പദ്മശ്രീ കെ വിശ്വനാഥൻ 1956 ൽ തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച മിത്രാനികേതൻ സ്കൂളിന് വായനശാല നിർമ്മിച്ച് നൽകി കലാവേദി പ്രവർത്തകർ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുന്നു. 215 ഓളം പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന അരുവിക്കരയിലെ വിശാലമായ 65 ഏക്കറിൽ പടർന്നുകിടക്കുന്ന കാമ്പസിലാണ് വായനശാല നിർമ്മിക്കുന്നത്. നിലവിലുള്ള ഒരു പഴയ ഹോസ്റ്റൽ കെട്ടിടമാണ് ആധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള വായനശാലയായി പരിണമിക്കുന്നത്.
അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരേ സമയം കുറഞ്ഞത് 50 കുട്ടികൾക്ക് വായനശാലയുടെ പ്രയോജനം ഉപകാരപ്പെടുത്താവുന്നതാണ്. ഏറ്റവും ആധുനികസൗകര്യങ്ങളോടെ ക്രമീകരിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴി കുട്ടികൾക്ക് ഓൺലൈൻ സബ്സ്ക്രിപ്ഷൻ / ഡൗൺലോഡിങ്ങ് സൗകര്യങ്ങൾ ഉണ്ടാവുന്നതാണ്. ഏതാണ്ട് പത്തുലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
1956 ലാണ് വിശ്വനാഥൻ മിത്രനികേതൻ സ്ഥാപിച്ചത്. മലബാർ പ്രദേശത്തുള്ള ഗോത്രവിഭാഗത്തിൽപെട്ട കുട്ടികളെ കൊണ്ടുവന്ന് താമസിപ്പിച്ച് വിദ്യാഭ്യാസം നൽകിയാണ് തുടക്കം. ആദ്യകാലത്ത് വളരെ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും വിശ്വനാഥന്റെ ഇച്ഛാശക്തിക്ക് മുൻപിൽ എതിർപ്പുകൾ മുട്ട് മടക്കി. മഹാത്മാഗാന്ധിയുടെയും, ടാഗോറിന്റെയും ദർശനങ്ങൾ വിശ്വനാഥന് ഊർജ്ജവും കരുത്തും നൽകി. ശാന്തിനികേതൻ മാതൃകയിലാണ് മിത്രനികേതൻ കാമ്പസിന്റെ ഘടന.
ഇവിടെ പഠിക്കുന്ന കുട്ടികളിൽ തൊണ്ണൂറു ശതമാനവും ഇവിടെത്തന്നെ താമസിച്ചു പഠിക്കാൻ മതിയായ ഹോസ്റ്റൽ സകാര്യമുണ്ട്. 60 വർഷങ്ങൾക്കു മുൻപ് നട്ടുവളർത്തിയ മരങ്ങൾ മരക്കൂട്ടങ്ങളായി ആകാശത്തോളം വളർന്നുയർന്നു പന്തലിച്ചു നിൽക്കുന്നു. എങ്ങും പ്രശാന്തത നിറയുന്ന കാമ്പസിൽ കുട്ടികളുടെ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്നു. ലാറിബേക്കർ രീതിയിലാണ് കെട്ടിടങ്ങളുടെ നിർമിതി. തുറന്ന ക്ലാസ് മുറികളാണ്. സ്വകാര്യസ്ഥാപനമായതിനാൽ സർക്കാർ വക സൗജന്യങ്ങളോ സാമ്പത്തിക സഹായങ്ങളോ ഇല്ല. എന്നാൽ, പുറം രാജ്യങ്ങളിലുള്ള ചില സ്ഥാപനങ്ങളും വ്യക്തികളും നല്‌കുന്ന സഹായങ്ങൾ കൊണ്ടാണ് മിത്രാനികേതൻ പ്രവർത്തിക്കുന്നത്.
സ്റ്റുഡന്റസ് എക്സ്ചേഞ്ച് പദ്ധതികളും ഉള്ളതിനാൽ ചില യൂറോപ്യൻ രാജ്യങ്ങളിലെ സ്കൂൾ / കോളേജ് കുട്ടികൾ അവധിക്കാലത്ത് ഇവിടെ വന്നു താമസിച്ച് കുട്ടികൾക്ക് തൊഴിൽ പരിശീനലനം നൽകി വരുന്നു. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായുള്ള ഇത്തരം പദ്ധതികൾ ഇരു കൂട്ടരുടെയും മാനസികവും വ്യക്തിത്വപരവുമായ വികാസത്തിന് വഴിയൊരുക്കുന്നു. മറ്റു സ്കൂൾ സിലബസുകളിൽ നിന്നും വേറിട്ട പഠനസംവിധാനങ്ങൾ ആണ് മിത്രാനികേതന്റെ പ്രത്യേകത.
2004 മുതൽ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാവേദി ഇന്റർനാഷണൽ എന്ന കലാ സാംസ്‌കാരിക സംഘടനയാണ് ഈ വായനശാലയുടെ നിർമാണത്തിന് ആവശ്യമായ തുക നൽകുന്നത്. മുൻപും മിത്രാനികേതന് കലാവേദി ധനസഹായം നൽകിയിരുന്നു. നവംബർ 4 നു ന്യൂ യോർക്കിൽ അരങ്ങേറുന്ന കലോത്സവത്തിൽ നിന്നും സമാഹരിക്കുന്ന പണം പൂർണമായും ഈ പദ്ധതിക്കാണ് കലാവേദി ഉപയോഗിക്കുന്നത്. 2006 ൽ കലാവേദി ആരംഭിച്ച ‘ആർട് ഫോർ ലൈഫ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ കലാവേദി നടത്തിവരുന്നത്.
2006 മുതൽ 2011 വരെ ഇടുക്കിയിലെ പട്ടം കോളനി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 150 ലധികം കുട്ടികൾക്കായുള്ള ധനസഹായം, പുസ്‌തകവിതരണം , ബോധവൽക്കരണസെമിനാറുകൾ എന്നിവ നടത്തിവന്നിരുന്നു. തിരുവല്ലയിലെ വൈ എം സി എയുടെ കീഴിലുള്ള പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള വികാസ്ഭവൻ സ്കൂളിന് ധനസഹായം നൽകാനും ആര്ട്ട് ഫോർ ലൈഫ് പ്രോജെക്ടിലൂടെ കലാവേദിക്ക് സാധിച്ചു.
സഹൃദയരായ കലാസ്നേഹികളുടെ സഹായം കൊണ്ട് മാത്രമാണ് ഇത്തരം ചെറിയ പ്രവർത്തനങ്ങൾ നടത്താൻ കലാവേദിക്ക് സാധിക്കുന്നത്. നവംബർ 4 ന് നടക്കാൻ പോകുന്ന കലോത്സവത്തിന്റെ വിജയത്തിനായുള്ള നെട്ടോട്ടത്തിലാണ് കലാവേദി നേതൃത്വം. കലാവേദി ഓൺ ലൈൻ .കോം.