അമാനുല്ല വടക്കാങ്ങര.
ദോഹ : മുഹമ്മദുണ്ണി ഒളകരക്ക് ഹോണററി ഡോക്ടറേറ്റ്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം ഗള്‍ഫിലും നാട്ടിലും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ടോംഗോയിലെ കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റിയാണ് മുഹമ്മദുണ്ണി ഒളകരക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കിയത്. ദുബൈ ഡബ്ലു ഹോട്ടലില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ പ്രൊഫ. അഫ്താബ് അന്‍വര്‍ ശൈഖും പ്രോ. വൈസ് ചാന്‍സിലര്‍ പ്രൊഫ. രാഗേഷ് മിത്തലും ചേര്‍ന്നാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക വളര്‍ച്ചക്ക് മുഹമ്മദുണ്ണി ഒളകര നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമാണെന്ന് യുണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ പ്രൊഫ. അഫ്താബ് അന്‍വര്‍ ശൈഖ് അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ ഒളകര സ്വദേശിയായ മുഹമ്മദുണ്ണി ഒളകര. യു.എ.ഇയിലും ഖത്തറിലുമായി നാല് പതിറ്റാണ്ടിലേറെ കാലം സജീവമായി സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ്. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍, ഡല്‍ഹി പബ്ലിക് സ്‌ക്കൂള്‍, നേബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍, കംഗാരു കിഡ, എന്നിവയുടെ സ്ഥാപകാംഗമായ അദ്ദേഹം നാട്ടില്‍ ഹൊറൈസണ്‍ സ്‌ക്കൂള്‍, സല്‍ സബീല്‍ പബ്ലിക് സ്‌ക്കൂള്‍, മുണ്ടൂര്‍ അല്‍ അസ്ഹര്‍ പബ്ലിക് സ്‌ക്കൂള്‍, ഫ്‌ളോറന്‍സ പബ്ലിക് സ്‌ക്കൂള്‍, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
സുഹറയാണ് ഭാര്യ, ഷെറീന്‍, റഷീന്‍ എന്നിവര്‍ മക്കളാണ്.
ഫോട്ടോ : കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ പ്രൊഫ. അഫ്താബ് അന്‍വര്‍ ശൈഖും, പ്രോ. വൈസ് ചാന്‍സിലര്‍ പ്രൊഫ. രാഗേഷ് മിത്തലും ചേര്‍ന്ന് മുഹമ്മദുണ്ണി ഒളകരക്ക് ഡോക്ടറേറ്റ് സമ്മാനിക്കുന്നു.