മിലാല്‍ കൊല്ലം.
ഈ അടുത്ത കാലത്ത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ പുറത്തു നിന്ന് രണ്ട് പേർ വന്നു ജോലി ചെയ്യാൻ. അന്ന് വൈകുന്നേരം ആയപ്പോൾ ചായ കുടിക്കാൻ വേണ്ടി സുലൈമാനി ഇട്ടപ്പോൾ ഞാൻ എന്റെ കൂടേ ഉള്ള ആളിനോട് പറഞ്ഞു അവർക്ക് കൂടി ഓരോന്ന് കൊടുക്കാൻ. അങ്ങനെ അവർക്കും കൂടി കൊടുത്തു.
എന്നാൽ പറയുന്നതിനും മുൻപേ അവർ വാങ്ങി കളഞ്ഞിട്ട് അടുത്ത ചായക്കടയിൽ ചായ കുടിക്കാൻ പോയി.
പണ്ടുള്ളവർ പറയുമായിരുന്നു. പോക്കറ്റിൽ പൈസ ഉണ്ടെങ്കിൽ വീട്ടിലെ ഭക്ഷണം ഇറങ്ങില്ലെന്നു.
ഞാൻ ബസിൽ ഓടുന്ന കാലം. മുതലാളി ഓരോ പുതിയ ബസ് എടുക്കും. ആ എടുക്കുന്ന ബസിൽ ഓടിക്കൊണ്ടിരിക്കുന്നവരെ ഇറക്കിയിട്ട് ഞങ്ങൾ ഒരു നാലുപേർ ഉണ്ട്. ഞങ്ങളെ കയറ്റും. അതാണു നടപ്പ്. മുൻപ് ഓടിക്കൊണ്ടിരിക്കുന്നവർക്ക് ജോലി കൊടുക്കും. പക്ഷേ ഇങ്ങനെ ആണു.
അങ്ങനെ കൊട്ടിയം ഇത്തിക്കര ഓയൂർ ആയൂർ അഞ്ചൽ ബസ് രാത്രി വാങ്ങി കൊണ്ടു വന്നു. അടുത്ത ദിവസം രാവിലെ ഞങ്ങൾ ആണു ജോലിക്കാർ. ഞാനാണെങ്കിൽ ആ വഴിക്ക് ആദിച്ചനെല്ലൂർ വരെ മാത്രമേ പോയിട്ടുള്ളു. പിന്നെ അങ്ങോട്ടുള്ള പോയിന്റുകൾ ഒന്നും എനിക്ക് അറിയില്ല. ഇത് ഞാൻ രാത്രി തന്നെ എന്റെ കൂട്ടുകാരൻ കൂട്ടിക്കട ബാബുവിനോട് പറഞ്ഞു. ബാബു എനിക്ക് നല്ലൊരു മനുഷ്യൻ ആയിരുന്നു. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ ബാബു എന്നോട് പറഞ്ഞു. ഇയാൾ മുതലാളിമാരോട് പറയുകയോന്നും വേണ്ടാ. അറിഞ്ഞുകൂടാ എന്ന്. ഇയാൾ കയറി അങ്ങ് ജോലി ചെയ്യണം. സ്ഥലം പറയുന്നവർക്കൊക്കേ റ്റിക്കറ്റ് കീറി കൊടുക്കണം. അറിഞ്ഞുകൂടാത്തതാണെങ്കിൽ വലിയ റ്റിക്കറ്റ് കീറി കൊടുക്കണം അപ്പോൾ യാത്രക്കാർ ഇഞ്ഞോട്ട് പറയും ഇതല്ല ഇത്ര പൈസയുടെ ആണെന്ന് അപ്പോൾ അത് തിരിച്ചു വാങ്ങി അവർ പറഞ്ഞത് കീറി കൊടുക്കണം അത്രെ ഒള്ളു. ഇനി അധവ ഒരു പോയിന്റ് അങ്ങോട്ടോ ഇഞ്ഞോട്ടോ ആയന്ന് കരുതി പ്രശ്നം ഒന്നുമില്ല.
