മില്ലാൽ മയ്യനാട്.
ദീപവലിയ്ക്ക് തലെന്നേ ഇലയിൽ ഉണ്ടാക്കുന്ന അപ്പം പുഴുങ്ങി വയ്ക്കുന്നത് വീട്ടിൽ പതിവാണു. എന്നിട്ട് രാവിലെ എടുത്ത് ഒന്നുകൂടി ആവി കയറ്റിയിട്ട് എടുത്ത് ചാവുക്കൾക്ക് ( പിതൃക്കൾക്ക് ) വിളമ്പിയിട്ടാണു ഞങ്ങൾ കഴിയ്ക്കാർ.
ഇത് ചാവുക്കൾക്ക് വിളമ്പുന്നതിനു മുൻപ് ഒരു കിണ്ടിയിൽ വെള്ളവും രണ്ട് പച്ചീർക്കിലും കുറച്ച് ഉമിക്കരിയും വെളിയിൽ ഇറയത്ത് വയ്ക്കും. അതായത് രണ്ട് പച്ചീർക്കിൽ കിണ്ടിയുടെ മുകളിലും ഉമിക്കരി ഒരു കക്ഷണം പേപ്പറിലും. ഇവർ ചാവുക്കൾ വന്ന് പല്ല് തേച്ചിട്ടോക്കയാണു കഴിക്കാൻ തുടങ്ങുന്നത്. പിന്നീട് അതിൽ വെള്ളം കുടഞ്ഞിട്ടാണു ഞങ്ങൾ കഴിക്കുന്നത്.
വീട്ടിൽ അമ്മ അമ്മാമ എന്റെ പെങ്ങൾ പിന്നെ ഞാൻ. എന്റെ കൊച്ചിലെ ആണു കേട്ടോ. ചാവുക്കൾക്ക് വൈയ്ക്കാതെ ആർക്കും തരില്ല. രാത്രിയിൽ എനിയ്ക്ക് ഒരെണ്ണം വേണമെന്നു പറഞ്ഞു പക്ഷേ അമ്മയും അമ്മാമയും തന്നില്ല അത് അങ്ങനെ കഴിച്ചു കൂടാ ചാവുക്കൾ കോപിയ്ക്കും എന്നോക്കെ പറഞ്ഞു. അങ്ങനെ എല്ലാവരും ഉറങ്ങി.
എന്റെ അമ്മാമയുടെ പേർ നാണി എന്നാണു അമ്മയുടത് സരസമ്മ എന്നും. ഞാൻ ഉറങ്ങുന്ന രീതിയിൽ കിടന്നു കൊണ്ട് ഒരു വിളി എടി സരസമ്മേ നാണി എഴുന്നേൽക്ക്. നിങ്ങൾ ആ കൊച്ച് ചോദിച്ചിട്ട് ഒരെണ്ണം കൊടുത്തില്ല അല്ലെ? പിള്ളാർക്ക് കൊടുക്കാതെ ഞങ്ങൾക്ക് എന്തിനാണു? അമ്മയും അമ്മാമയും ഇങ്ങനെ തൊഴുതു പിടിച്ചുകൊണ്ട് നിൽക്കുകയാ. ആദ്യം അമ്മാമ ആരാ? ഞാൻ നിന്റെ തള്ള കാളിയ എന്റെ സംസാരം കേട്ടാൽ മനസിലാകില്ലെ? അമ്മാമ – അത് അമ്മാ കൊടുക്കാം. പാവം അമ്മയുടെയും അമ്മാമയുടെയും നിൽപ്പൊക്കെ ഒന്നു കാണണം. രണ്ടു പേരും ഇന്നു ജീവിച്ചിരിപ്പുല്ല.
( വിഷമിച്ചാണു ഇതെഴുതുന്നത് അത് അങ്ങനെ ആണല്ലോ? സർക്കസിലെ ജോക്കർ എത്ര വിഷമം ഉണ്ടെങ്കിലും നമ്മളെ അറിയിക്കില്ല അവൻ നമ്മളെ ചിരിപ്പിച്ചു കൊണ്ടെ ഇരിയ്ക്കും. )
പിന്നെ അവർ എന്നെ വിളിച്ച് ഒന്നല്ല രണ്ടപ്പം തന്നു.എന്ന് മാത്രമല്ല പെങ്ങളെയും വിളിച്ചുണർത്തി കൊടുത്തു. ഇനി പെങ്ങൾ ആവശ്യപ്പെട്ടില്ലെങ്കിലും കൊടുക്കാതിരുന്നു പ്രശ്നം ആയാലോ.
ദീപാവലി വരുമ്പോഴേല്ലാം ഇത് ഒരു ഓർമ്മയായി കിടക്കും എന്റെ മനസിൽ.
NB. മരിച്ചു പോയ എന്റെ അമ്മയും അമ്മാമയും എന്റെ മക്കളുടെ ദേഹത്ത് എന്നാണാവോ വരുന്നത്.