ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : ഗ്രന്ഥകാരനും മാധ്യപ്രവര്‍ത്തകനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ്. സ്‌പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കി ന്യൂ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ്‌വേഡ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച അറബിക് ഫോര്‍ എവരിഡേ – സ്‌പോക്കണ്‍ അറബിക് ഫോര്‍ ഓള്‍ എന്ന ഗ്രന്ഥം പരിഗണിച്ചാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. സല്‍വിന്‍ കുമാര്‍ പറഞ്ഞു. മധുര പോപ്പീസ് ഹോട്ടലില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. സല്‍വിന്‍ കുമാറും ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍ സീതാരാമനും അമാനുല്ലയെ പുരസ്‌കാരം നല്‍കി ആദരിച്ചു.
അറബി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ച് കിംഗ്‌സ് യൂണിവേഴ്‌സിറ്റി അമാനുല്ലക്ക് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്ററായും, സ്‌പോക്കണ്‍ അറബിക് വിഭാഗം വിസിറ്റിംഗ് പ്രൊഫസറായും അമാനുല്ല സേവനമനുഷ്ഠിക്കുമെന്ന് അവാര്‍ഡ് ദാനചടങ്ങില്‍ സംബന്ധിച്ച സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തില്‍ മുഹമന്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.ബി. എസ്. ഇ . വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ അമാനുല്ലയുടെ പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌ക്കൂള്‍, ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുല്ല സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നയതന്ത്രപ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി ഖത്തറിലെ നിരവധിപേരെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിക്കുന്നുണ്ട്.
വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ മകള്‍ റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവരാണ് മക്കള്‍
ഫോട്ടോ : ഡോ. അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് യുണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. സല്‍വിന്‍ കുമാറും ദോഹാ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍ സീതാരാമനും ചേര്‍ന്ന് സമ്മാനിക്കുന്നു.