വിനോദ് കൊണ്ടൂർ ഡേവിഡ്.
ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയ്ക്കടുത്ത് ഷാംബർഗ്ഗ് സിറ്റിയിലുള്ള റെനസൻസ് കൺവൻഷൻ സെന്ററിൽ വെച്ചു നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ദേശീയ കോർഡിനേറ്റർമാരായി ഫിലാഡൽഫിയയിൽ നിന്നുള്ള സണ്ണി എബ്രഹാമിനേയും, ചിക്കാഗോയിൽ നിന്നുള്ള ജോൺ പാട്ടപ്പതിയെയും തിരഞ്ഞെടുത്തു.
ഫോമായുടെ മുൻ ദേശീയ സമിതി അംഗവും, ഫിലാഡൽഫിയയിലെ കലാ എന്ന സംഘടനയുടെ പ്രസിഡന്റുമൊക്കെയായി സണ്ണി പ്രവർത്തിച്ചിട്ടുണ്ട്.
ഫോമായുടെ സെൻട്രൽ റീജിയന്റെ ട്രഷറാർ, ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റ്, മുൻ വൈസ് പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ് തുടങ്ങി, വിവിധ സാംസ്ക്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തിത്വം തെളിയിച്ച ചിക്കാഗോയിൽ നിന്നുള്ള ജോൺ പാട്ടപ്പതി ജോൺ ആണ് മറ്റൊരു കോർഡിനേറ്റർ.
മുൻ ദിനരാത്രങ്ങളിലായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഒരുമിച്ചു കൂടി, അഘോഷമാക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ, അമേരിക്കയിൽ നിന്നും, നാട്ടിൽ നിന്നും മാധ്യമ, സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, പ്രൊവിൻസുകളിൽ നിന്നുമായി ഏകദേശം 69 അംഗ സംഘടനകളുണ്ട് ഇന്ന് ഫോമയ്ക്ക്. ഈ 69 സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ കുടുബമായി പങ്കെടുക്കുന്ന ഈ കൺവൻഷനിൽ, കുട്ടികൾക്കും, മുതിർന്നവർക്കും, ആൺ-പെൺ വിത്യാസമില്ലാതെ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള കലാപരിപാടികളും, ഡി. ജെ. നൈറ്റും ഒക്കെ ചിക്കാഗോ കൺവൻഷനിൽ ഉണ്ടാകും.
നവംബർ 30 ന് മുമ്പ് കൺവൻഷർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, ഒരു ഫാമിലി രജിസ്ട്രേഷന് ഫീസ് $999/- ആയിരിക്കും. അതിനു ശേഷം $1250 ആയി കൂടുമെന്ന് സംഘാടകർ അറിയിച്ചു. മുൻ കൺവൻഷനുകളിലെ വൻ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികൾ ഈ കൺവൻഷനിലും ഉണ്ടാകും. കൺവൻഷനെ കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും www.fomaa.net എന്ന വെബ് സൈറ്റ് സന്ദർശിക്കുക.