ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളുരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇതില്‍ രണ്ട് പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടു. ഗൗരി ലങ്കേഷിന്റെ വീടിനുപുറത്തെ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഒരു പ്രതിയുടേത് തന്നെയാണ്. പ്രതിയെ കുറിച്ച് ലഭിച്ച വ്യത്യസ്തങ്ങളായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ബംഗളുരുവില്‍ വാര്‍ത്താസമ്മേളനത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ നെറ്റിയില്‍ കുറിയുണ്ടെന്നും എന്നാല്‍ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ വേണ്ടി ഇട്ടതായിരിക്കാമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൊലപാതകത്തിന് മുന്‍പ് പ്രതികളിലൊരാള്‍ ഗൗരിയുടെ വീടിന്റെ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്വേഷണസംഘം ഉടന്‍ തന്നെ പുറത്തുവിടും. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന് 40 ദിവസം പിന്നിട്ട ശേഷമാണ് കേസിലെ പ്രതികളെ കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഗൗരിയുടെ വധത്തിന് പിന്നില്‍ തീവ്രവലതുപക്ഷ സംഘടനകളാണെന്ന് തുടക്കംമുതല്‍ തന്നെ ആരോപണം ഉണ്ടായിരുന്നു.
ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സംഘം വ്യക്തമാക്കി. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഗൗരിയുടെയും നരേന്ദ്ര ദബോല്‍ക്കറുടെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.