ഫ്ളോറിഡാ: മൂന്നുമാസവും, മൂന്നു വയസ്സും ഉള്ള രണ്ടു കുട്ടികളെ കാറിനകത്ത് അടച്ചുപൂട്ടി സ്ട്രിപ് ക്ലബില്‍ ഡാന്‍സ് ആസ്വദിക്കുന്നതിന് പോയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. വില്യം ജി. ജോര്‍ഡനാണ് (23) അറസ്റ്റിലായത്.
ഡാന്‍സ് ക്ലബിനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലിരുന്ന് കരയുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന സ്ത്രീ കാറിനകത്തേക്ക് നോക്കിയത്. വിവരം ഡാന്‍സ് ക്ലബ് ജനറല്‍ മാനേജരെ അറിയിച്ചു. കാര്‍ സീറ്റില്‍ ബല്‍റ്റിടാതെ ഇരിക്കുന്ന മൂന്നു വയസ്സുക്കാരനേയും, തല താഴേയും കാല്‍ മുകളിലായും കിടക്കുന്ന മുന്നുമാസമുള്ള കുട്ടിയേയും കണ്ടതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു.
ഇതിനിടെ ഡാന്‍സ് ക്ലബിലെ പ്രോഗ്രാം നിര്‍ത്തിവെച്ചു കുട്ടികളുടെ പിതാവിനെ കണ്ടെത്തുന്നതിന് മാനേജര്‍ നടത്തിയ ശ്രമം വിജയിച്ചു.
ക്ലബില്‍ നിന്ന് വില്യം പുറത്തു വന്ന ഉടനെ പോലീസും സംഭവ സ്ഥലത്തെത്തി. അരമണിക്കൂര്‍ മാത്രമാണ് ഞാന്‍ ക്ലബില്‍ ചിലവഴിച്ചതെന്ന് പോലിസിനോട് സമ്മതിച്ചുവെങ്കിലും അറസ്റ്റ് ഒഴിവാക്കാനായില്ല.
കുട്ടികളുടെ ജീവന്‍ അപായപ്പെടുത്തല്‍, അശ്രദ്ധ, തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്ത കുട്ടികളുടെ പിതാവിനെ 10,000 ഡോളര്‍ ജാമ്യ തുക കെട്ടിവെച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും വിട്ടയച്ചു.
കുട്ടികളുടെ കരച്ചില്‍ പുറത്ത് കേട്ടില്ലായിരുന്നുവെങ്കില്‍ സ്ഥിതി എന്താകുമെന്നാണ് ക്ലബ് മാനേജര്‍ ചോദിക്കുന്നത്. ഉത്തരവാദിത്വമില്ലായ്മയും, അശ്രദ്ധയും കുട്ടികളുടെ ജീവന്‍ തന്നെ ഭീഷിണിയാകുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മാനേജര്‍ അഭിപ്രായപ്പെട്ടു.