സജി വർഗീസ്.
പക്ഷിരാജപുരം മൈസൂരിനടുത്തഹുൻസൂരിലെ വനമേഖല. കാട്ടാനയും കടുവയും പുലിയുമെല്ലാം വിഹരിക്കുന്ന സ്ഥലം. വറ്റാത്ത നീരുറവകൾ. മുളങ്കാടിന്റെ സംഗീതം !. ഓടിക്കളിക്കുന്ന മാൻ കിടാങ്ങൾ. പ്രകാശം കടക്കാത്ത കാട്. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകൾ.
മുതുവാൻ മൂപ്പൻ കണ്ണുകൾ അടച്ചു.നീണ്ട മുടി.. തൂങ്ങിയാടുന്ന കവിളുകൾ.. ആ കണ്ണുകളിൽ സൂര്യതേജസ് തിളങ്ങി നിന്നിരുന്നു.’
പ്രകൃതിയുടെ നിഗൂഢതകൾ അകക്കണ്ണിൽ കാണുവാൻ കഴിയുന്ന ദിവ്യ തേജസ്സ്!
മുതുവാൻ മൂപ്പന്റെ മുൻപിൽ ഒരു കരിമൂർഖൻ വന്നു പത്തിവിടർത്തിയാടി തുടർന്ന് പത്തിയൊതുക്കി സാഷ്ടാംഗമെന്നപോലെ നമസ്ക്കരിച്ചു.മുതുവാൻ മൂപ്പൻ അതിന്റെ തലയിൽ മെല്ലെത്തലോടി. അനുസരണയോടെ അത് ഉൾക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.
ശക്തമായ കാറ്റിൽ കാട്ടുമരങ്ങൾ ഇളകിയാടി. മുളങ്കാടിന്റെ സംഗീതം മുഴങ്ങി കേൾക്കുന്നുണ്ട്. ഇണചേരുന്ന സർപ്പങ്ങൾ പൊടുന്നനെ നിശ്ചലരായി.
പുൽമേട്ടിൽ മേയുന്ന മാൻകിടാങ്ങൾ ഓടിയൊളിച്ചു.
ഒറ്റക്കൊമ്പൻ ഉച്ചത്തിൽ അലറിവിളിച്ചു.
“ദുർനിമിത്തമാ.. ദുർനിമിത്തമാ…” ,നരച്ചു നീണ്ട താടി തടവിക്കൊണ്ട് മുതുവാൻ മൂപ്പൻ പിറുപിറുത്തു.മാനമിരുണ്ടു, തുമ്പിക്കൈകണക്കിന് മഴത്തുള്ളികൾ പതിച്ചു.
പക്ഷിരാജപുരം നദി കരകവിഞ്ഞൊഴുകി. ശക്തമായ മലവെള്ളപ്പാച്ചിൽ.
വനദേവതയ്ക്ക് അഹിതമായതെന്തോ ചെയ്തിരിക്കുന്നു.
“പൊറുക്കണേ ദൈവങ്ങളേ.. ” .മുതുവാൻ മൂപ്പൻ ഭൂമിയെ നമസ്ക്കരിച്ചു കൊണ്ട് വിലപിച്ചു കരഞ്ഞു.
മുതുവാൻ മൂപ്പൻ കരിങ്കല്ലിലെ പീഠത്തിലിരുന്നു. മുന്നിൽ കൈകൂപ്പിക്കൊണ്ട് നീലി നിൽക്കുന്നുണ്ട്.
മുതുവാൻ മൂപ്പന്റെ കണ്ണുകൾ നിറഞ്ഞു.
“ഉനക്കു പോണമെങ്കിൽ പോയ്ക്കോ “
പക്ഷി രാജപുരം ഗ്രാമത്തിലെ പെൺകുട്ടികൾ ഗ്രാമത്തിനു പുറത്തുള്ളവരുമായി വിവാഹം കഴിക്കുവാൻ വനനിയമം അനുവദിക്കുന്നതല്ല. നീലിക്ക് ഗ്രാമത്തിനു പുറത്തുള്ള രഘുവെന്ന യുവാവുമായി ഇഷ്ടത്തിലാണ്. നീലിയെമുതുവാൻ മൂപ്പന് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല. ആയതിനാൽ ആരും അറിയാതെ നീലിയെ അവളുടെ പ്രാണനാഥനോടൊപ്പം പോകുവാൻ മുതുവാൻ മൂപ്പൻ അനുവാദം നൽകി.
