പി.പി. ചെറിയാന്‍.
ഫീനിക്സ്: ഫ്ളൂ വൈറസ് യഥാസമയം കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് അടിവരയിടുന്ന സംഭവം ഫിനിക്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.
2 വയസും 6 മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അലാനി മുറിയേറ്റ എന്ന 20 വയസ്സുകാരി ഫ്ളൂ വൈറസ് കണ്ടെത്തി പിറ്റേ ദിവസം മരണമടഞ്ഞ സംഭവമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കഴിഞ്ഞ ഞായറാഴ്ച അലാനിയുടെ പിതൃസഹോദരി വീട്ടില്‍ നിന്നും പോകുമ്പോള്‍ അലാനിക്ക് ചെറിയ തോതില്‍ പനി ഉണ്ടായിരുന്നതായും പിറ്റേ ദിവസം ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഫ്ലൂ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
തീരെ അവശനിലയിലായ അലാനിയുടെ ഫ്ലൂ പെട്ടെന്ന് ന്യുമോണിയയായി മാറുകയും മരണം സംഭവിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു.
പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ ഫ്ളൂ വ്യാപകമാകുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നതായും ഇതിനെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരി ക്കുകയോ, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടുകയോ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്.ഫ്ളൂ സീസന്‍ ആരംഭിച്ചതിനുശേഷം ഒക്കലഹോമയില്‍ ഇതിനകം രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.