ജോണ്‍സണ്‍ ചെറിയാന്‍.
വൃശ്ചിക രാത്രിതന്‍ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കി…
ശ്രവണ സുന്ദരമായ ഈ ഗാനം എന്നെ പ്പോലെ നിങ്ങള്‍ക്കും ഓര്‍മ്മയില്ലേ? ഒരിക്കല്‍ക്കൂടി വൃശ്ചിക മാസം വന്നെത്തിയിരിക്കുന്നു… കുളിര്‍മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരികളും അസ്തമയ സൂര്യന്‍ ചെഞ്ചായം പൂശുന്ന, നാമജപങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വൃശ്ചിക സന്ധ്യകളും… നമ്മുടെ ഹൃദയങ്ങളിലും കുളിര്‍മ്മ പരത്തുന്നു… ദൈവീകത നിറക്കുന്നു…
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി വെളുപ്പിനെ എണീറ്റ് ജനല്‍ തുറന്നു പുറത്തേക്കു നോക്കി നില്‍ക്കല്‍ ഒരു ശീലമായിട്ടുണ്ട്. മഞ്ഞില്‍ കുളിച്ച നേര്‍ത്ത വെളിച്ചത്തില്‍ ഇലകളേം,മരങ്ങളേം,ഒക്കെ കാണുമ്ബോള്‍ ഒരു സുഖം മനസ്സിനും,ശരീരത്തിനും…..നാട്ടിലെ എന്റെ ജനാലക്കപ്പുറത്ത് ഞാന്‍ നോക്കി നിന്നിട്ടുള്ള എനിക്കിഷ്ടമുള്ള ചെമ്ബക മരം ഇവിടെ ഇല്ല… മന്ദാരവും,നന്ത്യാര്‍വട്ടവും ഇല്ല ….. മൈലാഞ്ചിയും ..കൂവളവും കാണാനില്ല …
ഗന്ധരാജനെ മാത്രം എനിക്ക് കാണാം പിന്നെ കുറച്ചു അരളി പൂക്കളെയും ….എത്ര വശ്യതകള്‍ ആയിരുന്നു ആ ചെടികള്‍ക്കും പച്ചപ്പിനും ….ചെമ്ബകത്തിന്റെ ഇലകള്‍ക്കും കൂടി ഒരു മനോഹര മൃദുവായ സുഗന്ധമുണ്ടായിരുന്നു .എന്നെ മോഹിപ്പിക്കുന്ന മണം.,,, ജനിച്ച മണ്ണിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു നനുത്ത ഓര്‍മ്മ….
മന്ദാരത്തിന്റെ നിഷ്കളങ്കതയും,നന്ത്യാര്‍വട്ടത്തിന്റെ പരിശുദ്ധിയുള്ള മണവും,ഗന്ധരാജന്റെ പ്രണയം നിറഞ്ഞ നില്‍പ്പും ഒക്കെ കണ്ണിനു സൗന്ദര്യമുണ്ടാക്കുന്ന കാഴ്ചകള്‍ ആണ്.അന്നും ഇന്നും… ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന മറ്റൊന്നാണ് വൃശ്ചിക മാസത്തിലെ കാറ്റ്. ആര്‍ക്കാണ് അത് മറക്കാന്‍ കഴിയുക. ആ ഒരു തലോടല്‍ നമ്മുടെ ശരീരത്തെ മാത്രമല്ല മനസ്സിനെപ്പോലും ഊഞ്ഞാല്‍ ആട്ടുന്നു.
ആഹ്ളാദ ത്തോട് കൂടി ആടി ഉലയുന്ന മരങ്ങള്‍ക്കിടയില്‍ നിഷ്കളങ്കമായ കുട്ടികളുടെ കയ്യടി പോലെ തമ്മില്‍ കൂട്ടിയടിച്ചു ശബ്ദം ഉണ്ടാക്കുന്ന തെങ്ങിന്‍ ഓലകള്‍, കലപില കൂട്ടുന്ന മാവില്‍ ഇലകള്‍, കളകള നാദം പൊഴിക്കുന്ന ആലിലകള്‍, അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന കവുങ്ങ് മരങ്ങള്‍, നൂല്‍ പൊട്ടിയ പട്ടം കണക്കെ ദിശ മാറി ആ കാറ്റില്‍ പാറി പറക്കുന്ന പക്ഷികള്‍, കാറ്റിന്റെ ഈ മൂളിച്ചയില്‍ അന്തം വിട്ടു കുഞ്ഞുങ്ങളെ മാടി വിളിക്കുന്ന തള്ളകോഴി, കിങ്ങിണി കെട്ടി തൊടിയില്‍ ഓടി നടക്കുന്ന കിടാവിനെ രണ്ടു ചെവിയും കൂര്‍പ്പിച്ചു കൊണ്ട് തിരികെ വിളിക്കുന്ന അമ്മപശു….അങ്ങനെ ഒരുപാട് പ്രകൃതിയുടെ മായാത്ത വിസ്മയങ്ങള്‍, ആ കാറ്റിന്‍ മാസം നമ്മുക്ക് സമ്മാനിക്കുന്നു. തീര്‍ച്ചയായും ഗൃഹാതുരത്വത്തിന്റെ ഒരു പാട് നേര്‍ത്ത ഓര്‍മ്മകള്‍ …
പ്രവാസ ജീവിതത്തില്‍ ഒരു മരുപച്ചയായ് മനസ്സില്‍നിന്നു ഒരിക്കലും മായാതെ, എല്ലാം നിറമുള്ള, മണമുള്ള ഓര്‍മ്മകള്‍… വെറും ഓര്‍മ്മകള്‍ മാത്രം…. ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം… ഹൈന്ദവ സഹോദരങ്ങള്‍ക്ക് വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായിരിക്കുന്നു . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വൃതാനുഷ്ടാനങ്ങളിലൂടെ ആത്മ ശുധ്ധീകരനത്ത്തിന്റെ പവിത്രമായ 41 നാളുകള്‍ക്കു ശുഭാരംഭം ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി…
എന്റെ നാട്ടിലെ വൃശ്ചിക പുലരിയെ കുറിച്ച് എഴുതുമ്ബോള്‍ ഞാന്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട ഒന്ന് വൃശ്ചിക പുലരിയില്‍ കാനന വാസനെ തൊഴാനാന്‍ ശബരിമലയിലേക്ക് ഉള്ള അയ്യപ്പ ഭക്തജനപ്രവാഹം തന്നെ യാണ് . എന്റെ അടുത്ത പട്ടണം ആയ മത സൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയില്‍ പേട്ടതുള്ളി വാവരുസ്വാമിയെയും ദര്‍ശിച്ച് വൃശ്ചിക പുലരിയില്‍ മല ചവിട്ടാന്‍ നിരവധി ഭക്തര്‍ എരുമേലിയില്‍ എത്തുന്നു എരുമേലിയുടെ മുഖഛായ മാറുകയാണ്. ഇനി രണ്ടുമാസക്കാലം ഉറക്കമില്ലാത്ത ദിനങ്ങളാണ്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീഷമായിരിക്കും എരുമേലിയുടേത്.