വനദേവതയ്ക്ക് മൃഗബലി നൽകുന്ന കരിങ്കൽ തൊട്ടിയിൽനീലി നമസ്ക്കരിച്ചു.
കരിങ്കൽ തൊട്ടിയിലേക്ക് വീണ നീലിയുടെ കണ്ണുനീരിൽ മഞ്ഞൾപ്പൊടി വിതറിയതിനു ശേഷം മുതുവാൻ മൂപ്പൻ വലംവച്ചു.
കാഞ്ഞിരമരത്തിൽ തൂക്കിയിട്ടിരിക്കുന്ന മൺകലം ചെന്നായയുടെ തുടയെല്ലുകൊണ്ട് അടിച്ചു പൊട്ടിച്ചു. ഒരു കന്യക കൂടി ഗ്രാമത്തിന് പുറത്താകുന്നതിന്റെ അടയാളമാണത്.
ചുവന്ന പട്ടുടുത്ത് നീണ്ട മുടിയിഴകൾ, മുട്ടോളംനീളത്തിലുള്ള നരച്ച താടിരോമങ്ങൾ. കണ്ണുകളിൽ സ്ഫുരിക്കുന്നത് ആജ്ഞാശക്തി..
“പോകീൻ… പോകീൻ…. നീയു പുറത്ത്… ” മുതുവാൻ മൂപ്പൻ ബലിക്കല്ലിൽ നെറ്റി കൊണ്ടിടിച്ചു.. നെറ്റിയിൽ നിന്നു മൊഴുകിയ ചുടു ചോര നീലിയുടെ കവിളിൽ തേച്ചുകൊടുത്തു. വനദേവതേ.. അയാൾ പൊട്ടിക്കരഞ്ഞു.
കാട്ടിലെ നദിയുടെ ഒഴിക്കിൽ മുതുവാൻ മൂപ്പന് കിട്ടിയതാണ് നീലിയെ. അയാൾ വനദേവതയെ നോക്കി കണ്ണടച്ചു.സാഷ്ടാംഗം വീണു കിടന്നു.അയാളുടെ ദു:ഖങ്ങളെല്ലാം വനദേവത സ്വീകരിച്ചതായ് തോന്നി.ശക്തിയായ് കാറ്റു വീശി.. ഇടിമിന്നലിൽ കൽമണ്ഡപത്തിന്റെയൊരു ഭാഗം വിണ്ടുകീറി.
“കോപമാ… അമ്മേ… കോപമാ… “
മുതുവാൻ മൂപ്പൻ വനദേവതയെ കുടിയിരുത്തിയ കരിങ്കല്ലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഗ്രാമവാസികൾ ഉണരും മുൻപേ നീലി അവിടെനിന്നും ഓടിപ്പോയി.
മുതുവാൻ മൂപ്പൻ കരിങ്കല്ലിന്റെ ഇരിപ്പിടത്തിൽ ധ്യാനനിരതനായി. അയാളുടെ സുക്ഷുമ്നാനാഡിയിലൂടെ ഊർജ്ജ പ്രവാഹം സഹസ്രാരപത്മം വരെയെത്തി.മൂന്നാം കണ്ണുതുറന്നു.
മുതുവാൻ മൂപ്പന്റെ സുന്ദരിയായ മകളാണ് മയിൽ. മയിലിന് തൊട്ടടുത്ത കുടിലിലെ ചെമ്പനെ ഇഷ്ടമാണ്.മുതുവാൻ മൂപ്പൻ ധ്യാനത്തിനു പോയ സമയത്താണ് ചെമ്പൻ മയിലിനെ കാണുവാൻ കുടിലിലെത്തിയത്.
മയിലിന്റെ താമരയിതളു പോലെയുള്ള നാഭിഭാഗത്ത് ചെമ്പൻ തന്റെ കൈകൾ ചേർത്തു പിടിച്ചു. നിലം മുട്ടുന്ന മയിലിന്റെ കാർകൂന്തൽ അഴിഞ്ഞു വീണു.അവളുടെ കണ്ണുകൾ തിളങ്ങി. ശംഖുപുഷ്പത്തിന്റെ വള്ളികളിലേക്ക് മെല്ലെ കയറിപ്പോകുന്ന പച്ചില പാമ്പു പോലെ ചെമ്പൻ ഇഴഞ്ഞു നീങ്ങുവാൻ തുടങ്ങി.
