ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: അമ്മ മരിച്ചത് മനസിലാക്കാന്‍ സാധിക്കാതെ മാനസികരോഗമുള്ള മകന്‍ ഫ്ലാറ്റില്‍ മൃതദേഹത്തോടൊപ്പം താമസിച്ചത് നാലു ദിവസം. കൊല്‍ക്കത്തയിലെ പൈകപ്പാറ പ്രദേശത്താണ് സംഭവം നടന്നത്. അനിര്‍ഭാന്‍ എന്ന വ്യക്തിയാണ് അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ഹൃദയാഘാതം മൂലമാണ് ഇയാളുടെ അമ്മ മരിച്ചത്. എന്നാല്‍ അമ്മ മരിച്ചു കിടക്കുകയാണെന്ന് ഇയാള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ താഴത്തെ നിലയില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് അറുപതു വയസുകാരിയായ മിത്ര ബാസു മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ മകനായ അനിര്‍ഭാന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മ മറ്റൊരു മുറിയില്‍ ഉറങ്ങുയാണെന്നാണ് അനിര്‍ഭാന്‍ പറഞ്ഞത്.
ഭര്‍ത്താവിനും മകനുമൊപ്പമായിരുന്നു മിത്ര ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. ശേഷം മകനും മിത്രയും മാത്രമായിരുന്നു ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. അച്ഛന്റെ മരണശേഷമാണ് അനിര്‍ഭാന് മാനസികരോഗം ഉണ്ടായത്. മിത്ര ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും മൃതദേഹത്തില്‍ മറ്റു മുറിവുകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അമ്മയും മകനും അധിക സമയവും ഫ്ലാറ്റില്‍ തന്നെയാണ് സമയം ചിലവഴിക്കാറെന്ന് മറ്റു താമസക്കാര്‍ പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കി അമ്മയും വീട്ടിനുള്ളില്‍ തന്നെ കഴിയും.
ഭര്‍ത്താവ് മരിച്ചതിനുശേഷം ഇവര്‍ ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന സ്ഥലവും മറ്റു വസ്തുക്കളും വിറ്റാണ് ചെലവുകള്‍ നടത്തിയത്. മിത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊണ്ടുപോയതിനുശേഷം പൊലീസ് അനിര്‍ഭാനെ വീട്ടില്‍ തനിച്ചു നിര്‍ത്തി എന്ന് അയല്‍വാസികള്‍ ആരോപണം ഉന്നയിച്ചു.
ബന്ധുക്കള്‍ എത്തിയാല്‍ ഇവര്‍ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് പൊലീസ് പറഞ്ഞു. അനിര്‍ഭാന് വേണ്ട ഭക്ഷണം വാങ്ങിക്കൊടുത്തതായും പൊലീസ് പറഞ്ഞു. ചടങ്ങുകള്‍ക്കു ശേഷം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കുമെന്നും പൊലീസ് പറഞ്ഞു.