ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മിമിക്രി കലാകാരനും സിനിമാ നടനുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്ലറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ നടക്കും.
വീട്ടില്‍വെച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അബിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൂവാറ്റുപ്പുഴ സ്വദേശിയായ ഹബീബ് അഹമ്മദ് എന്ന അബി മിമിക്രിയിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ജനപ്രിയ താരമായി മാറി. കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ട്രൂപ്പുകളിലൂടെയാണ് അബിയെ അറിയപ്പെട്ടത്. മഴവില്‍ കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്മാര്‍ അടക്കം അമ്ബതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മെഗാ സ്റ്റാര്‍ മമ്മൂട്ടി എന്നിവരുടെ ശബ്ദം തന്‍മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. മലയാളികള്‍ നെഞ്ചേറ്റിയ ‘ആമിന താത്ത’ എന്ന ഹാസ്യ കഥാപാത്രത്തിന്‍റെ ഉപജ്ഞാതാവ് അബിയായിരുന്നു. യുവനടന്‍ ഷൈന്‍ നിഗം മകനാണ്.