മുതുവാൻ മൂപ്പന്റ കണ്ണിൽ നിന്നും പ്രകാശ ധാര മയിലിന്റെ മുറിയിലേക്ക് പ്രവേശിച്ചു.
ചെമ്പൻ പെട്ടന്ന് മയിലിനെ വിട്ട് പിന്നോട്ട് ഞെട്ടിമാറി.
ഇരുവർക്കുമിടയിൽ ഫണം വിടർത്തിയാടുന്ന നാഗരാജൻ. ചെമ്പൻ മെല്ലെ മുറിവിട്ട് പുറത്തേക്കിറങ്ങി.
അയാൾ മുതുവാൻ മൂപ്പന്റെ മുന്നിൽ സാഷ്ടാംഗം വീണുകിടന്നു കരഞ്ഞു.
“മാപ്പാക്ക് മൂപ്പനെ.. “
“ഉം… ” ,മുതുവാൻ മൂപ്പൻ അമർത്തി മൂളി.
പുഴയിൽ കല്ലൂർ വഞ്ചിയിൽ തൂങ്ങിയാടി കളിക്കുന്ന കുട്ടികൾ.. പത്തിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള മുപ്പതോളം കുട്ടികൾ. പാരമ്പര്യം നിലനിർത്തേണ്ട തലമുറയെ മുതുവാൻ മൂപ്പൻ പ്രതീക്ഷയോടെ നോക്കിനിന്നു.
“കളി നിർത്ത്,വാങ്കോ “,കുട്ടികൾ കുളി മതിയാക്കി ഈറനോടെ പാഠശാലയിലെ കരിങ്കല്ലിന്റെ വട്ടത്തിലുള്ള ഇരിപ്പിടത്തിലിരുന്നു. അപൂർവ്വയിനം ഒറ്റമൂലികളെക്കുറിച്ചുള്ള പഠനമാണ് നടക്കുന്നത്.
മുതുവാൻ മൂപ്പൻ തന്റെ ചെറിയ ചാക്ക് കെട്ടിൽ നിന്നും സാധനങ്ങൾ പുറത്തേക്കിട്ടു ഓരോന്നായ് കാണിച്ചു കൊടുത്തു. പുലിനഖം, മാൻ കൊമ്പ് ,ആനവാൽ മുതലായവയായിരുന്നുഅതിലുണ്ടായിരുന്നത്.
മുറിയിലെങ്ങും സുഗന്ധം പരന്നു.മുതുവാൻ മൂപ്പൻ ചുവന്ന സഞ്ചിയിൽ നിന്നും രോമാവൃതമായ ആവരണമുള്ള ചെറിയസഞ്ചി പോലുള്ളത് ഉയർത്തിക്കാണിച്ചു.
“കസ്തൂരി, കസ്തൂരി “, കുട്ടികൾ അർത്തുവിളിച്ചു.
അത് രണ്ടായിപിളർന്ന് കറുത്തനിറത്തിലുള്ള ചെറിയതരികളായ കസ്തൂരി കുട്ടികളെ കാണിച്ചുകൊടുത്തു.
മുതുവാൻ മൂപ്പൻ നേപ്പാളിലെ ഹിമ മേഖലയിൽപ്പോയാണ് കസ്തൂരി കൊണ്ടുവരുന്നത്. പന്ത്രണ്ടു വർഷമാകുമ്പോൾ മാനിന്റെ ശരീരത്തിൽ നാഭീ ഭാഗത്ത് മുഴകൾപോലെ കാണുന്നതാണ് കസ്തൂരി. ചില പ്രത്യേക കാലഘട്ടങ്ങളിൽ പൂക്കൾ തിന്നുമ്പോൾ അതിന് ചൊറിച്ചിൽ അനുഭവപ്പെടുകയും മരത്തിൽപ്പോയി ഉരസുകയും ചെയ്യും.മുതുവാൻ മൂപ്പന് കസ്തൂരിയുടെ ഗന്ധം കേട്ടാൽ പെട്ടന്ന് തിരിച്ചറിയുകയും മാൻ ഉരസുന്ന മരത്തിൽ പ്രത്യേകരീതിയിലുള്ള കത്തി ചേർത്ത് വച്ച് കെട്ടും. മാൻ ഉരസുമ്പോൾ കസ്തൂരി മുറിഞ്ഞ് താഴെ വീഴും.കസ്തൂരി പോയ മാൻ മഞ്ഞുകട്ടയ്ക്ക് മുകളിൽ നാഭീ ഭാഗം അമർത്തി കിടക്കും. തുടർന്ന് പന്ത്രണ്ടു വർഷം കഴിയുമ്പോൾ നാഭിഭാഗത്ത് വീണ്ടും കസ്തൂരിയുണ്ടാകും. ഇപ്രകാരം കസ്തൂരി മാനിനെ കൊലപ്പെടുത്താതെയാണ് കസ്തൂരി മുതുവാൻ മൂപ്പൻ സ്വന്തമാക്കുന്നത്.കസ്തൂരി യെക്കുറിച്ചുള്ള തന്റെ അറിവ് വിശദീകരിച്ചതിനു ശേഷം മുതുവാൻ മൂപ്പൻ മെല്ലെയെഴുന്നേറ്റു.
