ജോണ്‍സണ്‍ ചെറിയാന്‍.
നാഗ്പൂര്‍: നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ച കടുവ ഒടുവില്‍ വൈദ്യുതി വേലിയില്‍ കുരുങ്ങി ചത്തു. നാഗ്പൂര്‍ ജില്ലയിലെ അമരാവതി, വാര്‍ധ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പേടി സ്വപ്നമായി മാറിയ കടുവയാണ് പുലര്‍ച്ചെ നാലരയോടെ ചത്തത്. മഹാരാഷ്ട്ര സിന്ധി വിഹരിയിലെ ഭഗവാന്‍ തേക്കാമിലെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ബോര്‍ കടുവ കേന്ദ്രത്തില്‍ പെടുന്ന നാവര്‍ഗോണ്‍ മേഖലയില്‍ നിന്ന് 500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ബ്രഹ്മപുരിയില്‍ ആദ്യമായി കടുവ എത്തിയത്. പ്രദേശവാസികള്‍ക്കും കന്നുകാലികള്‍ക്കും ഇത് ഭീഷണിയായി. കഴിഞ്ഞ ആറു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടരുന്ന് കടുവയെ പിടികൂടാന്‍ വനം വകുപ്പ് നടപടികള്‍ ആരംഭിച്ചു.
അക്രമകാരിയായ കടുവയെ പിടികൂടുന്നതിന് കഴിഞ്ഞ 78 ദിവസങ്ങളിലായി വനത്തിലും കൃഷിയിടങ്ങളിലുമായി 24 മണിക്കൂര്‍ നിരീക്ഷണം വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മാത്രമായി രണ്ടു കോടി രൂപ ചെലവായതായാണ് സര്‍ക്കാര്‍ പറയുന്നത്.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശം അരിച്ചു പെറുക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അവസാനം തന്‍റെ സങ്കേതം തേടി കടുവ 500 കിലോമീറ്റര്‍ താണ്ടി ബോര്‍ വനത്തിന് അടുത്ത് എത്തിയെങ്കിലും വൈദ്യുതി വേലിയില്‍ കുരുങ്ങി ജീവിതം അവസാനിക്കുകയായിരുന്നു.