ജോണ്‍സണ്‍ ചെറിയാന്‍.
എഞ്ചിനിയറിങ് ബിരുദം കഴിഞ്ഞ് കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍ തുരുവില്വാമല പാമ്പാടി സ്വദേശി ഷിഹാബ്. എഞ്ചിനിയറിങ്ങിന്റെ ലോകത്തു നിന്ന് മണ്ണിന്റെ മണവും ഗുണവുമറിഞ്ഞ് കാര്‍ഷിക ജോലികള്‍ ചെയ്യുകയാണിപ്പോള്‍ ഷിഹാബ്.
പാരമ്ബര്യമായി കൃഷിക്കാരുടെ കുടുംബമാണ് ഷിഹാബിന്റേത്. ജോലി തേടി അലഞ്ഞ് തളര്‍ന്നപ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങാം എന്ന ചിന്തയില്‍ ഷിഹാബെത്തുന്നത്. പിന്നെ മടിച്ചില്ല. പിതാവ് യൂസഫിന്റെ പാടശേഖരത്തേക്ക് ഈ ഇരുപത്തി മൂന്നുകാരനും ഇറങ്ങി.
പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ എഞ്ചിനിയര്‍ ആയി ഷിഹാബ് ജോലി ചെയ്തിരുന്നു. കോണ്‍ട്രാക്‌ട് കഴിഞ്ഞപ്പോള്‍ ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. എന്നു മാത്രമല്ല ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി അമ്ബതിനായിരം രൂപ നല്‍കിയെങ്കിലും അവിടെയും കബളിപ്പിക്കപ്പെട്ടു. ഇനി കബളിപ്പിക്കലുകള്‍ക്ക് ഇടവരുത്തില്ലെന്ന് തീരുമാനിച്ചാണ് ഷിഹാബ് കൃഷിയിലേക്കിറങ്ങിയത്.
മൂന്നേക്കര്‍ പാടശേഖരത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒപ്പം വീടിനോട് ചേര്‍ന്നുള്ള ഒരേക്കറില്‍ വാഴക്കൃഷിയും ഇടവിളയായി ചേമ്ബും കൃഷി ചെയ്യുന്നു. ഷിഹാബിന്റെ വീട്ടുമുറ്റത്ത് ഗ്രോ ബാഗിലായി മുളകും വഴുതിനയും തക്കാളിയും കൃഷി ചെയ്യുന്നുണ്ട്.
1700 വാഴകളാണ് കൃഷിയിടത്തിലുള്ളത്. പന്നിയാണ് കൃഷിയിടത്തില്‍ ഷിഹാബിന്റെ മുഖ്യശത്രു. ഏകദേശം അമ്ബത് സെന്റിലുള്ള ചേമ്ബ് കൃഷി പന്നി കിളച്ച് മറിച്ചു കളഞ്ഞു.
കൃഷിയില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്ന് ഷിഹാബ് പറയുന്നു. ഇനി ജോലിക്ക് വേണ്ടി അലയില്ല. എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട് ജോലി കിട്ടുകയാണെങ്കില്‍ അതോടൊപ്പം കൃഷിയും മുന്നോട്ടു കൊണ്ടുപോകും. ഷിഹാബിന്റെ ആഗ്രഹങ്ങള്‍ക്ക് ഉമ്മയും രണ്ട് അനുജത്തിമാരും ഉപ്പയ്ക്കൊപ്പം എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നു. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പക്കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ഷിഹാബിപ്പോള്‍.