അങ്ങനെ ആ ധൈര്യത്തിൽ അടുത്ത ദിവസം രാവിലെ ആറുമണിക്ക് കൊട്ടിയത്ത് നിന്ന് ബസ് ഓടി തുടങ്ങി. അന്ന് വൈകുന്നേരം അഞ്ചൽ നിന്ന് ആറരമണിക്ക് കൊട്ടിയത്തേക്ക് വിട്ട ബസ്. അധികം ആളൊന്നുമില്ല. എല്ലാവരും കൊട്ടിയത്ത് ഇറങ്ങാൻ ഉള്ള ആളുകൾ ആണു. ആയൂർ കഴിഞ്ഞപ്പോൾ നല്ല ഇരുട്ടായി. യാത്രക്കാരിൽ ഒരാളിനു കരിങ്ങന്നൂരിനു മുൻപ് ഉള്ള ഒരു സ്റ്റോപ്പിൽ ഇറങ്ങണം രണ്ടാംകുറ്റി എന്ന് പറഞ്ഞു. ഞങ്ങൾ നാലുപേർക്കും അറിയില്ല. യാത്രക്കാരൻ പറയുന്നത് കിളിയോട് പറഞ്ഞാൽ മതി അദ്ദേഹം ബെല്ല് അടിച്ചു കൊള്ളും. ഞങ്ങൾക്ക് ചിരി. കാരണം കിളിക്കുമറിയില്ല സ്ഥലം. അപ്പോൾ യാത്രക്കാരൻ പറഞ്ഞു ഞാൻ മുന്നോട്ട് ചെന്ന് ഡ്രൈവറോട് പറയാം. സ്ഥലമാകുമ്പോൾ ഡ്രൈവർ നിർത്തി തരും. അപ്പോഴും ഞങ്ങൾക്ക് ചിരി. ഡ്രൈവർക്കും സ്ഥലം അറിയില്ല. ഈ യാത്രക്കാരനും അവിടെ ഉള്ള ആളല്ല. ബസിൽ ഇരിക്കുന്നവർക്കും അറിയില്ല. അതുമാത്രമല്ല ചെറിയ മഴപെയ്യുന്നത് കൊണ്ട് ബസിൽ കർട്ടൻ ഇട്ടിരിക്കുകയുമാണു. എന്തായാലും ഭാഗ്യത്തിനു റോഡ് വിള കഴിഞ്ഞപ്പോൾ ഒരാൾ കയറി അയാൾ കൃത്യമായി പറഞ്ഞു തന്നു. അവിടെ അദ്ദേഹത്തേ ഇറക്കി. അങ്ങനെ ആ ദിവസം കഴിഞ്ഞു.
അടുത്ത ദിവസവും ഓട്ടം തുടങ്ങി. അന്ന് വൈകുന്നേരം ആറുമണിക്ക് ആയൂർ നിന്ന് അഞ്ചലേക്ക് പോകുന്നു. ബസ് നിറയേ ആൾ. കനത്ത മഴയുണ്ട്. കോഴിപ്പാലം എന്ന സ്ഥലത്ത് ചെന്നപ്പോൾ ഒരു ലോറി നിറയേ തടിയും കയറ്റി കേറ്റം കയറി വരുന്നു. ഞങ്ങൾ ഇറക്കം ഇറങ്ങി ചെല്ലുന്നു. ഞങ്ങളുടെ ഡ്രൈവർ വിചാരിച്ചു ലോറിക്കാരൻ സൈഡ് ഒതുക്കി കൊടുക്കുമെന്ന്. ഈ ലോടും കൊണ്ട് വരുന്ന വണ്ടികൾ സൈഡ് ഒതുക്കില്ല. ഒതുക്കിയാൽ പിന്നെ കയറ്റം കയറാൻ ബുദ്ധിമുട്ടാ. ഞങ്ങളുടെ വണ്ടി നേരേ ഇറങ്ങി ചെന്നു ഇടിക്കും എന്ന് കണ്ടപ്പോൾ ഡ്രൈവർ ഇടത്തോട്ട് ഒറ്റ പിടി വണ്ടി കലങ്ങിൽ തട്ടി നിൽക്കുകയാണു.
