മിലാല്‍ കൊല്ലം.
ചെറുപ്പം മുതലെ ഫിലിമിനോഡ് ഭയങ്കര സ്നേഹമാണു. ഞാൻ പഠിച്ച സ്കൂളിന്റെ തൊട്ടപ്പുറത്ത് സിനിമാ കൊട്ടക ആയിരുന്നു. അപ്പോൾ അവിടെ ചെറിയ ഫിലിം മുറിച്ച് കളയുന്നത് കിട്ടും. അതെടുത്തു വച്ചിട്ട് തിരിച്ചും മറിച്ചും നോക്കും വല്ലതും ഉണ്ടോ എന്ന്.
എന്റെ അഭിപ്രായത്തിൽ സാധാരണക്കാരിൽ സാധാരണക്കാരായ ആൾക്കാർക്ക് വായനാശീലം കൂട്ടാൻ സിനിമകളുടെ നോട്ടീസ് വളരെ പ്രയോജനം ചെയ്തിരുന്നു. അതുപോലെ സിനിമകളുടെ പാട്ടുപുസ്തകവും പ്രയോജനം ചെയ്തിരുന്നു.
ഉദാഹരണം. ഒരക്ഷരവും വായിക്കാൻ അറിയാത്തവരും സിനിമ പോസ്റ്റർ വായിക്കുമായിരുന്നു. ഹിന്ദിയിൽ ഇരുപത് വരെ എണ്ണാൻ പറഞ്ഞാൽ അറിയാത്തവർ. ഏക്ക് ദോ തീൻ….ചാർ പാഞ്ചേ സാത്താട്ട് പാട്ട് ഭംഗിയായി പാടും.
കൊച്ചിലെ തയ്യൽ കടയിൽ നിൽക്കുമ്പോൾ സിനിമ പരസ്യം പറഞ്ഞു കൊണ്ട് കാറുവരും. ഞാൻ ചെന്ന് നോട്ടീസ് ചോദിച്ചാൽ തരില്ല. എന്നാൽ ചില സ്ഥലത്ത് ചെല്ലുമ്പോൾ നോട്ടീസ് ഒരുപാട് വാരി എറിഞ്ഞുകൊണ്ട് പോകുകയും ചെയ്യും. എനിക്ക് നോട്ടീസ് തരാത്തത് കാണുമ്പോൾ തയ്യൽ മേശിരി വിളിച്ച് പറയും ഒരു നോട്ടീസ് അങ്ങ് കൊടുക്കാൻ. അങ്ങനെ തരും. അന്നും മേശിരിക്ക് അറിയുമായിരുന്നു. കുട്ടികൾ വായിച്ച് തെളിയുന്നത് ഈ നോട്ടീസ് വായനയിൽ കൂടി ആണെന്ന്.
അത് കഴിഞ്ഞ് കൊട്ടിയത്ത് മെഡിക്കൽ സ്റ്റോറിൽ നിൽക്കുമ്പോൾ സിനിമാ വിളിച്ചു പറയുന്ന അണ്ണൻ കടയിൽ വരുമായിരുന്നു. നാളെ വിളിച്ചു പറയിൽ ഉണ്ടെങ്കിൽ ഇന്ന് വന്ന് തൊണ്ട ശരിയാകുവാനുള്ള ഗുളിക വാങ്ങി കഴിക്കുമായിരുന്നു. ഞാൻ അപ്പോൾ പഴയ നോട്ടീസ് തരാത്ത കാര്യങ്ങൾ പറഞ്ഞിട്ട് പറയും. വേണമെങ്കിൽ കാറിൽ ഇരുന്ന് വിളിച്ച് പറയാൻ പറ്റാത്ത ഗുളിക ഉണ്ട് അത് തരും. അപ്പോൾ ചിരിയാണു.
ഞാൻ നിന്ന കടയോട് ചേർന്നായിരുന്നു പൂട്ടികിടക്കുന്ന കൊട്ടിയം ആനന്ദ തീയറ്റർ. വർഷങ്ങൾ ആയി പൂട്ടിയിട്ട്. എങ്കിലും കണ്ടം വച്ച കോട്ടിന്റെയൊക്കേ നോട്ടീസ് അവിടെ കിടക്കുന്നത് കണ്ടിട്ടുണ്ട്.
ആ തീയറ്റർ ഉണ്ടായിരുന്ന കാലത്ത് അവിടെ ഫിലിം വിടുന്ന നാണപ്പൻ ചേട്ടൻ മെഡിക്കൽ സ്റ്റോറിൽ സ്ഥിരം വരും. ആസ്ത്മായുടെ അസുഖം ഉണ്ടായിരുന്നു അദ്ദേഹത്തിനു. അദ്ദേഹം കടയിൽ വരുമ്പോൾ ഞങ്ങൾ പറയും. നാണപ്പൻ ചേട്ടൻ പറഞ്ഞാൽ കേൾക്കാത്ത നടന്മാരെയും നടിമാരെയും വെട്ടി മാറ്റി വയ്ക്കുമെന്നു പറയുന്നു നേരാണോ?
അപ്പോൾ പറയും അന്ന് വെട്ടി മാറ്റുന്നതിനെക്കാൾ പാടാണു വെട്ടി മാറ്റിയത് സെക്കന്റ് ഷോയ്ക്ക് കൂട്ടി ചേർക്കുന്നത്.
അന്നത്തേ കാലത്ത് രാത്രി കടയും പൂട്ടി അവസാനത്തേ ബസും കാത്ത് കൊട്ടിയം ജംഗ്ഷനിൽ നിൽക്കും. ആ ബസില്ലെങ്കിൽ പിന്നെ മയ്യനാട്ടേയ്ക്ക് നടക്കണം.
പക്ഷേ ഞാൻ നടക്കാനൊന്നും പോയില്ല. ആ കാലത്ത് എന്റെ വീട്ടിനു കിഴക്കു വശം താമസിചിരുന്ന ഒരാൾ ആയിരുന്നു കൊട്ടിയം വിനോദ് എന്ന സിനിമാ തീയറ്ററിൽ ഫിലിം വിട്ടിരുന്നത്. ബസില്ലാതെ വരുമ്പോൾ ഞാൻ നേരേ ആ സിനിമ തീയറ്ററിൽ ചെല്ലും അപ്പോൾ തന്നെ അദ്ദേഹം എന്നെ പിടിച്ച് തീയറ്ററിനകത്തിരുത്തി ഒരു സിനിമയും കാണിച്ച്. സിനിമ കഴിഞ്ഞ് അദ്ദേഹം പോകുന്ന സൈക്കിളിൽ എന്നെയും കൂടി കൊണ്ടു പോകുമായിരുന്നു. അദ്ദേഹം ഇപ്പോൾ ജിവിച്ചിരുപ്പില്ല. അദ്ദേഹത്തിനു എന്റെ പ്രണാമം.