്യാനുഭവമായി മാറുകയായിരുന്നു ഈ ചിത്രം.
ഹരിപ്പാട് സ്വദേശിയായ നാരായണന്‍കുട്ടി (57) നാട്ടിയെന്നാണ് അറിയപ്പെടുന്നത്. കൊല്ലം തേവള്ളിയിലെ മോഡേണ്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ അഞ്ചുകൊല്ലം കലാപഠനം പൂര്‍ത്തിയാക്കി. നസ്രത്ത് പണ്ടാലയായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. തുടര്‍ന്ന് കലാജീവിതത്തിലൂടെയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
എന്നാല്‍ ഫ്ളക്സ് ബോര്‍ഡുകളുടെ കടന്നു വരവോടെ ചുവരെഴുത്ത് പോലും ലഭിക്കാതെയായി. അതോടെ കലാസപര്യ മതിയാക്കി ജീവിക്കാനായി മറ്റു ജോലികള്‍ തേടി.
നാരായണന്‍കുട്ടി ശബരിമലയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ശുചീകരണവിഭാഗത്തില്‍ ജോലിചെയ്യുന്നു. ഭാര്യ ഗീത കൂലിപ്പണിക്കാരിയാണ്. ഹരികൃഷ്ണന്‍, അര്‍ജുനന്‍, പൂജ എന്നിവര്‍ മക്കളാണ്.
RELATED ARTICLES

Most Popular

Recent Comments