“മഴക്കാറ് വരിന്നീൻ “, മുതുവാൻ മൂപ്പൻ കറുത്തിരുണ്ട മാനത്തേക്ക് നോക്കിപ്പറഞ്ഞു.
മുതുവാൻ മൂപ്പൻ തന്റെ കുടിലിലേക്ക് നടന്നു.വിവിധ തരത്തിലുള്ള പക്ഷികൾ ഒച്ചവച്ചു സ്നേഹപ്രകടനം നടത്തുന്നുണ്ട്. തന്റെ കുടിലിലെത്തി തകരപ്പെട്ടി തുറന്ന് മുറുക്കാൻ ചവച്ചു തുപ്പി.
നാഗരാജൻ ഇഴഞ്ഞു വന്ന് മുതുവാൻ മൂപ്പനെ വലയം വെച്ചു.മുതുവാൻ മൂപ്പൻ പതുക്കെ തലയിൽ തലോടി.
വെള്ളിടി മിന്നി ശക്തമായ മഴ പെയ്തു തുടങ്ങി.നാഗരാജൻ നാഗമാണിക്യം പുറത്തെടുത്ത് മുതുവാൻ മൂപ്പന്റെയടുത്ത് വച്ച് പുറത്തേക്ക് ഇര തേടിയിറങ്ങി.
മുതുവാൻ മൂപ്പന് ഭയങ്കര അസ്വസ്ഥത തോന്നി.
“മയിലേ.. “മുതുവാൻ മൂപ്പൻ നീട്ടി വിളിച്ചു.
“എന്നപ്പാ.. “
“തണ്ണി താ.. “
മയിൽമൺകുടത്തിൽ വെള്ളം കുടിക്കാൻ നൽകി.
മുതുവാൻ മൂപ്പന്റെ ഭാര്യ വല്ലി കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്താൽ മരണമടഞ്ഞത്. നാഗമാണിക്യത്തിന് തന്റെ മരണംവരെ വല്ലിയായിരുന്നു കാവലിരുന്നത്.മുതുവാൻ മൂപ്പൻ അകക്കണ്ണിൽ പലതും കാണുന്നുണ്ട്.
അകക്കണ്ണിൽ കാണുന്നത് സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുമെന്ന മുന്നറിയിപ്പ് മുതുവാൻ മൂപ്പന് ലഭിക്കാറുണ്ട്.
“മൈന… കാട്ടുപെണ്ണിന്റെ സുഗന്ധം ഒന്നു വേറെ തന്നെയാണ് “.ഹരി മൈനയുടെ മടിയിൽക്കിടന്നുകൊണ്ടു പറഞ്ഞു.
മുതുവാൻ മൂപ്പന്റെ വനപ്രദേശത്തു നിന്നും ആദ്യമായാണ് ഒരാൾ എഞ്ചിനീയറിങ്ങിന് പഠിക്കുന്നത്. കാരണം ആറു കിലോമീറ്ററിലധികം നടന്നാണ് അവർ വിദ്യാലയത്തിൽ എത്താറുള്ളത്.
മൈന ഇലക്ടോണിക്സ് എഞ്ചിനീയറിങ്ങ് അവസാന വർഷ വിദ്യാർത്ഥിനിയാണ്.
മൈന മുതുവാൻ മൂപ്പന്റെ ഇളയ സഹോദരി വനശ്രീയുടെ മകളാണ്. തന്റെ ഊരിലെ കരുണനെക്കൊണ്ട് മൈനയെ വിവാഹം കഴിപ്പിക്കാനാണ് മുതുവാൻ മൂപ്പൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മൈന പട്ടണ ജീവിതത്തിന്റെ മാസ്മരിക ലോകത്തിലെ പ്രണയക്കുരുക്കിലകപ്പെട്ടു പോയിരുന്നു.
