അമാനുല്ല വടക്കാങ്ങര.
ദോഹ : പ്രേക്ഷകരുടെ ഇടനെഞ്ച് പൊള്ളിക്കുന്ന പ്രമേയവുമായി ദുബായില്‍ നിന്നൊരു ഹ്രസ്വചിത്രം- ‘റെഡ്’. ദുബായിലെ മലയാളി മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍, ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം ദുബായിലെ ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പേരില്ലാത്ത മധ്യവയസ്‌കനായ തൊഴിലാളി വൈകിട്ട് ജോലി കഴിഞ്ഞ് ധൃതിയില്‍ പുറപ്പെടുന്നത് എവിടേയ്ക്കാണെന്ന ചോദ്യം എല്ലാവരിലും ഉയര്‍ത്തിക്കൊണ്ടാണ് ‘റെഡ്’ ആരംഭിക്കുന്നത്.
സഹപ്രവര്‍ത്തകരും മറ്റും ഈ യാത്രയെ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍, ഇതിന് പിന്നില്‍ ഒരു പ്രധാന കാരണമുണ്ടായിരുന്നു. അത് പ്രേക്ഷകരുടെ കണ്ണ് നിറയിക്കുന്നു. കാണുന്നവര്‍ക്ക് ഒരിക്കലും ഊഹിച്ചെടുക്കാന്‍ സാധിക്കാത്ത ആ സസ്പെന്‍സാണ് ഈ കൊച്ചു ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം ദുബായിലെ മാധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞവര്‍ഷം അബുദാബിയില്‍ നടന്ന ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ സ്വദേശി അഷ്റഫ് കിരാലൂരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിജു പന്തളം, അലോഷ്യസ് ആന്‍ഡ്രൂസ്, ലിജു തങ്കച്ചന്‍, രഞ്ജിനി രാജന്‍കുട്ടി എന്നിവരോടൊപ്പം ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായ ഒട്ടേറെ തൊഴിലാളികളും വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകരായ തന്‍വീര്‍ കണ്ണൂര്‍, സുജിത് സുന്ദരേശന്‍, ഐജു ആന്റോ എന്നിവരാണ്. ബൈലൈന്‍ മീഡിയ നിര്‍മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംഗീതം: റിനില്‍ ഗൗതം, ശബ്ദലേഖനം: അജയ് ജോസഫ്, ഡിക്സണ്‍ ആലിസ് പൗലോസ്. മെയ്ക്കപ്പ്: സന്തോഷ് സാരംഗ്, ഷിജി താനൂര്‍. എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ശബ്ദവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആസ്റ്റര്‍ ഡിഎം മെഡിക്കല്‍ ഗ്രൂപ്പാണ് ചിത്രത്തെ പിന്തുണയ്ക്കുന്നത്. യൂ ട്യൂബില്‍ ‘റെഡ്’ കാണാം. https://www.youtube.com/watch?v=Ul0dQlOb2TA