ജോണ്‍സണ്‍ ചെറിയാന്‍.
ന്യുഡല്‍ഹി:ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് കൊല നടത്തിയത്. ഇവര്‍ക്ക് 13നും 16നും മധ്യേ പ്രായമുണ്ടാകാം. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞതാണ് സംഘത്തെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
ഇരുപത് വയസിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്നും ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡി സി പി അറിയിച്ചു. ആക്രമണം നടക്കുമ്ബോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്സുമായിരുന്നു കൃത്യം നടത്തിയവരുടെ വേഷം. ഈ യൂനിഫോമിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതികളെന്ന് പോലീസ് സംശയിക്കുന്നു.
കുത്തേറ്റ യുവാവ് ഉടന്‍തന്നെ ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്. അതേസമയം, ഇവര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയിക്കുന്നു.