ഹരി മൈനയെ ചേർത്തു പിടിച്ചു.അവളുടെ നിറുകയിൽ ചുംബിച്ചു.
മുതുവാൻ മൂപ്പന്റെ ഊരിലെ ചന്ദനത്തടിയുടെ ചുവട്ടിൽ മൈന മൈസൂരിൽ നിന്നും കൊണ്ടുവന്ന് നട്ട വലിയ ഇലകളുള്ള വയലറ്റ് കലർന്ന പച്ചച്ചെടിയ ചന്ദനമരത്തെ ചുറ്റിവരിഞ്ഞു പടർന്നു കയറാൻ തുടങ്ങിയിരുന്നു.
ഹരി കാസർഗോഡുള്ള വലിയ കോൺട്രാക്ടറുടെ മകനാണെന്നു മാത്രമേ മൈനക്കറിയൂ. അവൾ ഹരിയോടൊപ്പമുള്ള പരിഷ്ക്കൃത ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
“മൈന,ഞാൻ ഒരു ദിവസം നിന്റെ കുടിലിലേക്ക് വരട്ടെ.. എനിക്ക് നാഗമാണിക്യം കാണണം”.
“അയ്യോ.. മൂപ്പൻ സമ്മതിക്കൂല.. “
എങ്കിലും ഹരിയുടെ നിർബന്ധത്തിനു വഴങ്ങി മൈന മൂപ്പന്റെയനുവാദം വാങ്ങി.
ഹരിയെ മൂപ്പൻ ചെണ്ടകൊട്ടി ചുവന്ന പട്ടു പുതപ്പിച്ചു സ്വീകരിച്ചു.
“ഇത് മൈനാവുടെ സ്ക്കുളിലാള് “.
എല്ലാവരെയും മൂപ്പൻ ഹരിയെപരിചയപ്പെടുത്തി.
മൂപ്പന് ഹരി കൊണ്ടുവന്ന നാടൻ വാറ്റ് ചാരായം നൽകി. മൂപ്പൻ കൂർക്കം വലിച്ചുറങ്ങി.
നാഗരാജൻ പതുക്കെ ഇഴഞ്ഞു വന്നു.പതിവുപോലെ നാഗമാണിക്യം പുറത്തെടുത്ത് മുതുവാൻ മൂപ്പനരികിൽ വച്ചു പുറത്തേക്ക് പോയി.
ഹരി ഒരു കവറിൽ നിന്നും പശുവിൻ ചാണകം പുറത്തെടുത്തു.നാഗമാണിക്യമെടുത്ത് അതിലിട്ടു.
ശക്തിയായ് കാറ്റു വീശി.. വനത്തിനു തീ പിടിക്കുന്നവിധത്തിൽ ശക്തിയായ് കൊള്ളിയാൻ മിന്നി. പക്ഷികൾ കൂട്ടിലൊളിച്ചു.
നാഗരാജൻ തിരിച്ചെത്തി.നാഗമാണിക്യം കാണാതെ കുടിലിലുനു ചുറ്റുംനടന്നു.ഫണം വിടർത്തിയാടി.
ഈ സമയം ഹരിയുടെ കരവലയത്തിലമർന്നു കിടക്കുകയാണ് മൈന.ചന്ദനമരത്തെ ചുറ്റി വള്ളിച്ചെടി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഹരി കാട്ടുതേനിന്റെ മധുരം ആവോളം മോന്തിക്കുടിച്ചു.ഇരുവരും പ്രണയ പരവശരായിക്കിടന്നു.
മയക്കത്തിലാണ്ട മൈനയെ തന്റെ ശരീരത്തിൽ നിന്നു പതുക്കെ മാറ്റി.
ചാണകത്തിൽ നിന്നും നാഗമാണിക്യമെടുത്ത് ബാഗിൽ വച്ചു.
രാത്രി പന്ത്രണ്ടു മണിയാകാറായി നാഗമാണിക്യം തന്റെ വായിലെ അറയിൽ വയ്ക്കേണ്ട സമയമതിക്രമിച്ചതിനാൽ നാഗരാജൻ അക്രമാസക്തനായി.
