മിലാല്‍ കൊല്ലം.
വൃഛികം ഒന്ന്.
എന്റെ കൊച്ചിലെ ഓണത്തിനു പൂക്കളം ഇടും പോലെ വൃഛികം ഒന്നു മുതൽ നാൽപ്പത്തി ഒന്നു ദിവസം പൂക്കളം ഇടുമായിരുന്നു. ഈ പൂക്കളം ഇടീൽ എല്ലായിടത്തും ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഞാൻ വളർന്നതിനു ശേഷം എങ്ങും ഇട്ട് കണ്ടിട്ടുമില്ല.
അതുപോലെ രാവിലെയും വൈകിട്ടും നാമം ചൊല്ലും. ഈ നാൽപ്പ്ത്തോന്ന് ദിവസം മറ്റു നാമങ്ങൾ ചൊല്ലുന്നതിനോടൊപ്പം അയ്യപ്പ കീർത്തനങ്ങളും ചൊല്ലും. അതും ഉറച്ചാണു ചൊല്ലുന്നത്. എന്റെ കീർത്തനം ചൊല്ലൽ ഞങ്ങളുടെ അയലത്തുകാർക്ക് മുഴുവൻ അറിയാം.
എനിക്ക് ചൊല്ലാൻ ഏറ്റവും ഇഷ്ടപ്പെട്ട ഭക്തി ഗാനം ശ്രീ ജയവിജയന്മാർ പാടിയ ‘നല്ലതു വരുത്തുക നമുക്ക് നിലവയ്യാ
നല്ലവഴിയങ്കലരുളിടുക തൊഴുന്നേൻ
കാത്തരുളുക ശബരിമല ആണ്ടനിലവയ്യാ…. ഇതുപാടാൻ ഭയങ്കര ഉഷാറാ.
എന്റെ കൊച്ചിലെ മുതൽ ശബരിമല പോകാൻ ഭയങ്കര ആഗ്രഹമാ. അതുപോലെ എന്നെ ശബരിമലയ്ക്ക് വിടാൻ അമ്മക്കും ആഗ്രഹം ആയിരുന്നു. പക്ഷേ പൈസയുടെ ബുദ്ധിമുട്ടും. കൊണ്ടു പോകാൻ ആളില്ലാതിരുന്നതും കാരണം പത്ത് വയസ് വരെ പോയില്ല.
അങ്ങനെ എന്റെ പത്താമത്തേ വയസിൽ (1977) മലയ്ക്ക് കൊണ്ടു പോകാമെന്ന് കൊച്ചച്ചൻ (അഛന്റെ സ്വന്തം അനുജൻ) പറഞ്ഞു. വൃഛികം ഒന്നിനു മാലയിട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ. മയ്യനാട്ടുള്ള എന്റെ അഛന്റെ ചേട്ടത്തി അനുജത്തി ബന്ധത്തിലുള്ള ഒരു അനുജൻ ഹൃദയാഘാതം വന്ന് മരിച്ചു. അത് ഞങ്ങളുടെ കൂനിയഴികത്ത് രാഘവൻ കൊഛഛൻ ആയിരുന്നു.
അങ്ങനെ ഞങ്ങൾ തിരക്കി. മരണം ആയതുകൊണ്ട് മലയ്ക്ക് പോകാമോ? ഇനി മാല ഊരണോ എന്നോക്കേ. അപ്പോൾ അറിഞ്ഞു അഛന്റെ ചേട്ടത്തി അനുജത്തി ബന്ധത്തിൽ ഉള്ളതായതുകൊണ്ട് മലയ്ക്ക് പോകാം മാല ഊരണ്ടാ.
ഈ സമയത്തായിരുന്നു ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായതും. ഞങ്ങളുടെ വീടിനു കിഴക്കുള്ളവരെയെല്ലാം മാറ്റി പാർപ്പിച്ചതും മറ്റും.
ഒരു പഴയ സിനിമയിൽ പറയുമ്പോലെ ലേറ്റായാൽ ലേറ്റേസ്റ്റ് ആയിടും എന്ന്. അതുപോലെ എന്റെ ശബരിമല പ്രവേശനവും അങ്ങനെ ആയിരുന്നു.