മുൻപ് വശത്തേ വാതിൽ വഴി ആളിനെ ഇറക്കം എന്ന് വച്ചാൽ നേരേ താഴേ വയലിൽ പോയി വീഴും. അങ്ങനെ യാത്രക്കാരെ എല്ലാം ഒരു വിധത്തിൽ പുറകിലെ വാതിൽ വഴി രക്ഷപ്പെടുത്തി. പിന്നെട് പുനലൂർ നിന്ന് മാപ്പളക്കലാസിയേ കൊണ്ടു വന്ന് ചെയിൻ ബ്ലോക്കിട്ട് കെട്ടി വലിച്ച് ബസ് നേരേ ആക്കി. ഈ സമയം ഞങ്ങളും മുതലാളിമാരും ഉണ്ടായിരുന്നു. മാപ്പളക്കലാസികൾ ബസ് കെട്ടിവലിച്ച് എടുക്കുമ്പോൾ നല്ല ഒന്നാംതരം തെറി പറയുന്നുണ്ടായിരുന്നു. അങ്ങനെ മുതലാളിമാർക്ക് തെറി കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി.
അടുത്ത ദിവസം ഞങ്ങൾ നാലും ജോലിക്ക് ചെന്നില്ല. ഒരു മുതലളി വന്ന് ഓരോരുത്തരുടെ അടുത്തും പറഞ്ഞു കൊട്ടിയത്ത് ചെല്ലാൻ. എന്റെ മുന്നേ ചെന്ന ആളിനോട് പറഞ്ഞത് കാക്കിയും ഇട്ട് അങ്ങ് ചെല്ലാനാണു. വേറേ ഒരു വണ്ടിയിൽ ഓടാൻ. അങ്ങനെ അയാൾ കാക്കിയുമിട്ട് കൊട്ടിയത്ത് എണ്ണക്കടയിൽ നിൽക്കുന്നു. അയാളോട് എണ്ണക്കട മുതലാളി. എന്ത് വന്നത്? അത് മറ്റേ മുതലാളി പറഞ്ഞു കൊല്ലം വണ്ടിയിൽ ഓടാൻ കാക്കിയുമിട്ട് വരാൻ.
അപ്പോൾ മുതലാളി ഇന്ന് രാവിലെ അഞ്ചൽ വണ്ടിയിൽ ഓടാൻ വരാഞ്ഞത് എന്ത്?
അത് പനിയായിരുന്നു.
ഓ അതുശരി. ഇപ്പോൾ പനി മാറിയോ?
ഇല്ല.
പനിക്ക് മരുന്ന് വാങ്ങിയോ?
അ വാങ്ങി.
ഏത് ഡോക്റ്ററെ കണ്ടു?
അത് ഷിയ ഡോക്റ്ററേ കണ്ടു.
ഏയ് ഷിയ ഡോക്റ്റർ കുട്ടികളുടെ ഡോക്റ്റർ അല്ലെ?
അ നമ്മുടെ തങ്കപ്പെണ്ണനൊക്കേ കാണുന്നത് ഷിയ ഡോക്റ്ററേയ. (തങ്കപ്പെണ്ണൻ മറ്റൊരു ഡ്രൈവർ ആണു)
എന്നാൽ ശരി. പോയി വിശ്രമിക്ക്. ഇനി പനിയെങ്ങാണം മറുകണ്ണിച്ചാലോ?
അത് മറ്റേ മുതലാളി പറഞ്ഞു കാക്കിയും ഇട്ടുകൊണ്ട് വരാൻ.
അത് അവർ അങ്ങനെയൊക്കേ പറയും. ഇപ്പോഴത്തേ പനിയാ മറുകണ്ണിച്ചാൽ വലിയ പ്രശ്നം ആണു. അതുകൊണ്ട് പോയി വിശ്രമം എടു. പനിയോക്കേ തീരുമ്പോൾ ഞാൻ വിളിക്കാം.
അങ്ങനെ അദ്ദേഹം പോയി. അടുത്തത് എന്റെ ഊഴം ആണു. എനിക്ക് അപ്പോഴേ മനസിലായി. ഇത് മുതലാളിമാർ എല്ലാവരും കൂടി എടുത്ത ഒരു നാടകം ആണെന്ന്.
എന്നെ വിളിക്കുന്നത് കൊച്ച് ചെറുക്കൻ എന്നാണു. കൊച്ച് ചെറുക്കൻ എന്ത് വന്നത്? ഇന്ന് രാവിലെ അഞ്ചൽ വണ്ടിയിൽ ഓടാൻ വരാഞ്ഞത് എന്ത്?