മുതുവാൻ മൂപ്പനെ കുറെ വട്ടം തന്റെ തല കൊണ്ടുരുമ്മി.
ഹരിയുടെ കാലടികൾ മുതുവാൻ മൂപ്പന്റെ കുടിലിനു മുന്നിൽ നിന്നും തീരാറായ സമയം നാഗരാജൻ ഹരിയുടെ കണങ്കാലിൽ ആഞ്ഞു കൊത്തി.
കരിങ്കല്ലിൽ തന്റെ ഫണം വിടർത്തിയാടി.
നാഗമാണിക്യം കിട്ടേണ്ട സമയം കഴിഞ്ഞതിനാൽ കരിങ്കല്ലിൽ തലതല്ലിച്ചത്തുവീണു.
മുതുവാൻ മൂപ്പൻ ഞെട്ടിയുണർന്നു.
നാഗരാജനെക്കണ്ട മുതുവാൻ മൂപ്പൻ ഹൃദയംപൊട്ടുമാറുച്ചത്തിൽ കരഞ്ഞു.
നാഗരാജന്റെ തൊട്ടപ്പുറത്ത് ഹരിയുടെ മരവിച്ച ശരീരം കിടക്കുന്നുണ്ടായിരുന്നു.
ജയശ്രീയമ്മ മരുന്നുണ്ടാക്കുന്നതിനിടയിൽ തന്റെ കയ്യിലുള്ള പ്ളാസ്റ്റിക്ക് കവറിലേക്ക് മുറുക്കിത്തുപ്പി.
“എന്നിട്ട് മൈനയുടെ കാര്യമെന്തായി?
ഞാനാ കാംക്ഷയോടെ ചോദിച്ചു.
“അവള്ക്ക് പ്രാന്തായി സാർ”.
കുടിലിന്റെ ഇരുട്ടറയിൽ അവൾ കഴിഞ്ഞുകൂടുന്നത് ഞാൻ മനസ്സിൽക്കണ്ടു.
“ഇത് സാർ, മൈനയുടെ മകള് “.
അവരുടെ കൂടെയുള്ള നാലാം ക്ളാസുകാരിയായ മല്ലിയെ ഞാൻ നോക്കി. ജയശ്രീയാമ്മ മരുന്നുണ്ടാക്കുന്നത് നോക്കി പഠിക്കുന്നതിലാണവളുടെ ശ്രദ്ധ.
പത്താം ക്ളാസു കഴിഞ്ഞാലവളെയും പാരമ്പര്യ വൈദ്യ പ്രവൃത്തിയിലേർപ്പെടുത്തുമെന്നാണ് ജയശ്രീയമ്മ പറഞ്ഞത്.
“അത് സാർ, കോൺട്രാക്ടർ, ഹരിയുടെ അച്ഛൻ പറഞ്ഞു നാഗമാണിക്യം തട്ടിയെടുക്കാൻ,
ചാണകത്തിലിട്ടു വച്ചാൽ നാഗരാജൻ നാഗമാണിക്യം കാണൂല “.
ഇത്രയും പറഞ്ഞ് അവർ കണ്ണുകൾ തുടച്ചു.
ഹരി മൈനയുടെയെടുത്തു നിന്നും ആ രഹസ്യം ചോദിച്ചു മനസ്സിലാക്കിയെന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലായി.
മുതുവാൻ മൂപ്പന്റെ സഹോദരിയായജയശ്രീയമ്മ ഹുൻസൂരിൽ നിന്നും എന്റെ ക്വാർട്ടേഴ്സിൽ മൂക്കിന്റെ ദശയ്ക്കുള്ള മരുന്നുണ്ടാക്കുവാനാണ് വന്നത്.
“അടുത്ത മാസം വനദേവതയുടെ ഉത്സവം സാർ, സാർ വരണം ” അവർ പറഞ്ഞു.
തന്റെ സഞ്ചിക്കെട്ടിൽ അവശേഷിച്ച മരുന്നുകൾ പെറുക്കി വെച്ച് തോളിൽ തൂക്കി .അവർ ഓട്ടോറിക്ഷയിൽക്കയറി .മല്ലി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈവീശി.
നാഗമാണിക്യം നഷ്ടപ്പെട്ട നാഗരാജനും മൈനയും മുതുവാൻ മൂപ്പനുമെല്ലാം എന്റെ മനസ്സിലൊരു വേദനയായ് നിറഞ്ഞു നിന്നു.