കൊഛഛനു കൊല്ലം എസ് എൻ കോളെജിൽ ജോലി ആയിരുന്നത് കൊണ്ട്. കൊഛഛന്റെ കൂടേ മലയ്ക്ക് പോകുന്നവർ എല്ലാം എസ് എൻ കോളേജിലെ സഹപ്രവർത്തകരാണു. കൊല്ലത്തുള്ള ഒരു ഹരിസാർ. കായംകുളത്തുള്ള ഒരു തങ്കപ്പൻ സാർ പിന്നെ ചെങ്ങന്നൂരുള്ള ഒരു സാർ പിന്നൊരു രണ്ട് പേരുകൂടിയുണ്ട് പേരു മറന്നു പോയി. പിന്നെ ഞാനും കൊഛഛന്റെ മകൾ ഉഷയും (ഉഷാജൈൻ)
ഞങ്ങൾ ഇരുമുടി കേട്ടു കെട്ടുന്നത് കായംകുളത്ത് തങ്കപ്പൻ സാറിന്റെ വീട്ടിൽ വച്ചിട്ടാണു. അതുകൊണ്ട് രാവിലെ തന്നെ വീട്ടിൽ കഞ്ഞി ഒഴിപ്പൊക്കേ നടത്തി നേരേ കൊഛഛന്റെ വീടായ വെൺപാലക്കരെ എത്തി അവിടുന്നു കൊഛഛനും ഉഷയുമായി കൊല്ലത്ത് ചെന്ന്. അവിടുന്ന് ഹരി സാറുമായി കായംകുളത്ത് ചെന്നു. തങ്കപ്പൻ സാറിന്റെ വീട്ടിൽ നല്ല അടിപൊളി കുളം ഉണ്ടായിരുന്നു അതിൽ കുളിച്ചു. പിന്നെ ഉച്ച ഭക്ഷണം കഴിച്ചു. വൈകുന്നേരം അവിടുത്തേ കുളത്തിൽ ഒന്നു കൂടി കുളിച്ചു. എന്നിട്ട് ഇരുമുടി കെട്ടൊക്കേ കെട്ടി തലയിൽ വച്ച് നേരേ കായംകുളം റെയില്വ്വേ സ്റ്റേഷനിൽ. അവിടുന്നു ചെങ്ങന്നൂർ. അവിടെ ചെന്നപ്പോൾ ബാക്കി കൊഛഛന്റെ സുഹൃത്തുക്കളും കൂടി കൂടി.
അവിടുന്നു ശബരിമലക്കുള്ള ബസിൽ. കേളേജ് ജോലിക്കാരാണെങ്കിലും ബസിൽ കയറാൻ വലിയ തിരക്കായിട്ടും ഞങ്ങൾക്ക് എല്ലാവർക്കും സീറ്റ് അവർ തരപ്പെടുത്തി. ഞങ്ങളുടെ വീടിനടുത്തുന്നൊക്കേ പോകുന്നവർ വൈകുന്നേരം ശബരിമലയ്ക്ക് പോയാൽ അടുത്ത ദിവസം വൈകുന്നേരം തിരിച്ചു വീട്ടിൽ എത്തും.
എന്നാൽ എന്റെ ആദ്യത്തേ മലയ്ക്ക് പോക്ക് അങ്ങനെ അല്ലായിരുന്നു. അവിടെ ചെന്ന് നേരേ പതിനെട്ടാം പടി കയറി. അന്ന് ഇന്നത്തേ പോലെ സ്വർണ്ണം പൂശിയ പടി അല്ല. കല്ലുകൊണ്ടുള്ള പടിയാണു. അതെ പടിയിൽ തന്നെയാണു തേങ്ങാ അടിക്കുന്നത് അബദ്ധ വശാൽ അടിക്കുന്ന തേങ്ങാ കാലിൽ കൊള്ളാം. അതു കഴിഞ്ഞു കയറി അയ്യപ്പനെ കണ്ട് മറു വഴിയേ തിരിച്ച് ഇറങ്ങി വന്ന്. കാട്ടിൽ ഒരു പുൽക്കുടിൽ വാടകയ്ക്ക് എടുത്തു. അവിടെ ഭക്ഷണം വച്ചു വച്ചിട്ട്. നേരേ ഉരുൾക്കുഴിയിൽ പോയി. അവിടെ ചെന്നപ്പോൾ ഒരുപാട് സ്വാമിമാർ അവിടെ കുളിക്കുന്നുണ്ട്. അപ്പോൾ തന്നെ ഒരു സ്വാമി എന്നെ പൊക്കിയെടുത്ത് കുഴിയിൽ ഒന്ന് മുക്കി. ഇഞ്ഞ് എടുത്തു. ബാക്കിയുള്ളവരും അവിടെ കുളിച്ച്. തിരിച്ച് കുടിലിൽ വന്ന് ഭക്ഷണം കഴിച്ചു.
അപ്പോൾ പറയുന്നതു കേട്ടു. കഴിഞ്ഞ വർഷം ഇതുപോലെ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട്. ഉരുൾക്കുഴിയിൽ പോയി കുളിച്ചിട്ട് വന്നപ്പോൾ ഭക്ഷണം എല്ലാം കഴുത സ്വാമികൾ കഴിച്ചിട്ട് പോയി. പിന്നെ വേറേ വെച്ച് കഴിക്കേണ്ടി വന്നു എന്ന്.
അന്ന് വൈകുന്നേരം ഭസ്മ കുളത്തിൽ കുളിക്കാൻ പോയി. കുളിച്ചിട്ട് വന്ന് അയ്യപ്പന്റടുത്ത് മറുവശത്തു കൂടി കയറി കണ്ടിട്ട് പോരുന്നു. അടുത്ത ദിവസം രാവിലെ മറുവശത്തു കൂടി അയ്യപ്പനെ കണ്ടിട്ട് പതിനെട്ടാം പടി വഴി തിരിച്ച് ഇറങ്ങി. ഇപ്പോൾ പതിനെട്ടാം പടി വഴി തിരിച്ച് ഇറക്കം ഇല്ല.
