ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ കാര്‍ ഉടമ അറസ്റ്റില്‍. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ ഡിവൈഎസ്പി ഓഫിസിനു സമീപം പൈനാടത്തു വീട്ടില്‍ നിര്‍മല്‍ ജോസാണ് അറസ്റ്റിലായത്. എന്നാല്‍ ആബുലന്‍സിനു പൈലറ്റ് പോയതാണെന്ന വിചിത്ര മൊഴിയാണ് നിര്‍മ്മല്‍ ജോസ് പൊലീസിന് നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാള്‍ മൊഴി നല്‍കി. അതേസമയം, സംഭവത്തില്‍ നിര്‍മലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.
ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെയാണ് വഴിനല്‍കാതെ നിര്‍മ്മല്‍ ജോസ് ബുദ്ധിമുട്ടിച്ചത്. കെഎല്‍ 17 എല്‍ 202 നമ്ബറിലുള്ള ഫോര്‍ഡ് കാറാണ് വഴിമുടക്കിയത്.
ആംബുലന്‍സിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലന്‍സ് ഡ്രൈവര്‍ പി.കെ. മധു ആശുപത്രിയിലേക്കു പുറപ്പെട്ടത്.ആംബുലന്‍സിലുണ്ടായിരുന്ന സഹായിയാണ് കാര്‍ വഴിമുടക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ഇതുസഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ ആശുപത്രി സൂപ്രണ്ടും പൊലീസിന് പരാതി നല്‍കി.