ജോണ്‍സണ്‍ ചെറിയാന്‍.
നേമം: മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ റഷ്യക്കാരിക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മാംഗല്യം. റഷ്യക്കാരി മരിയ കിസ്റ്റിക്കോവയ്ക്കാണ് സഹപാഠിയും മലയാളിയുമായ റിനോ ബാബു(27) വുമായുള്ള മൂന്നുവര്‍ഷത്തെ പ്രണയത്തിന് സാക്ഷാത്ക്കാരമായത്.
പ്രാവച്ചമ്ബലം വെള്ളംകെട്ടുവിള ബാബുഭവനില്‍ എസ്.എന്‍.ബാബുവിന്റെയും സി.കോമളകുമാരിയുടെയും മകന്‍ റിനോ ബാബു(27)വും മോസ്കോയ്ക്കു സമീപം യരോസ്ലാവ് മാസ്കോവിസ്കിയില്‍ അലക്സാണ്ടറുടെയും സ്വറ്റ്ലാനയുടെയും മകള്‍ മരിയ കിസ്റ്റിക്കോവ(22)യും തമ്മിലുള്ള വിവാഹം ഞായറാഴ്ച രാവിലെ 8.15നും 8.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് നടന്നത്. റഷ്യയിലെ ബിസിനസ് കുടുംബത്തിലെ അംഗമാണ് മരിയ.
റിനോയുടെ വീടിനു സമീപമുള്ള ദേവാധിദേവ ത്രിലോകനാഥ ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതോടെ അഞ്ചുമാസം മുമ്ബ് വിവാഹ നിശ്ചയം നടത്തി. സംഭവം നാട്ടില്‍ അറിഞ്ഞതോടെ നാട്ടിലെ അപൂര്‍വ വിവാഹം വീക്ഷിക്കാനും സാക്ഷിയാകാനും നിരവധി പേരാണ് പുലര്‍ച്ചെതന്നെ ക്ഷേത്രത്തില്‍ എത്തിയത്. മുല്ലപ്പൂവും സാരിയും ആഭരണങ്ങളും അണിഞ്ഞു തനി കേരളീയ വേഷത്തിലായിരുന്നു വധു. ഇഷ്ട ദൈവമായ ശ്രീകൃഷ്ണ ഭഗവാനു മുന്നില്‍ കണ്ണുകളടച്ച് അല്‍പസമയം മംഗല്യ സൗഭാഗ്യത്തിനായി മരിയ പ്രാര്‍ത്ഥിച്ചു. തുടര്‍ന്നാണു ഹിന്ദു ആചാരപ്രകാരമുള്ള ലളിതമായ വിവാഹചടങ്ങുകള്‍ നടന്നത്.
മൂന്നുവര്‍ഷം മുമ്ബു സൈപ്രസിലെ സിഎല്‍ടി യൂറോ കോളജില്‍ എംബിഎ വിദ്യാര്‍ത്ഥിയായി റെനോ എത്തുന്നതോടെയാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. അവിടെ ബിബിഎ വിദ്യാര്‍ഥിയായിരുന്നു മരിയ. വിവാഹത്തിനു മരിയയോടൊപ്പം അമ്മയും അടുത്ത ബന്ധുവും നേരത്തേ എത്തിയിരുന്നു. തിരുവനന്തപുരത്തു വിദേശ ബാങ്കുകളുടെ കരാര്‍ ജോലി ചെയ്യുന്ന റെനോ വിദേശത്തു താമസമാക്കാനാണ് ഉദ്ദേശിക്കുന്നത്.