ഞാൻ ഒള്ളത് തുറന്ന് അങ്ങ് പറഞ്ഞു. അണ്ണാ അതിൽ എനിക്ക് ഓടാൻ വയ്യ. ആ വഴിയൊക്കേ വലിയ പ്രശ്നം ആണു.
എടാ നിങ്ങൾക്ക് ഓടാൻ വേണ്ടിയല്ലെ ഞാൻ ഈ വണ്ടിയെല്ലാം വാങ്ങുന്നത്. അപ്പോൾ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ ഞാൻ എന്തു ചെയ്യും. നിനക്ക് അറിയുമോ ഇവിടെ ദിവസവും എത്രപേർ ജോലി ഉണ്ടോ എന്ന് ചോദിച്ച് വരുന്നുണ്ടെന്ന്? ഇന്ന് വന്ന ഒർ ആളിനോട് ഞാൻ ചോദിച്ചു അഞ്ചൽ വണ്ടിയിൽ ഓടാമോ എന്ന്? അപ്പോൾ അയാൾ പറയുന്നു എത്ര വേണമെങ്കിലും ഓടാം എന്ന്. നിങ്ങൾക്ക് അതിൽ ഓടാൻ വയ്യ. നിങ്ങൾ ഓടാം എന്ന് പറയുന്ന വണ്ടികളിൽ അവർ നോക്കാം എന്നാണു പറയുന്നത്.
എടാ കൊല്ലം വണ്ടിയിലും ചവറ വണ്ടിയിലുമൊക്കേ ഓടി കയ്യിൽ കുറച്ച് കാശുണ്ട്. അപ്പോൾ പിന്നെ പറയും എനിക്ക് അതിൽ ഓടാൻ വയ്യ. ഇതിൽ ഓടാൻ വയ്യ എന്നൊക്കേ. കയ്യിൽ കാശില്ലെങ്കിൽ നീ ഇവിടെ വരും അണ്ണാ ഞാൻ ഏത് വണ്ടിയിൽ വേണമെങ്കിലും ഓടാം. ഏതെങ്കിലും കൊക്കയിൽ പോയി മറിഞ്ഞാലും പ്രശ്നം ഇല്ല എന്ന് പറയും. അതുകൊണ്ട് നീ പോയി കുറച്ച് വിശ്രമിക്ക്. കയ്യിലെ കാശോക്കേ തീരട്ട് അപ്പോൾ ഞാൻ നിന്നെ അങ്ങോട്ട് വന്ന് വിളിക്കാം. നീ ഇവിടെ വന്ന് നിന്ന് ചോദിക്കണ്ട കാര്യമില്ല.
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണു. ഇന്ന് പല മനുഷ്യരും ഇങ്ങനെ ആണു. ഏത് ജോലിക്ക് വന്നാലും ആദ്യം എന്ത് പണിയും ചെയ്യും. കയ്യിൽ കുറച്ച് പൈസ വന്ന് കഴിയുമ്പോൾ പറഞ്ഞു തുടങ്ങും. എനിക്ക് അത് പറ്റില്ല ഇത് പറ്റില്ല എന്ന്.
ഈ വാക്കുകൾ എണ്ണക്കട അനിലണ്ണൻ എന്നോട് പറഞ്ഞത് അദ്ദേഹം എന്റെ സ്വന്തക്കാരൻ ആയതുകൊണ്ടും. എനിക്ക് ജോലി തന്ന ആൾ ആയതുകൊണ്ടുമാണു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ജോലിക്ക് കയറി. പിന്നെട് മൂന്ന് കൊല്ലത്തോളം അഞ്ചൽ വണ്ടിയിൽ സ്തിരമായി ജോലി ചെയ്തു.
ഞാൻ ഗൾഫിൽ വന്നതിനു ശേഷവും ഈ വാക്കുകൾ എന്നെ പലപ്പോഴും ഓർമ്മിപ്പ്ച്ച് കൊണ്ടിരിക്കും. അതുകൊണ്ട് എന്റെ ആരോഗ്യത്തിനു പറ്റിയ ജോലികൾ ഞാൻ ചെയ്യും.