അങ്ങനെ പമ്പയിൽ നിന്ന് ബസിൽ കയറിയതു മുതൽ ശർദ്ദിൽ തുടങ്ങി. കൊഛഛൻ ബുദ്ധിപരമായി ബസിൽ നിന്ന് തല വെളിയിൽ ഇട്ട് ശർദ്ദിക്കാതിരിക്കാൻ വേണ്ടി എനിക്ക് ഒരു തോർത്ത് തന്നിട്ട് അതിൽ ശർദ്ദിച്ചു കൊള്ളാൻ പറഞ്ഞു. പാവം കൊഛഛൻ ചെങ്ങന്നൂർ വന്നിട്ട് അവിടുത്തേ റെയില്വ്വേ സ്റ്റേഷനിൽ ഇട്ട് ആ തോർത്ത് കഴുകി. അവിടുന്ന് ട്രെയിനിൽ കൊല്ലം പിന്നെ മയ്യനാട്.
ഞാൻ ബസിൽ കയറിയാൽ ശർദ്ദിക്കുമായിരുന്നു. മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്ന കാലത്ത്. മുതലാളിയുടെ മകൻ റാണാണ്ണൻ പറയുമായിരുന്നു. ഹരീ…. ഹരിക്ക് ബസിൽ കണ്ടക്റ്ററായിട്ട് ജോലി കിട്ടിയാൽ എപ്പോഴും ബസ് ബല്ലടിച്ച് നിറുത്തുവാനെ സമയം കാണുകയുള്ളു. ഒറ്റ ബല്ല് അടിച്ചിട്ട് ഞാൻ ഒന്ന് ശർദ്ദിച്ചോട്ടേ എന്ന്.
പക്ഷേ മെഡിക്കൽ സ്റ്റോർ ജോലി നിറുത്തിയിട്ട് നീണ്ട അഞ്ച് വർഷം ബസിൽ കണ്ടക്റ്ററായി ജോലി ചെയ്തു.
എന്റെ ആദ്യത്തേ ശബരിമല പോക്കിനു ശേഷം പിന്നെട് എത്ര പ്രാവശ്യം മല ചവുട്ടി എന്നതിനു കണക്കില്ല. നാട്ടിൽ രണ്ട് മാസത്തേ അവധിക്ക് പോയാൽ രണ്ട് മാസവും മലയാള മാസം ഒന്നാം തീയതി പോകും.
ഇപ്പോൾ വർഷങ്ങളായി ഇരുമുടി കെട്ടുകെട്ടുന്നത് പമ്പാ ഗണപതിയ്ക്ക് പുറകു വശമുള്ള റസ്റ്റ് ഹൗസിൽ വച്ചിട്ടാണു.
ഒരിക്കൽ രാവിലെ പമ്പയാറ്റിൽ കുളിച്ച് അഛനു ബലിയുമിട്ട് (പമ്പയാറ്റിന്റെ തീരത്ത് ബലിയിടാൻ ഒരു മുട്ട് നിലത്ത് കുത്തിയിരിക്കുമ്പോൾ നമ്മൾ അഛനെ മാത്രമല്ല അഛന്റെ അഛനെ വരെ ഓർത്തു പോകും അത്രയ്ക്ക് മുട്ടിനു വേദന ആയിരിക്കും) നേരേ പമ്പാ ഗണപതിയുടെ അടുത്തു വന്നു. ഞാൻ നോക്കിയപ്പോൾ പ്രസാദ്ം കൊടുക്കുന്നു. ഞാൻ പത്ത് രൂപ തിരുമേനിയുടെ കയ്യിൽ കൊടുത്തു. തിരുമേനി ഒരു കഷ്ണം ഇലയിൽ കുറച്ച് ഭസ്മ്മവും പൂവുമെല്ലാം കൂടി തന്നു. ഞാൻ അത് വേടിച്ച്. കേട്ടു കെട്ടുന്നിടത്ത് കൊണ്ടുവന്നു. അപ്പോൾ അപ്പു അണ്ണൻ ചോദിച്ചു പത്ത് രൂപ കൊടുത്തു അല്ലെ?
ഞാൻ ചോദിച്ചു അതെന്ത്?
അപ്പു അണ്ണൻ – നൂറുരൂപയുടെത് ദാ അവിടെ ഇരിക്കുന്നു എടുത്ത് കഴിച്ചോ.
നോക്കിയപ്പോൾ ഗണപതി ഹോമം നടത്തിയ അവിലും പഴം എല്ലാം കൂടി കുറേ ഉണ്ട്. ഞാൻ ആണെങ്കിലോ വളിച്ച കണക്കായി പോയി.
രണ്ട് തവണ എരുമേലി വഴി മലയ്ക്ക് പോയിട്ടുണ്ട്. പിന്നെ എല്ലാം അയ്യപ്പ ഘടാക്ഷം. എന്നെ ആദ്യമായി ശബരിമലയ്ക്ക് കൊണ്ടു പോയ കൊഛഛനു ആദരാഞ്ജലികൾ.
സ്വാമിയേ
ശരണം അയ്യപ്പ.